Enter your Email Address to subscribe to our newsletters

Trivandrum , 05 മാര്ച്ച് (H.S.)
തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്തെ പരിഹസിച്ചുകൊണ്ടും കുറ്റപ്പെടുത്തിക്കൊണ്ടും സംസ്ഥാന സർക്കാർ നൽകിയ പത്രപ്പരസ്യത്തിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം. പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിനെ (PRD) ഉപയോഗിച്ച് സർക്കാർ നടത്തുന്നത് ഹീനമായ പ്രചാരണ തന്ത്രമാണെന്നും ഇതിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി.
'ഇരുണ്ട കാലം' പരസ്യവും വിവാദവും
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, 'ഇരുണ്ട കാലം' എന്ന തലക്കെട്ടോടെയാണ് സിപിഎമ്മും സർക്കാരും പുതിയ ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. യുഡിഎഫ് ഭരണകാലത്തുണ്ടായ വീഴ്ചകൾ വാർത്തകളുടെ രൂപത്തിൽ അവതരിപ്പിച്ചാണ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്. മലയാളം, ഇംഗ്ലീഷ് ദിനപത്രങ്ങളിൽ മുഴുവൻ പേജുകളിലായാണ് ഈ പരസ്യം നൽകിയിട്ടുള്ളത്.
കെഎസ്ആർടിസി അടച്ചുപൂട്ടലിന്റെ വക്കിലായ സാഹചര്യം, സ്കൂളുകൾ അടച്ചുപൂട്ടൽ ഭീഷണിയിലായത്, ലോഡ് ഷെഡിംഗ്, പാഠപുസ്തകങ്ങളുടെ വിതരണം മുടങ്ങിയത്, ട്രഷറി പ്രതിസന്ധി, 18 മാസമായി മുടങ്ങിയ പെൻഷൻ തുടങ്ങിയ കാര്യങ്ങളാണ് പരസ്യത്തിൽ യുഡിഎഫ് കാലത്തെ വീഴ്ചകളായി ചൂണ്ടിക്കാട്ടുന്നത്. ഇതിനു പുറമെ നിലവിലെ സർക്കാരിന്റെ നേട്ടങ്ങളും മറ്റൊരു പേജിൽ നൽകിയിട്ടുണ്ട്.
പ്രതിപക്ഷത്തിന്റെ വിമർശനം
ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് മുൻ സർക്കാരിനെ വ്യക്തിഹത്യ ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു. നേരത്തെ ഉണ്ടായിരുന്ന ഒരു ഗവൺമെന്റിന്റെ നെഗറ്റീവ് വശങ്ങൾ മാത്രം എടുത്തുകാട്ടി സർക്കാർ ചെലവിൽ പരസ്യം നൽകുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. ഇതിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരെക്കൊണ്ട് മറുപടി പറയിക്കും, സതീശൻ മുന്നറിയിപ്പ് നൽകി. ഇതിനെതിരെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആലപ്പുഴയിൽ സംസാരിച്ച കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലും സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. പൊതുപണം ഇത്രത്തോളം ദുരുപയോഗം ചെയ്ത മറ്റൊരു സർക്കാർ കേരളത്തിലുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ മരണശേഷവും അപമാനിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
തിരഞ്ഞെടുപ്പ് ഗോദയിലെ പരസ്യപ്പോര്
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ പിആർഡി നൽകിയ ഈ പരസ്യം ഭരണ-പ്രതിപക്ഷങ്ങൾ തമ്മിലുള്ള പോര് വർദ്ധിപ്പിച്ചിട്ടുണ്ട്. സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ പിആർഡിക്ക് അവകാശമുണ്ടെന്ന് ഭരണപക്ഷം വാദിക്കുമ്പോൾ, ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും പൊതുജനങ്ങളുടെ പണം ഉപയോഗിച്ചുള്ള പാർട്ടി പ്രചാരണമാണെന്നുമാണ് യുഡിഎഫിന്റെ നിലപാട്. വരും ദിവസങ്ങളിൽ ഈ വിഷയം കോടതിയിലേക്കും തിരഞ്ഞെടുപ്പ് കമ്മീഷനിലേക്കും നീങ്ങാനാണ് സാധ്യത.
---------------
Hindusthan Samachar / Roshith K