Enter your Email Address to subscribe to our newsletters

Kozhikode, 06 മാര്ച്ച് (H.S.)
മലബാറിൻ്റെ യാത്രാക്ലേശങ്ങൾക്ക് ശാശ്വത പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന കോഴിക്കോട് - വയനാട് നാലുവരി തുരങ്കപാതയുടെ നിർമാണത്തിലെ നിർണായക ഘട്ടത്തിന് തുടക്കമായി. ആനക്കാംപൊയിൽ കള്ളാടി മേപ്പാടി റൂട്ടിൽ വിഭാവനം ചെയ്തിരിക്കുന്ന പാതയുടെ പാറ തുരക്കലിൻ്റെ ഔദ്യോഗിക സ്വിച്ച് ഓൺ കർമം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
സംസ്ഥാനത്ത് കിഫ്ബിയിലൂടെ ഒരു ലക്ഷം കോടി രൂപയുടെ വികസന പദ്ധതികൾക്ക് ധനലഭ്യത ഉറപ്പാക്കി മുന്നേറുന്നതിൻ്റെ ഭാഗമായാണ് നിർമാണത്തിലെ സുപ്രധാന ഘട്ടമായ പാറ തുരക്കൽ ആരംഭിച്ചത്. ആനക്കാംപൊയിൽ മറിപ്പുഴ സ്വർഗം കുന്നിൽ വച്ചാണ് മുഖ്യമന്ത്രി ആദ്യ ബ്ലാസ്റ്റിങ്ങിൻ്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചത്.
കർശന നിയന്ത്രണങ്ങളോടെ നടന്ന ചടങ്ങിൽ മൂന്ന് സൈറണുകൾ മുഴങ്ങിയ ശേഷമാണ് ബ്ലാസ്റ്റിങ് നടന്നത്. എട്ട് കിലോമീറ്ററിലധികം (8.735 കിലോമീറ്റർ) ദൈർഘ്യമുള്ള നാലുവരി തുരങ്കപാതയുടെ നിർമാണ ഉദ്ഘാടനം 2025 ഓഗസ്റ്റ് 31നാണ് മുഖ്യമന്ത്രി നിർവഹിച്ചത്. കേരളത്തിൻ്റെ വികസന പദ്ധതികളിൽ നാഴികക്കല്ലായി മാറാൻ പോകുന്ന തുരങ്കപാത യാഥാർഥ്യമാകാൻ ഇനി നാല് വർഷത്തെ കാത്തിരിപ്പ് മാത്രം.
തുരങ്കപാതയുടെ അവസാന ഭാഗമായ മേപ്പാടി മീനാക്ഷിയിലും നിർമാണ പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ സാങ്കേതികവിദ്യയായ 'കട്ട് ആൻഡ് കവർ' രീതി ഉപയോഗിച്ചാണ് നിർമാണം പുരോഗമിക്കുന്നത്. മണ്ണ് ഓരോ തട്ടുകളായി എടുത്ത ശേഷം മണ്ണിടിച്ചിൽ ഒഴിവാക്കാനായി സിമൻ്റ് മിശ്രിതം പൂശി അടയ്ക്കുന്നതാണ് ഈ രീതി. മലയോര പാതയുടെ ഭാഗമായ മേപ്പാടി - ചൂരൽമല റോഡിൽ നിന്നും ഏതാണ്ട് 140 മീറ്റർ ഉള്ളിലേക്ക് മാറിയാണ് നിലവിൽ പാറ തുരക്കൽ നടക്കുന്നത്. സാങ്കേതിക വിദഗ്ധർ അടക്കം മുന്നൂറോളം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്.
രണ്ടാമത്തെ വലിയ ട്വിൻ ട്യൂബ് തുരങ്കം
കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിച്ച് നിർമിക്കുന്ന തുരങ്കപാത രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ട്വിൻ ട്യൂബ് തുരങ്കമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇത് രാജ്യത്തെ മൂന്നാമത്തെ വലിയ ട്വിൻ ട്യൂബ് ടണലാണെന്നും വിലയിരുത്തലുകളുണ്ട്. ഒരു വലിയ തുരങ്കത്തിന് പകരം സമാന്തരമായി നിർമിക്കുന്ന രണ്ട് പ്രത്യേക തുരങ്കങ്ങളെയാണ് ട്വിൻ ട്യൂബ് എന്ന് വിളിക്കുന്നത്. സാധാരണയായി ഓരോ തുരങ്കവും ഒരു ദിശയിലേക്കുള്ള ഗതാഗതത്തിനായി മാത്രമാണ് ഉപയോഗിക്കുന്നത്. എന്നാൽ ട്വിൻ ട്യൂബിൽ ഒരേസമയം ഇരുദിശകളിലേക്കും തടസമില്ലാതെ വാഹനങ്ങൾക്ക് കടന്നുപോകാം.
ഓരോ ട്യൂബിലും ഒന്നിലധികം വരികൾ ഉണ്ടായിരിക്കും. തുരങ്കത്തിനുള്ളിൽ അപകടമോ തീപിടിത്തമോ ഉണ്ടായാൽ യാത്രക്കാരെ സുരക്ഷിതമായി മാറ്റാൻ ട്യൂബുകളെ ബന്ധിപ്പിച്ച് നിശ്ചിത ദൂരത്തിൽ ക്രോസ് പാസേജുകൾ നിർമിക്കാറുണ്ട്. ആധുനിക ടണൽ ബോറിങ് മെഷീനുകൾ ഉപയോഗിച്ചാണ് മിക്കപ്പോഴും ഇത്തരം ടണലുകൾ നിർമിക്കുന്നത്. വെൻ്റിലേഷൻ, സിസിടിവി കാമറകൾ, ശബ്ദസംവിധാനങ്ങൾ, അഗ്നിശമന സംവിധാനം എന്നിവ ഓരോ ട്യൂബിലും പ്രത്യേകമായി സജ്ജീകരിച്ചിരിക്കും.
നിർമാണ ഘട്ടങ്ങൾ
രൂപകല്പന ചെയ്തതനുസരിച്ച് വിവിധ രീതികളിലാണ് തുരങ്കം കുഴിക്കുന്നത്. പാറകളുള്ള പ്രദേശങ്ങളിൽ ഡ്രിൽ ആൻഡ് ബ്ലാസ്റ്റ് രീതിയാണ് സാധാരണയായി ഉപയോഗിക്കാറുള്ളത്. പാറകളിൽ ദ്വാരങ്ങളിട്ട് സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് പൊട്ടിച്ച ശേഷം അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതാണ് ഈ രീതി. വലിയ തുരങ്കങ്ങൾ നിർമിക്കാൻ ടണൽ ബോറിങ് മെഷീനുകൾ (ടിബിഎം) ഉപയോഗിക്കുന്നു. ഈ യന്ത്രം ഒരേസമയം മണ്ണും പാറകളും തുരക്കുകയും കോൺക്രീറ്റ് ലൈനിങ് സ്ഥാപിക്കുകയും ചെയ്യും. തുരങ്കം നിർമിക്കുമ്പോൾ മണ്ണും പാറകളും ഇടിഞ്ഞുവീഴാതിരിക്കാൻ ഷോട്ട്ക്രീറ്റ് ഉപയോഗിച്ച് ഭിത്തികളിൽ കോൺക്രീറ്റ് പൂശുകയും സ്റ്റീൽ റിങ്ങുകൾ സ്ഥാപിക്കുകയും ചെയ്യും.
അന്തിമ പണികൾ
തുരങ്കം പൂർണമായി കുഴിച്ചുകഴിഞ്ഞാൽ ഉൾവശം കോൺക്രീറ്റ് അല്ലെങ്കിൽ മറ്റ് വസ്തുക്കൾ ഉപയോഗിച്ച് ലൈൻ ചെയ്യും. തുരങ്കത്തിന് കൂടുതൽ ബലം നൽകാനും ജലപ്രവാഹം തടയാനും ഇത് ഉപകരിക്കും. തുടർന്ന് ശുദ്ധവായു ഉറപ്പാക്കുന്നതിനായി വെൻ്റിലേഷൻ സംവിധാനവും, വൈദ്യുതി, വെളിച്ചം, സുരക്ഷാ സംവിധാനങ്ങൾ എന്നിവയും ഒരുക്കും. സിഗ്നൽ സംവിധാനങ്ങൾ, അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ള വഴികൾ എന്നിവയും സജ്ജമാക്കും. അവസാന ഘട്ടമായി വാഹനങ്ങൾക്ക് സഞ്ചരിക്കാൻ തുരങ്കത്തിനകത്ത് റോഡ് നിർമിക്കുന്നതോടെയാണ് പദ്ധതി പൂർണമായും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്.
യാത്രാക്ലേശത്തിന് ശാശ്വത പരിഹാരം
ഈ തുരങ്കപാത യാഥാർഥ്യമാകുന്നതോടെ മലബാറിൻ്റെ വികസന സ്വപ്നങ്ങൾക്ക് പുതിയ മാനങ്ങൾ കൈവരുകയും വയനാടിനെ കേരളത്തിൻ്റെ പൊതുവികസനത്തോട് കൂടുതൽ ചേർത്തു നിർത്താൻ സാധിക്കുകയും ചെയ്യും. കാപ്പി, ഏലം, തേയില തുടങ്ങിയ കാർഷിക വിളകൾ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിലൂടെ സാമ്പത്തിക രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാകും. വയനാട്ടിലേക്ക് എത്തിച്ചേരാൻ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുന്ന ജനങ്ങൾക്ക് പദ്ധതി പൂർത്തിയാകുന്നതോടെ വെറും പത്ത് മിനിറ്റിനുള്ളിൽ അവിടെ എത്തിപ്പെടാൻ സാധിക്കുമെന്നതാണ് ഏറ്റവും വലിയ സവിശേഷത. കർണാടക തലസ്ഥാനമായ ബാംഗ്ലൂരിലേക്കുള്ള യാത്രാദൂരവും ഇതിലൂടെ കുറയും.
ജനങ്ങളുടെ വലിയ സ്വപ്നമായ ഈ പദ്ധതി കിഫ്ബിയുടെയും മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെയും കൂട്ടായ്മയുടെ മികച്ച വിജയമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. ലോകത്തെവിടെയുമുള്ള ഏതൊരു മലയാളിക്കും അഭിമാനം നൽകുന്ന യഥാർഥ ജനകീയ വിജയമാണിതെന്നും, മുപ്പതു വർഷങ്ങൾക്കപ്പുറമുള്ള കേരളത്തെ ഇതിലൂടെ കാണാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR