ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം നൽകിയ ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും
Thiruvananthapuram, 06 മാര്ച്ച് (H.S.) ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡൻ്റുമായ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം നൽകിയ ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്
Rahul manguttathil


Thiruvananthapuram, 06 മാര്ച്ച് (H.S.)

ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡൻ്റുമായ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം നൽകിയ ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. തൻ്റെ ഫോണിൽ നിന്നും പരാതിക്കാരിയുടെ ഫോണിലേക്ക് കോൾ പോകാനിടയായ സാഹചര്യം രാഹുൽ ഇന്ന് കോടതിയിൽ വ്യക്തമാക്കും. കഴിഞ്ഞ തവണ ഈ ഹർജി പരിഗണിച്ചപ്പോൾ കാര്യങ്ങൾ വിശദീകരിക്കാൻ കൂടുതൽ സമയം പ്രതിഭാഗം കോടതിയിൽ നിന്ന് തേടിയിരുന്നു.

പരാതിക്കാരിയെ ഫോൺ വിളിച്ചതിൻ്റെ സ്ക്രീൻഷോട്ട് അടക്കമുള്ള വിവരങ്ങൾ രാഹുൽ തൻ്റെ അഭിഭാഷകന് കൈമാറിയിട്ടുണ്ട്. കേസിൽ പരാതിക്കാരിയെ രാഹുൽ സ്വാധീനിക്കാൻ ശ്രമിച്ചു എന്നതാണ് അന്വേഷണ സംഘത്തിൻ്റെ പ്രധാന വാദം. പരാതിക്കാരിയെയോ മറ്റ് സാക്ഷികളെയോ യാതൊരു കാരണവശാലും സ്വാധീനിക്കാൻ ശ്രമിക്കരുത് എന്നത് പ്രതിക്ക് നൽകിയിട്ടുള്ള പ്രധാന ജാമ്യ വ്യവസ്ഥയാണ്. എന്നാൽ രാഹുൽ ഈ വ്യവസ്ഥ ലംഘിച്ചു എന്നാണ് പൊലീസ് കോടതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഡിജിറ്റൽ തെളിവുകൾ കൈമാറാനോ പാസ്വേഡുകൾ നൽകാനോ അദ്ദേഹം തയ്യാറായില്ലെന്നും അതുവഴി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ക്രൈംബ്രാഞ്ച് നേരത്തെ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

ജാമ്യവ്യവസ്ഥകളുടെ നഗ്നമായ ലംഘനം

ബെംഗളൂരു സ്വദേശിനിയായ ഇരുപത്തിമൂന്നുകാരിയെ ഹോം സ്റ്റേയിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്ന് പറയപ്പെടുന്ന രണ്ടാമത്തെ കേസിലാണ് ഇപ്പോൾ ജാമ്യം റദ്ദാക്കാനുള്ള നീക്കം നടക്കുന്നത്. വ്യവസ്ഥകൾ നഗ്നമായി ലംഘിച്ചുകൊണ്ട് പ്രതി അതിജീവിതയെ വാട്സാപ്പ് കോളിലൂടെ ബന്ധപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്.

കേസിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ട് രാഹുൽ ഫോണിൽ വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തുന്നതായും സ്വാധീനിക്കാൻ ശ്രമിക്കുന്നതായും യുവതി പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. പ്രതിഭാഗം സമർപ്പിക്കുന്ന സത്യവാങ്മൂലം വിശദമായി പരിശോധിച്ച ശേഷമായിരിക്കും കോടതി ഈ വിഷയത്തിൽ ഇന്ന് വാദം കേൾക്കുക.

കേസുമായി ബന്ധപ്പെട്ട് പരാതിക്കാരി കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ കോടതിയിൽ മജിസ്ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി നൽകിയിരുന്നു. ബിഎൻഎസ്എസ് വകുപ്പ് 183 പ്രകാരം ഇൻ-കാമറയായി രേഖപ്പെടുത്തിയ മൊഴിയിൽ, ഹോം സ്റ്റേയിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നും വീട്ടിൽ അതിക്രമിച്ചുകടന്ന് ഉപദ്രവിച്ചെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്.

ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാൻ പ്രതിഭാഗം ശ്രമിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ രാഹുലിൻ്റെ ഫോൺ അടക്കമുള്ളവ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. വാട്സാപ്പ് കോളുകളുടെയും ചാറ്റുകളുടെയും ആധികാരികത ശാസ്ത്രീയമായി തെളിയിക്കേണ്ടത് കേസിലെ തുടർനടപടികൾക്ക് അത്യന്താപേക്ഷിതമാണ്.

തുടരെയുള്ള കേസുകളും നടപടികളും

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇതിനോടകം മൂന്ന് പീഡനക്കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിത ഗർഭഛിദ്രത്തിന് വിധേയയാക്കി, സാമ്പത്തിക ചൂഷണം നടത്തി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നത്. ആദ്യ കേസ് തിരുവനന്തപുരം നേമം പൊലീസായിരുന്നു രജിസ്റ്റർ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസ് വേഗത്തിൽ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുകയും പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു. ഈ സംഭവങ്ങൾക്ക് പിന്നാലെ രാഹുലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) ജാമ്യമില്ലാ വകുപ്പുകളും ഐടി ആക്ട് പ്രകാരമുള്ള കുറ്റങ്ങളുമാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. പത്ത് വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളാണ് എഫ്ഐആറിലുള്ളത്. അതിജീവിതയുടെ ഭർത്താവും രാഹുലിനെതിരെ പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. തൻ്റെ ഭാര്യയെ തെറ്റിദ്ധരിപ്പിച്ച് ചൂഷണം ചെയ്യുകയായിരുന്നുവെന്നും ഒരു ജനപ്രതിനിധി എന്ന നിലയിലുള്ള സ്വാധീനം ഇതിനായി ദുരുപയോഗം ചെയ്തുവെന്നും അദ്ദേഹം ആരോപിക്കുന്നു. സ്വന്തം കുടുംബജീവിതം തകർത്തെന്നും രാഹുലിൻ്റെ ഇടപെടലുകൾ കാരണം തനിക്ക് വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നുവെന്നുമാണ് ഭർത്താവിൻ്റെ പരാതിയിലുള്ളത്.

രാഷ്ട്രീയ ഗൂഢാലോചനയെന്ന് പ്രതിഭാഗം

അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങൾ രാഹുൽ മാങ്കൂട്ടത്തിൽ നിഷേധിച്ചിട്ടുണ്ട്. ഇതൊരു രാഷ്ട്രീയ ഗൂഢാലോചനയാണെന്നും പരാതിക്കാരിയുടെ ഭർത്താവായ ബിജെപി നേതാവാണ് ഇതിന് പിന്നിലെന്നുമാണ് രാഹുലിൻ്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും ബലാത്സംഗം എന്ന ആരോപണം നിലനിൽക്കില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നു. എന്നാൽ പ്രോസിക്യൂഷൻ ഈ വാദങ്ങളെ ശക്തമായി എതിർത്തു. സമാനമായ രീതിയിൽ ഒന്നിലധികം സ്ത്രീകളെ ചൂഷണം ചെയ്യുന്നതാണ് രാഹുലിൻ്റെ രീതിയെന്നും അതിനാൽ യാതൊരു ഇളവുകളും നൽകരുതെന്നുമാണ് അന്വേഷണ സംഘത്തിൻ്റെ നിലപാട്.

വിവാദങ്ങൾ കോൺഗ്രസ് പാർട്ടിക്കും വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിട്ടുള്ളത്. ആരോപണങ്ങൾ ഉയർന്ന ആദ്യഘട്ടത്തിൽ തന്നെ നടപടിയെടുക്കാൻ പാർട്ടി നേതൃത്വം തയ്യാറായില്ലെന്ന വിമർശനം ശക്തമായിരുന്നു. പിന്നീട് തെളിവുകൾ നിരത്തി ഒന്നിലധികം സ്ത്രീകൾ രംഗത്തുവന്നതോടെയാണ് രാഹുലിനെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ കോൺഗ്രസ് നിർബന്ധിതമായത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News