Enter your Email Address to subscribe to our newsletters

Kollam, 06 മാര്ച്ച് (H.S.)
നാലാം ശ്രമത്തില് സിവില് സര്വീസ് കൈപ്പിടിയിലാക്കിയ സന്തോഷത്തിലാണ് കൊല്ലം സ്വദേശി സിദ്ധാര്ഥ് എം. ജോയ്. മുൻപ് മൂന്ന് തവണ പരീക്ഷ എഴുതിയെങ്കിലും 2025-ലാണ് പ്രിലിംസ് ആദ്യമായി പാസായത്. പ്രിലിംസ് കടന്ന ആദ്യ വർഷം തന്നെ 271-ാം റാങ്കോടെ സിവില് സര്വീസ് നേടാനും സിദ്ധാര്ഥിനായി.
തയാറെടുപ്പ്
ഉത്തരങ്ങൾ എഴുതുന്ന രീതി മെച്ചപ്പെടുത്താന് സിദ്ധാർഥ് നിരന്തരം ശ്രമിച്ചിരുന്നു. വിവിധ ടെസ്റ്റ് സീരീസുകളുടെ ഉത്തരക്കടലാസുകള് ശേഖരിച്ച് അവയേക്കാൾ മികച്ച രീതിയില് ഉത്തരങ്ങൾ എഴുതി പരിശീലിച്ചു. തയ്യാറെടുപ്പ് തുടങ്ങിയ കാലം മുതൽ പത്രവായനയ്ക്ക് വലിയ പ്രാധാന്യം നൽകി.
ചെറുപ്പം മുതലേ പുസ്തകങ്ങള് വായിക്കുന്ന ശീലമുണ്ടായിരുന്നു. ഇംഗ്ലീഷ് സാഹിത്യം പഠിച്ചതുകൊണ്ട് വായനാശീലം മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചു. പഠനകാലത്തെ ക്വിസ് മത്സരങ്ങളിലെ പങ്കാളിത്തവും പരീക്ഷാ തയ്യാറെടുപ്പിനെ സഹായിച്ചു. കഴിഞ്ഞ നാല് വർഷമായി 'ലീഡ് ഐഎഎസി'ലാണ് സിവില് സര്വീസ് പരിശീലനം നടത്തുന്നത്. അക്കാദമിയില് നിന്നുള്ള നോട്ടുകളും മറ്റ് ജനറല് ബുക്സും കൃത്യമായി റെഫര് ചെയ്തിരുന്നു. മലയാളമായിരുന്നു ഓപ്ഷണല് വിഷയം. ഇന്റര്വ്യൂവിനായി മറ്റ് സ്ഥാപനങ്ങളില്നിന്നും പരിശീലനം നേടി.
പഠനകാലത്തെ താല്പര്യം
സ്കൂളില് പഠിക്കുന്ന കാലത്ത് സിവില് സര്വീസ് നേടണമെന്ന ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും സിവില് സര്വീസ് റാങ്ക് ലിസ്റ്റ് കാണുമ്പോള് ഒരു ആകർഷണം തോന്നിയിരുന്നു. കേരള യൂണിവേഴ്സിറ്റിയില് പിജി ചെയ്യുന്ന സമയത്താണ് സിവില് സര്വീസെന്ന ലക്ഷ്യം മനസ്സിലുദിക്കുന്നത്. പിജിക്ക് ശേഷമാണ് ഗൗരവകരമായ തയ്യാറെടുപ്പ് തുടങ്ങിയത്.
വിദ്യാഭ്യാസം
തിരുവനന്തപുരം മാര് ഇവാനിയോസ് കോളജില്നിന്നാണ് ബിരുദം പൂര്ത്തിയാക്കിയത്. തുടര്ന്ന് കേരള യൂണിവേഴ്സിറ്റിയില്നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില് പിജി നേടി. അവിടെത്തന്നെ പിഎച്ച്ഡി ചെയ്തുകൊണ്ടിരിക്കെയാണ് സെക്രട്ടേറിയറ്റില് ജോലി ലഭിച്ചത്.
കുടുംബം
കൊല്ലം പരവൂരാണ് സ്വദേശം. ഇപ്പോൾ തിരുവനന്തപുരം കുടപ്പനക്കുന്നിലാണ് താമസം. പിതാവ് ജി.എൽ. രാജീവ് ടൂറിസം വകുപ്പില്നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ്. മാതാവ് ദേവി മീന മൃഗസംരക്ഷണ വകുപ്പില് ഉദ്യോഗസ്ഥയാണ്. സഹോദരി ദേവി അഞ്ജന വിദ്യാര്ഥിനിയാണ്.
ഇത്തവണ 958 പേരാണ് ഷോര്ട്ട് ലിസ്റ്റ് ചെയ്തത്. പരീക്ഷാർഥികൾക്ക് കമ്മിഷൻ്റെ ഔദ്യോഗിക വെബ്സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവയിലൂടെ ഫലം പരിശോധിക്കാം. 2025 മെയ് 25-ന് നടന്ന പ്രിലിംസ് പരീക്ഷയോടെയാണ് തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചത്. പ്രധാന പരീക്ഷ (മെയിൻസ്) 2025 ഓഗസ്റ്റ് 22 മുതൽ ഓഗസ്റ്റ് 31 വരെ നടന്നു. അവസാന ഘട്ടമായ ഇൻ്റര്വ്യൂ വഴിയുള്ള പേഴ്സണാലിറ്റി ടെസ്റ്റ് 2026 ഫെബ്രുവരി 27-ന് അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫലം പ്രസിദ്ധീകരിച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR