Enter your Email Address to subscribe to our newsletters

Kannur, 06 മാര്ച്ച് (H.S.)
ഓപ്പറേഷൻ ഗജമുക്തിയുടെ ഭാഗമായി കാട്ടാനയെ തുരത്തല് തുടര്ന്ന് വനം വകുപ്പ്. ആറളം ചോമാനി - ഓടച്ചൽ ജനവാസ മേഖലയില് ഇറങ്ങിയ കാട്ടാനയെയാണ് സ്പെഷല് സംഘം തുരത്തിയത്. ആറളം വന്യജീവി സങ്കേതത്തിലെ ഫാം ബ്ലോക്ക് 13ലേക്കാണ് കാട്ടാനയെ സുരക്ഷിതമായി തുരത്തിയതെന്ന് വനം വകുപ്പ് അധികൃതര് അറിയിച്ചു.
കണ്ണൂരില് ആറളത്ത് ഇന്നലെയാണ് (മാര്ച്ച് 5) ഓപ്പറേഷന് നടന്നത്. ആനപ്പാറ വേലിയിലൂടെ ആനയെ വിജയകരമായി നയിച്ച് സുരക്ഷിതമായി കാട്ടിലേക്ക് തുരത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജനവാസ മേഖലയിലെത്തിയ ആനയെയാണ് കാടുകയറ്റിയത്. വന്യജീവികളുടെ ആക്രമണം രൂക്ഷമായതോടെ വനം വകുപ്പ് പ്രത്യേക ഓപ്പറേഷനിലൂടെ മേഖലയില് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടര്ന്ന് ഇന്നലെ വിജയകരമായി ആനയെ ജനവാസ മേഖലയില് നിന്ന് തുരത്തുകയായിരുന്നു.
ആറളം വൈൽഡ് ലൈഫ് വാർഡിൻ്റെയും കൊട്ടിയൂർ റേഞ്ച് ഓഫിസറുടെയും നേതൃത്വത്തിൽ 25 അംഗ ടാസ്ക് ഫോഴ്സ് ഉൾപ്പെട്ട ദൗത്യമാണിത്. കീഴ്പ്പള്ളി, മണത്തണ, തോലംബ്ര, ആറളം സെക്ഷനുകളിൽ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരും വാച്ചർമാരും ഇരിട്ടി, നരിക്കടവ് സ്റ്റേഷനുകളും സംഘത്തിൽ ഉൾപ്പെടുന്നു. ശേഷിക്കുന്ന കാട്ടാനകളെ പ്രദേശത്ത് നിന്ന് തുരത്താനുള്ള പ്രവർത്തനങ്ങൾ വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ സ്ഥിരീകരിച്ചു.
'ഓപ്പറേഷൻ ഗജമുക്തി'
കേരളത്തില് വന്യജീവികളുടെ സംഘര്ഷം കുറയ്ക്കുന്നതിന് വേണ്ടി രൂപം നല്കിയ സ്പെഷല് ഓപ്പറേഷനാണ് 'ഓപ്പറേഷന് ഗജമുക്തി'. ഇന്നലെ കണ്ണൂർ ജില്ലയില് നടത്തിയ നിരീക്ഷണത്തില് രണ്ട് കാട്ടാനകളെയാണ് വിജയജകരമായി തുരത്തിയത്. സംസ്ഥാന വനം വകുപ്പിൻ്റെ കണക്കനുസരിച്ച്, മാർച്ച് 4ന് രാവിലെ മുതലാണ് ദൗത്യം ആരംഭിച്ചത്. വയനാട് വനമേഖലയുടെ അതിർത്തിയിലുള്ള ആറളം ഫാമിലെ ബ്ലോക്ക് 7നോട് ചേര്ന്ന പ്രദേശങ്ങളിലാണ് സംഘം നിരീക്ഷണം ശക്തമാക്കിയത്. തുടര്ന്നാണ് ആനകളെ വിജയകരമായി തുരത്തിയത്. മൃഗങ്ങളെ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് തുരത്തി കാട്ടിലേക്ക് തിരികെ കൊണ്ടുപോകാൻ വനം ഉദ്യോഗസ്ഥർ ഏകോപിത നടപടികൾ സ്വീകരിച്ചു.
വന്യജീവികളുടെ ആക്രമണങ്ങള് തടയുന്നതിനും പ്രദേശവാസികളുടെ സുരക്ഷയ്ക്കും വേണ്ടി ആരംഭിച്ച പദ്ധതിയാണിതെന്ന് വനം വകുപ്പ് അധികൃതര് അറിയിച്ചു. വനം വകുപ്പിൻ്റെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ, വനം നിരീക്ഷകർ, ആറളം ഫാമിലെ സുരക്ഷാ ജീവനക്കാർ എന്നിവരുൾപ്പെടെ ഏകദേശം 30 പേർ ഓപ്പറേഷനിൽ പങ്കെടുത്തു. ഓപ്പറേഷനെ പിന്തുണയ്ക്കാൻ നാല് വനംവകുപ്പ് വാഹനങ്ങൾ വിന്യസിച്ചിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR