ശമ്പള വർധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്സുമാർക്ക് പിന്തുണ അറിയിച്ച് നടി സരിത ബാലകൃഷ്ണൻ.
Thiruvananthapuram, 05 മാര്ച്ച് (H.S.) ശമ്പള വർധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്സുമാർക്ക് പിന്തുണ അറിയിച്ച് നടി സരിത ബാലകൃഷ്ണൻ. നഴ്സുമാർക്ക് 40,000 രൂപ ശമ്പളം കൊടുക്കുന്നത് അപകടമാണെന്നും അവരോട് സേവനമാണ് മുഖ്യമെന്ന് പറഞ്ഞ് പട്ടിണിക്കിടാമെന്നും
Saritha Balakrishnan


Thiruvananthapuram, 05 മാര്ച്ച് (H.S.)

ശമ്പള വർധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്സുമാർക്ക് പിന്തുണ അറിയിച്ച് നടി സരിത ബാലകൃഷ്ണൻ. നഴ്സുമാർക്ക് 40,000 രൂപ ശമ്പളം കൊടുക്കുന്നത് അപകടമാണെന്നും അവരോട് സേവനമാണ് മുഖ്യമെന്ന് പറഞ്ഞ് പട്ടിണിക്കിടാമെന്നും സരിത ബാലകൃഷ്ണൻ ഫേസ്ബുക്കില് പങ്കുവെച്ച കുറിപ്പില് പരിഹസിച്ചു.

സരിത ബാലകൃഷ്ണൻ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' നമ്മുടെ സ്വകാര്യ ആശുപത്രി മുതലാളിമാരും സർക്കാരും ഇപ്പോള് വലിയൊരു പ്രതിസന്ധിയിലാണ്. ഈ പാവം മാലാഖമാർക്ക് 40,000 രൂപ ശമ്പളം വേണമത്രേ! എന്തിനാണാവോ ഈ കുട്ടികള്ക്ക് ഇത്രയും വലിയ തുക? മനസ്സിരുത്തി ചിന്തിച്ചാല് ഇതിലൊന്നും ഒരു കാര്യവുമില്ല. അതെ നമ്മള് അവരെ വിളിക്കുന്നത് 'ഭൂമിയിലെ മാലാഖമാർ' എന്നാണ്. മാലാഖമാർക്ക് സ്വർഗ്ഗത്തില് നിന്ന് നേരിട്ട് ഊർജ്ജം കിട്ടേണ്ടതല്ലേ? അവർക്ക് എന്തിനാണ് അരി വാങ്ങാനും പെട്രോള് അടിക്കാനും ഷോപ്പിംഗ് ചെയ്യാനും പണം?

ആശുപത്രിയില് വരുന്ന രോഗികളില് നിന്ന് 'നഴ്സിംഗ് ചാർജ്' ആയി പണം ഈടാക്കുന്നത് നഴ്സുമാർക്ക് കൊടുക്കാനാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില് അതു വലിയ വിവരക്കേടാണ്. അത് ഹോസ്പിറ്റല് മുതലാളിക്ക് പുതിയ ബിഎംഡബ്ല്യു വാങ്ങാനുള്ളതാണ്. അതാണല്ലോ ശരിക്കുള്ള വികസനം! പിന്നെ ഇന്നത്തെ കാലത്ത് 20,000 രൂപ എന്നത് എത്ര വലിയ തുകയാണ്! രാവിലെ ഒരു ചായയും വടയും കഴിച്ചാല് വിശപ്പടക്കാം. ബാക്കി പണം കൊണ്ട് വീട്ടുവാടകയും ലോണും കുട്ടികളുടെ പഠനവും ഒക്കെ സുഖമായി നടത്താം. ഇനി പണം തികയുന്നില്ലെങ്കില് ഹോസ്പിറ്റലിലെ ഐസിയുവിലെ തണുപ്പും ഓക്സിജനും സൗജന്യമായി ശ്വസിക്കാമല്ലോ. ഇതിലും വലിയ എന്ത് ആഡംബരമാണ് അവർക്ക് വേണ്ടത്?

ശമ്പളം കുറവായതുകൊണ്ട് നേഴ്സുമാർ കൂട്ടത്തോടെ ജർമ്മനിയിലേക്കും ഇംഗ്ലണ്ടിലേക്കും പോകുന്നു എന്നാണ് പരാതി. അതൊരു നല്ല കാര്യമല്ലേ? നാട്ടിലെ ചൂടില് നിന്ന് രക്ഷപ്പെട്ട് വിദേശത്തെ മഞ്ഞും തണുപ്പും ആസ്വദിക്കാൻ അവർക്ക് കിട്ടുന്ന അവസരമല്ലേ ഇത്? ഇവിടെ 40,000 രൂപ കൊടുത്താല് പിന്നെ ആരെങ്കിലും നാട് വിടുമോ? പഴയ വീഞ്ഞിന് വീര്യം കൂടും എന്ന് പറയുന്നത് പോലെയാണ് ശമ്പളത്തിന്റെ കാര്യം. 2018-ലെ ശമ്പളം തന്നെ ഇപ്പോഴും വാങ്ങുന്നത് ഒരു നൊസ്റ്റാള്ജിയയാണ്. വിലക്കയറ്റം ഒക്കെ വെറും തോന്നലല്ലേ?

പെട്രോളിന് 100 രൂപ കടന്നതും പലചരക്കിനും പച്ചക്കറിക്കും പൊന്നും വിലയായതും ഒക്കെ നേഴ്സുമാർ എന്തിന് അറിയണം? അവർക്ക് രോഗിയുടെ ബിപി നോക്കി ഇരുന്നാല് പോരെ? ആശുപത്രിയില് കിടക്കുന്ന രോഗികളെ ബുദ്ധിമുട്ടിച്ചു കൊണ്ട് എന്തിനാണീ സമരം എന്ന ചിലരുടെ ചോദ്യം. ശരിയാണ്, നഴ്സുമാർ പട്ടിണി കിടന്നാലും രോഗിക്ക് ഗുളിക കൃത്യസമയത്ത് കിട്ടണം. വിശന്നിരിക്കുന്ന നഴ്സിന്റെ കൈ വിറച്ച് ഇൻജക്ഷൻ മാറിയാലും കുഴപ്പമില്ല, പക്ഷേ ശമ്പളം കൂട്ടാൻ പാടില്ല. അതാണ് നമ്മുടെ സംസ്കാരം!

ചുരുക്കത്തില് പറഞ്ഞാല് നഴ്സുമാർക്ക് 40,000 രൂപ കൊടുക്കുന്നത് അങ്ങേയറ്റം അപകടകരമാണ്. അവർക്ക് കയ്യില് പണം വന്നാല് പിന്നെ അവർ ആത്മവിശ്വാസത്തോടെ നടക്കും, ചോദ്യങ്ങള് ചോദിക്കും. അത് നമ്മുടെ സിസ്റ്റത്തിന് നല്ലതല്ല. അതുകൊണ്ട് 'സേവനമാണ് മുഖ്യം' എന്ന് പറഞ്ഞ് നമുക്ക് അവരെ പട്ടിണിക്കിടാം. എന്നിട്ട് അവർ സമരം ചെയ്യുമ്പോള് 'രോഗികളെ ബുദ്ധിമുട്ടിക്കുന്നു' എന്ന് പറഞ്ഞ് ഒരു ഫേസ്ബുക്ക് പോസ്റ്റും ഇടാം. അതാണല്ലോ ഇവിടുത്തെ രീതി! ഈ പോരാട്ടത്തില് അവർ തനിച്ചല്ല. നഴ്സുമാരുടെ ന്യായാനുസൃതമായ ഈ ആവശ്യത്തിന് എന്റെ പൂർണ്ണ പിന്തുണ. നീതി ലഭിക്കും വരെ അവർക്കൊപ്പം!''

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News