Enter your Email Address to subscribe to our newsletters

Palakkad, 06 മാര്ച്ച് (H.S.)
പാലക്കാട്: തനിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച പി.കെ ശശിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു. താൻ 'സ്പിരിറ്റ് കച്ചവടക്കാരൻ' ആണെന്ന ശശിയുടെ ആരോപണം തന്റെ പൊതുജീവിതത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്ത ശേഷം പാർട്ടിയുടെ നേതൃത്വത്തിലായിരിക്കും നിയമനടപടികൾ സ്വീകരിക്കുക.
ആരോപണങ്ങൾ തെളിവില്ലാത്തത്; സുരേഷ് ബാബു
തനിക്കെതിരെ സ്പിരിറ്റ് കച്ചവട ആരോപണം ഉന്നയിച്ചവർ അതിനുള്ള തെളിവുകൾ കൂടി പുറത്തുവിടാൻ തയ്യാറാകണമെന്ന് സുരേഷ് ബാബു ആവശ്യപ്പെട്ടു. എന്റെ ജീവിതം പാലക്കാട്ടെ ജനങ്ങൾക്ക് മുന്നിൽ തുറന്ന പുസ്തകമാണ്. ഒരു വ്യക്തി എന്നെ 'സ്പിരിറ്റ്' എന്ന വാക്ക് ഉപയോഗിച്ച് എത്ര ആക്രമിച്ചാലും അത് എന്നെ ബാധിക്കില്ല. എല്ലാ ആരോപണങ്ങൾക്കും മറുപടി പറയേണ്ട ബാധ്യത ജില്ലാ സെക്രട്ടറി എന്ന നിലയിൽ എനിക്കില്ല, അദ്ദേഹം പറഞ്ഞു. ശശിയുടെ ആരോപണങ്ങൾക്ക് ജനങ്ങൾ തന്നെ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശശിയെ പുറത്താക്കിയത് വൈകിയിട്ടില്ല
പി.കെ ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ വൈകിപ്പോയെന്ന് കരുതുന്നില്ലെന്ന് സുരേഷ് ബാബു വ്യക്തമാക്കി. പാർട്ടിയിലെ ഏറ്റവും അവസാനത്തെ നടപടിയാണ് പുറത്താക്കൽ. തെറ്റുകൾ തിരുത്താൻ പാർട്ടിക്കുള്ളിൽ നടപടികൾ സ്വീകരിക്കും. സ്വയം നശിക്കണമെന്ന വാശിയിൽ ഒരാൾ മുന്നോട്ട് പോയാൽ പാർട്ടിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം ശശിയെ ലക്ഷ്യം വെച്ച് പറഞ്ഞു.
പ്രതിപക്ഷത്തിന് മറുപടി
പ്രതിപക്ഷ നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടിയും വി.ഡി സതീശനും പി.കെ ശശിയുടെ വാക്കുകളുടെ വിശ്വാസ്യത അളക്കട്ടെ എന്ന് സുരേഷ് ബാബു പരിഹസിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾക്ക് ശശിയുടെ ഈ ആരോപണം പ്രയോജനപ്പെടുമോ എന്ന് കണ്ടറിയാം. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വ്യക്തികൾക്കല്ല, പ്രസ്ഥാനത്തിനാണ് പ്രാധാന്യമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പാലക്കാട് സിപിഐഎമ്മിലെ വിഭാഗീയതയും പി.കെ ശശിയുടെ പുറത്താക്കലും വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കുമെന്നാണ് സൂചന. എൻ.എൻ കൃഷ്ണദാസ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും പി.കെ ശശിയുടെ നിലപാടുകളെ തള്ളിക്കളഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്.
---------------
Hindusthan Samachar / Roshith K