Enter your Email Address to subscribe to our newsletters

Ernakulam, 06 മാര്ച്ച് (H.S.)
തൊണ്ടിമുതൽ കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യവുമായി എംഎൽഎ ആൻ്റണി രാജു നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടി പ്രോസിക്യൂഷൻ രേഖാമൂലം സമർപ്പിച്ചിട്ടുണ്ട്. പ്രോസിക്യൂഷൻ സമർപ്പിച്ച ഈ വാദങ്ങളുടെ അടിസ്ഥാനത്തിലാകും ഹൈക്കോടതി അന്തിമ നിലപാട് സ്വീകരിക്കുക.
പ്രോസിക്യൂഷൻ്റെ എതിർപ്പ്
കേസിൻ്റെ ഭാഗമായ തൊണ്ടിമുതൽ കൈമാറാൻ കോടതിയിൽ നിന്ന് യാതൊരുവിധ ഉത്തരവുകളും ഉണ്ടായിരുന്നില്ലെന്നും ആൻ്റണി രാജുവിൻ്റെ കൈവശം ഇരുന്നപ്പോഴാണ് കൃത്രിമം നടന്നതെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഈ കാലയളവിൽ തൊണ്ടിമുതലിന്മേൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തിയെന്ന് കൃത്യമായി അറിയാവുന്നത് പ്രതിക്ക് മാത്രമാണ്.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുകയെന്ന രാഷ്ട്രീയമായ ആവശ്യം മുൻനിർത്തി മാത്രമാണ് ശിക്ഷ മരവിപ്പിക്കാൻ ഇപ്പോൾ ആവശ്യപ്പെടുന്നതെന്നും ഇത് അംഗീകരിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. നിയമം സംരക്ഷിക്കാൻ ബാധ്യതയുള്ള ഒരാൾ തന്നെ ഇത്തരം ഒരു പ്രവൃത്തി ചെയ്യുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ഈ സാഹചര്യത്തിൽ ശിക്ഷ മരവിപ്പിക്കുന്നത് സമാന കേസുകളിൽ തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും സർക്കാർ അഭിഭാഷകർ ചൂണ്ടിക്കാട്ടി.
കേസിൻ്റെ പശ്ചാത്തലം
കേരള രാഷ്ട്രീയത്തിലും നിയമവൃത്തങ്ങളിലും വലിയ കോളിളക്കം സൃഷ്ടിച്ച ഒന്നാണ് ആൻ്റണി രാജു ഉൾപ്പെട്ട തൊണ്ടിമുതൽ കേസ്. 1990ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് ലഹരിമരുന്നുമായി പിടിയിലായ ഓസ്ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവത്തോർ സർവല്ലിയുമായി ബന്ധപ്പെട്ടതാണ് കേസിൻ്റെ അടിസ്ഥാനം. ലഹരിമരുന്ന് കടത്താൻ ശ്രമിച്ച വിദേശിക്ക് വേണ്ടി അന്ന് കോടതിയിൽ ഹാജരായത് അഭിഭാഷകനായിരുന്ന ആൻ്റണി രാജുവായിരുന്നു.
പ്രതിയെ ശിക്ഷയിൽ നിന്ന് രക്ഷിക്കുന്നതിനായി പ്രധാന തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചുവെന്നതാണ് പ്രധാന ആരോപണം. വിചാരണ വേളയിൽ കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിയുടെ അടിവസ്ത്രം കോടതി ജീവനക്കാരനായ ജോസിൻ്റെ സഹായത്തോടെ വാങ്ങുകയും അത് വെട്ടിചെറുതാക്കി തിരികെ കോടതിയിൽ ഏൽപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. അടിവസ്ത്രം പ്രതിക്ക് പാകമാകില്ലെന്ന് വിചാരണവേളയിൽ കോടതിയിൽ ചൂണ്ടിക്കാട്ടി സംശയത്തിൻ്റെ ആനുകൂല്യം നേടി പ്രതിയെ വെറുതെ വിടുവിക്കുകയായിരുന്നു. എന്നാൽ പിന്നീട് നടന്ന വിശദമായ അന്വേഷണത്തിൽ തൊണ്ടിമുതലിൽ കൃത്രിമം നടന്നതായി പൊലീസ് കണ്ടെത്തുകയായിരുന്നു.
രാഷ്ട്രീയ ഭാവിക്ക് നിർണായകം
പ്രതിയെ രക്ഷിക്കാൻ അഭിഭാഷകൻ തന്നെ കുറ്റകൃത്യത്തിൽ ഏർപ്പെട്ടത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. പതിറ്റാണ്ടുകൾ നീണ്ട നിയമ നടപടികൾക്കൊടുവിൽ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിലാണ് ഈ കേസിൻ്റെ വിചാരണ പൂർത്തിയായത്. പ്രോസിക്യൂഷൻ അക്കമിട്ടു നിരത്തിയ തെളിവുകൾ അംഗീകരിച്ച കോടതി അദ്ദേഹത്തിന് ശിക്ഷ വിധിച്ചു. തിരുവനന്തപുരം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ആന്റണി രാജുവിൻ്റെ രാഷ്ട്രീയ ജീവിതത്തിൽ ഈ ശിക്ഷാവിധി വലിയ തിരിച്ചടിയായി മാറി.
ജനപ്രാതിനിധ്യ നിയമപ്രകാരം ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികൾക്ക് തങ്ങളുടെ സ്ഥാനം നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. ഈ പ്രതിസന്ധി മറികടക്കുന്നതിനും അടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും ജനവിധി തേടാനുള്ള അവസരം നിലനിർത്തുന്നതിനും വേണ്ടിയാണ് അദ്ദേഹം ശിക്ഷ മരവിപ്പിക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. അതിനാൽ ഹൈക്കോടതിയുടെ ഇന്നത്തെ തീരുമാനം ആൻ്റണി രാജുവിൻ്റെ രാഷ്ട്രീയ ജീവിതത്തിൽ നിർണായകമാകും.
കോടതി അനുകൂല വിധി പുറപ്പെടുവിച്ചാൽ എംഎൽഎ സ്ഥാനം നിലനിർത്താനും അടുത്ത തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാർഥിയായി വീണ്ടും മത്സരിക്കാനും അദ്ദേഹത്തിന് സാധിക്കും. മറിച്ച് അപ്പീൽ തള്ളുകയാണെങ്കിൽ അത് അദ്ദേഹത്തിൻ്റെ രാഷ്ട്രീയ മോഹങ്ങൾക്ക് കനത്ത തിരിച്ചടിയാകും. ശാസ്ത്രീയ തെളിവുകളും കേസിൻ്റെ നാൾവഴികളും ഹൈക്കോടതി വിശദമായി പരിശോധിക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR