Enter your Email Address to subscribe to our newsletters

Thiruvanathapuram, 05 മാര്‍ച്ച് (H.S.)
തിരുവനന്തപുരം : നെൽകർഷകരുടെ തീരാദുരിതത്തിന് പരിഹാരമായി സഹകരണ മേഖലയിൽ പാലക്കാട് തുടങ്ങിയ പാലക്കാട് പാഡി പ്രൊക്യുർമെന്റ് പ്രോസസിംഗ് ആൻഡ് മാർക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ലിമി. നം-P-1449 (പാപ്‌കോസ്) നബാർഡിന്റെ ധനസഹായം ലഭിച്ചു.
നബാർഡിന്റെ റൂറൽ ഇൻഫ്രാസ്ട്രകച്ചറൽ ഡെവലപ്പ് മെന്റ് ഫണ്ട് (ആർ.ഐ .ഡി. എഫ് ) പദ്ധതിപ്രകാരമുള്ള 71.81 കോടി രൂപയുടെ ധനസഹായമാണ് പാപ്‌കോസിന് അനുവദിച്ചതെന്ന് സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പത്രകുറിപ്പിൽ അറിയിച്ചു. സർക്കാർ ഗ്യാരന്റിയിലാണ് വായ്പഅനുവദിച്ചിരിക്കുന്നത്.
പാലക്കാട് ജില്ലയിലെ 26 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ ഓഹരി ഉടമകളായി തുടങ്ങിയ പാപ്‌കോസിന്റെ പദ്ധതിക്ക് 13കോടി 70 ലക്ഷം രൂപ ഓഹരിയായി സമാഹരിച്ചിട്ടുണ്ട്. ഇതിനു പുറമേ സര്‍ക്കാരില്‍ നിന്ന് ഓഹരിമൂലധനമായി ഒരു കോടി രൂപയും, സബ്സിഡിയായി ഒരു കോടി രൂപയും അനുവദിച്ചിരുന്നു.
ആലത്തൂര്‍ കണ്ണമ്പ്ര പഞ്ചായത്തില്‍ മാങ്ങോട് വാങ്ങിയ 26.66 ഏക്കര്‍ ഭൂമിയിലാണ് പാപ്കോസിന്റെ ആധുനിക റൈസ് മില്‍ ഉയരുക. ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ച് 20 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്കാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നൂതനമായ സാങ്കേതിക വിദ്യയിൽ അധിഷ്തമായ മില്ലാണ് നിർമ്മിക്കുന്നത് ഇവിടെ പ്രതിദിനം 128 മെട്രിക് ടൺ നെല്ല് സംസ്‌ക്കരിക്കാൻ സാധിക്കും. നെല്ല് സംഭരിക്കുന്ന വെയർഹൗസിന് പകരം ആധുനിക സൈലോകളാണ് ഇവിടെ സ്ഥാപിക്കുക. 2500 മെട്രിക് ടൺ ശേഷിയുള്ള 6 സൈലോകളാണ് സ്ഥാപിക്കുക.
നെല്ലുസംഭരണത്തിൽ പാലക്കാട് മേഖലയിലെ കർഷകർ നേരിടുന്ന പ്രതിസന്ധികൾ മനസിലാക്കിയാണ് സഹകരണമേഖലയിൽ റൈസ് മിൽ സ്ഥാപിക്കുന്നതിന് തീരുമാനിച്ചത്. റൈസ് മില്ലിന്റെ നിർമാണം പൂർത്തികരിച്ച് അരി ജനങ്ങൾക്ക് എത്തിക്കുന്ന രീതിയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഈ മില്ല് പൂർത്തിയാകുന്നതോടെ നെല്ലു സംസ്‌കരണത്തിലും സർക്കാർ ഇടപെടൽ കൂടുതൽ ശക്തമാവുമെന്നും പാപ്‌കോസ് നെൽ കർഷകരുടെ കണ്ണീരൊപ്പുന്ന സ്ഥാപനമായി മാറുമെന്ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S