Enter your Email Address to subscribe to our newsletters

Kannur, 05 മാര്ച്ച് (H.S.)
ആറളത്തെ ജനവാസ മേഖലയില് ഇറങ്ങിയ കാട്ടാനകളെ തുരത്തി വനം വകുപ്പ്. ആറളം വന്യജീവി സങ്കേതത്തിലെ ബ്ലോക്ക് 7 ഫാമിലേക്കാണ് വനം വകുപ്പ് രണ്ട് കാട്ടാനകളെ തുരത്തിയത്. വനം വകുപ്പിൻ്റെ 'ഓപ്പറേഷൻ ഗജമുക്തി'യുടെ ഭാഗമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് കാട്ടാനകളെ വിജയകരമായി തുരത്തിയത്.
കണ്ണൂരില് ആറളം പഞ്ചായത്തില് ഇന്നലെയാണ് (മാര്ച്ച് 4) ഓപ്പറേഷന് നടന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജനവാസ മേഖലയിലെത്തിയ ആനകളെയാണ് കാടുകയറ്റിയത്. വന്യജീവികളുടെ ആക്രമണം രൂക്ഷമായതോടെ വനം വകുപ്പ് പ്രത്യേക ഓപ്പറേഷനിലൂടെ മേഖലയില് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടര്ന്ന് ഇന്നലെ വിജയകരമായി ആനകളെ ജനവാസ മേഖലയില് നിന്ന് തുരത്തുകയായിരുന്നു.
മാര്ച്ച് 4ന് രാവിലെയാണ് പ്രത്യേക സംഘം ഓപ്പറേഷന് ഗജമുക്തിയുടെ പ്രവർത്തനം ആരംഭിച്ചത്. രാവിലെ തന്നെ സംഘം പ്രദേശത്ത് രണ്ട് കാട്ടാനകളെ കണ്ടു. ഉച്ചയ്ക്ക് മുമ്പ് ഒരു ആനയെ ഹെലിപാഡ് ഭാഗത്തേക്ക് ഓടിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞു, എന്നാൽ രണ്ടാമത്തേത് ഫാമിന് സമീപത്തെ നീങ്ങുകയായിരുന്നു.
പിന്നീട് തുടർച്ചയായ ശ്രമങ്ങൾക്ക് ശേഷം തളിപ്പാറ വഴി കോട്ടപ്പാറ വേലിയിലൂടെ രണ്ട് ആനകളെയും സംഘം മുന്നോട്ട് ഓടിച്ചു. തുടര്ന്ന് ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തി. വൈകിട്ടോടെ ദിവസത്തെ ദൗത്യം വിജയകരമായി അവസാനിപ്പിച്ചുവെന്ന് വനം വകുപ്പ് പറഞ്ഞു. വയനാട് വനമേഖലയുടെ അതിർത്തിക്കടുത്ത ആറളം ഫാമിലെ ബ്ലോക്ക് 7ലേക്കാണ് വനം വകുപ്പ് ആനകളെ തുരത്തിയത്.
'ഓപ്പറേഷൻ ഗജമുക്തി'
ആനകൾ ജനവാസ കേന്ദ്രങ്ങളിലെത്തി അലഞ്ഞുതിരിയുന്നത് തടയുന്നതിനും താമസക്കാരുടെയും വന്യജീവികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടി രൂപീകരിച്ചതാണ് 'ഓപ്പറേഷൻ ഗജമുക്തി'. ആറളം വന്യജീവി സങ്കേതത്തിലെ വൈൽഡ് ലൈഫ് വാർഡൻ്റെയും കൊട്ടിയൂർ റേഞ്ച് ഓഫിസറുടെയും നേതൃത്വത്തിലാണ് ഓപ്പറേഷൻ നടത്തിയത്. ഓപ്പറേഷന് പിന്നാലെ താമസക്കാരെയും വന്യജീവികളെയും സംരക്ഷിക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ ദൗത്യമെന്ന് അധികൃതർ വ്യക്തമാക്കി.
വനം വകുപ്പിൻ്റെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ, വനം നിരീക്ഷകർ, ആറളം ഫാമിലെ സുരക്ഷാ ജീവനക്കാർ എന്നിവരുൾപ്പെടെ ഏകദേശം 30 പേർ ഓപ്പറേഷനിൽ പങ്കെടുത്തു. ഡ്രൈവിനെ പിന്തുണയ്ക്കാൻ നാല് വനം വകുപ്പ് വാഹനങ്ങളും വിന്യസിച്ചു.
ആറളം പഞ്ചായത്തിൽ നിയമിച്ച ലെയ്സൺ ഓഫിസർമാരുടെ നേതൃത്വത്തിൽ പൊലീസ്, പഞ്ചായത്ത്, ട്രൈബൽ റീഹാബിലിറ്റേഷൻ ആൻഡ് ഡെവലപ്മെൻ്റ് മിഷൻ (TRDM), ആരോഗ്യ വകുപ്പ് എന്നിവയുമായി അടുത്ത ഏകോപനത്തിലാണ് ദൗത്യം നടത്തിയത്. ശേഷിക്കുന്ന കാട്ടാനകളെ കണ്ടെത്തി തുരത്താനുള്ള പ്രവർത്തനം തുടരുമെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR