Enter your Email Address to subscribe to our newsletters

Newdelhi, 06 മാര്ച്ച് (H.S.)
യുഎസിനും ഇസ്രയേലിനുമെതിരെ ഇറാൻ നടത്തുന്നത് നിലനിൽപ്പിനായുള്ള യുദ്ധമെന്ന് വിദേശകാര്യ സഹമന്ത്രി സയീദ് ഖതിബ്സാദെ. വഞ്ചനാപരമായ നീക്കത്തിലൂടെയാണ് അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിച്ചതെന്നും അദ്ദേഹം വിമര്ശിച്ചു. വിദേശകാര്യ മന്ത്രാലയവും ഒബ്സർവർ റിസർച്ച് ഫൗണ്ടേഷനും ചേർന്ന് ന്യൂഡൽഹിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര സുരക്ഷാ സമ്മേളനമായ 'റെയ്സിന ഡയലോഗ് 2026'ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെ ആക്രമിക്കാൻ തുടങ്ങിയതാണ് നിലവിലെ സംഘർഷത്തിലേക്ക് നയിച്ചത്. ഇറാൻ്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ആശങ്കകൾ ചർച്ച ചെയ്ത് ജനീവയിൽ നടന്ന യോഗത്തിന് ശേഷമാണ് അമേരിക്കൻ നയതന്ത്രത്തെ വഞ്ചിച്ചുള്ള നീക്കം ഇറാനെതിരെ നടത്തിയത്'' - അദ്ദേഹം ആരോപിച്ചു.
ഇറാൻ ഇപ്പോൾ സ്വയം പ്രതിരോധം നടത്തുകയാണെന്നും ആക്രമണം തുടങ്ങി വച്ചവർ പിന്മാറിയാൽ, ഇറാനും അതിന് തയാറാണെന്നും ഇറാനിലെ ഐപിഐഎസ് (ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പൊളിറ്റിക്കൽ ആൻഡ് ഇൻ്റർനാഷണൽ സ്റ്റഡീസ്) പ്രസിഡൻ്റ് കൂടിയായ സയീദ് ഖതിബ്സാദെ പറഞ്ഞു.
യുഎസ് സൈനിക താവളങ്ങളെ ആക്രമിക്കുന്നത് തങ്ങള്ക്കെതിരെയുള്ള ആക്രമണങ്ങൾ തടയുന്നതിനാണ്. നമ്മളെ സംബന്ധിച്ചിടത്തോളം ഇതൊരു പോരാട്ട യുദ്ധമാണ്. ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ പ്രതികരിക്കുകയെന്നല്ലാതെ ഇതിനെതിരെ മറ്റൊരു വഴിയുമില്ലെന്ന് ഇറാൻ വിശ്വസിക്കുന്നുവെന്നും വിദേശകാര്യ സഹമന്ത്രി സയീദ് ഖതിബ്സാദെ പറഞ്ഞു.
യുഎസും ഇസ്രയേലും നടത്തിയ ബോംബാക്രമണങ്ങളിൽ ഇറാനിലെ മുതിർന്ന തേതാക്കളും നിരവധി കുട്ടികളും കൊല്ലപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇത് ഒരു പ്രാദേശിക യുദ്ധമായി മാറിയിരിക്കുന്നു. ഇസ്രയേൽ യുഎസിനെ ഇതിലേയ്ക്ക് വലിച്ചിഴക്കുകയായിരുന്നു.
സംഘർഷം വ്യാപിക്കുന്നത് തടയാൻ ഞങ്ങൾ ശ്രമിച്ചെങ്കിലും, ഇപ്പോൾ അത് രാജ്യത്തിന് പുറത്തുള്ള മേഖലകളിലേയ്ക്കും വലിയ രീതിയിൽ വ്യാപിച്ചിരിക്കുന്നുവെന്നും സയീദ് ഖതിബ്സാദെ പറഞ്ഞു. ഈ മാസം ആദ്യം ഇറാനിൽ അമേരിക്കയും ഇസ്രയേലും നടത്തിയ സൈനിക ആക്രമണത്തെത്തുടർന്ന് മേഖലയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് അദ്ദേഹത്തിൻ്റെ പരാമർശം.
ഒരാഴ്ച പിന്നിടുന്ന യുദ്ധം അവസാനിക്കുന്നില്ലെന്ന സൂചനയാണ് ഇരുപക്ഷത്തു നിന്നുമുള്ള അവസ്ഥ സൂചിപ്പിക്കുന്നത്. ഇറാനെതിരെ ഇറാഖിലെ കുർദിഷ് മേഖല വഴി കരയുദ്ധത്തിന് തയ്യാറെടുക്കുകയാണ് യുഎസ്. ഇറാനിൽ ഇതുവരെ 1230 പേർ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്.
ലെബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ കൂട്ടപ്പലായനം തുടരുകയാണ്. കരയുദ്ധം നടത്തിയാലും നേരിടുമെന്നും കഴിഞ്ഞ ദിവസങ്ങളിലെ അമേരിക്കൻ- ഇസ്രയേൽ ആക്രമണത്തിന് തിരിച്ചടി തുടരുമെന്നുമാണ് ഇറാന്റെ നിലപാട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR