Enter your Email Address to subscribe to our newsletters

Kozhikode, 06 മാര്ച്ച് (H.S.)
പശ്ചിമേഷ്യയിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില് റഷ്യയില് നിന്ന് ഇന്ത്യയ്ക്ക് എണ്ണ വാങ്ങാമെന്ന യുഎസ് 'അനുമതി'യില് കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഷാഫി പറമ്പില് എംപി.
ഇന്ത്യ എവിടെ നിന്ന് എണ്ണ വാങ്ങിക്കണം എന്ന ്തീരുമാനിക്കേണ്ടത് യുഎസ് അല്ല ഡല്ഹിയാണെന്നും വിവേകവും സ്ഥൈര്യവും രാജ്യത്തിൻ്റെ പരമാധികാരത്തില് ആത്മാഭിമാനവുമുളള നെഹ്റു തൊട്ടു മൻമോഹൻ സിംഗ് വരെയുള്ള ഒരു പ്രധാനമന്ത്രിയും ഇത് അനുവദിക്കുമായിരുന്നില്ലെന്നും ഷാഫി പറഞ്ഞു.ഇന്ത്യയുടെ അതിഥികളായ ഒരു രാജ്യത്തിന്റെ കപ്പല് ആക്രമിക്കപ്പെടുമ്പോള് പോലും നമ്മുടെ രാജ്യം ശക്തമായ ഒരു വാക്ക് പോലും പറയാത്ത അവസ്ഥയില് എത്തിയത് ദുഃഖകരമാണെന്നും അദ്ദേഹം ഫേസ്ബുക്കില് കുറിച്ചു.
ഇന്ത്യ എവിടുന്ന് , എത്ര , എത്ര ദിവസത്തേക്ക് എണ്ണ വാങ്ങണം എന്ന് തീരുമാനിക്കേണ്ടത് വാഷിംഗ്ടണ് ഡി.സി. അല്ല - ന്യൂ ഡല്ഹി ആണ്. അതിന് രാജ്യത്തിൻ്റെ തലപ്പത്തിരിക്കുന്നയാള്ക്ക് തെരത്തെടുപ്പ് റാലി പ്രസംഗത്തിലെ 56 ഇഞ്ച് പോരാതെ വരും. വിവേകവും സ്ഥൈര്യവും രാജ്യത്തിൻ്റെ പരമാധികാരത്തില് ആത്മാഭിമാനവുമുളള നെഹ്റു തൊട്ടു മൻമോഹൻ സിംഗ് വരെയുള്ള ഒരു പ്രധാനമന്ത്രിയും ഇത് അനുവദിക്കുമായിരുന്നില്ല. ഒരു പക്ഷെ ഇനി വരാനിരിക്കുന്ന ഒരു പ്രധാനമന്ത്രിയും ഇത് അനുവദിക്കുകയും ഇല്ല.
ഇന്ത്യയുടെ അതിഥികളായി എത്തിയിരുന്ന ഇറാനിയൻ കപ്പല് MV Shahed അമേരിക്കൻ ആക്രമണത്തില് തകർന്നു, 87 പേരുടെ മരണവാർത്ത ലോകത്തെ ഞെട്ടിച്ചു. ഒരു സൗഹൃദ രാജ്യത്തിന്റെ കപ്പല് ഇന്ത്യയുടെ അതിഥികളായി എത്തിയിരിക്കെ ഇത്തരമൊരു ആക്രമണം നടക്കുന്നത് ഒരു സാധാരണ സംഭവം അല്ല - അത് അന്താരാഷ്ട്ര നിയമങ്ങള്ക്കും നയതന്ത്ര ശീലങ്ങള്ക്കും നേരെയുള്ള വെല്ലുവിളിയാണ്. പക്ഷേ ഈ സംഭവത്തിന് പിന്നാലെ ഇന്ത്യയുടെ പ്രതികരണം? തികഞ്ഞ മൗനം' ഒരു സ്വതന്ത്ര രാജ്യത്തിന്റെ അതിഥികള് കൊല്ലപ്പെടുമ്പോള് പോലും ശക്തമായ ഒരു പ്രതിഷേധം ഉയരാത്തത് ഇന്ത്യയുടെ നയതന്ത്ര പാരമ്പര്യത്തോട് പൊരുത്തപ്പെടുന്നില്ല.
ഇന്ത്യയുടെ പ്രധാനമന്ത്രി രാജ്യത്തിൻ്റെ പരമാധികാരത്തെ ട്രംപിന് മുന്നില് അടിയറവ് വെച്ചിരിക്കുകയാണ്.
ഇതേ ഇന്ത്യയില് ഒരിക്കല് മറ്റൊരു നേതൃകാലം ഉണ്ടായിരുന്നു.
Indira Gandhi എന്ന നേതാവ് ഇന്ത്യയുടെ സ്വാഭിമാനത്തെക്കുറിച്ച് ഒരു സംശയവും ഉണ്ടാക്കാത്ത രീതിയില് ലോക ശക്തികളോട് പോലും ഉറച്ച നിലപാട് എടുത്തിരുന്നു. 1971-ല് Bangladesh Liberation War നടക്കുമ്പോള് അമേരിക്ക ഉള്പ്പെടെയുള്ള വലിയ ശക്തികളുടെ സമ്മർദ്ദം ഉണ്ടായിട്ടും, അവർ കരുത്തുറ്റ നിലപാട് കൊണ്ട് രാജ്യത്തെ നയിച്ചു.
അമേരിക്കയുടെ ഏഴാം നാവികസേനയായ United States Seventh Fleet ബംഗാള് ഉള്ക്കടലിലേക്ക് എത്തിയപ്പോഴും ഇന്ത്യ പിൻമാറിയില്ല. അത് ഇന്ത്യയുടെ സ്വാഭിമാനത്തിന്റെ കാലം ആയിരുന്നു. ലോകം ഇന്ത്യയെ ബഹുമാനിച്ച കാലം.
ഇന്ന്, ഇന്ത്യയുടെ അതിഥികളായ ഒരു രാജ്യത്തിന്റെ കപ്പല് ആക്രമിക്കപ്പെടുമ്പോള് പോലും നമ്മുടെ രാജ്യം ശക്തമായ ഒരു വാക്ക് പോലും പറയാത്ത അവസ്ഥയില് എത്തിയത് ദുഃഖകരമാണ്. രാജ്യത്തിന്റെ ശക്തി സൈനികശേഷിയിലും സാമ്പത്തിക വളർച്ചയിലും മാത്രം അല്ല. അനീതിക്കെതിരെ ശബ്ദമുയർത്താനുള്ള ധൈര്യത്തിലാണ്. ഇന്ത്യയുടെ പാരമ്പര്യം മൗനത്തിന്റെതല്ല. അത് സ്വാഭിമാനത്തിന്റെതാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR