Enter your Email Address to subscribe to our newsletters

Kalady, 06 മാര്‍ച്ച് (H.S.)
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയില്‍ പാരമ്പര്യത്തെയും ആധുനികതയെയും കൂട്ടിച്ചര്‍ത്തുകൊണ്ടുള്ള പദ്ധതികളും കോഴ്സുകളും ആവിഷ്ക്കരിക്കും. കാലാനുസൃതമായ രീതിയില്‍ സംസ്കൃത ഭാഷയുടെയും സര്‍വ്വകലാശാലയുടെയും തനിമ നിലനിര്‍ത്തിക്കൊണ്ട് ന്യൂജന്‍ കോഴ്സുകള്‍ ആരംഭിച്ച് അന്താരാഷ്ട്ര തലത്തില്‍ സര്‍വ്വകലാശാലയിലേയ്ക്ക് കുട്ടികളെ ആകര്‍ഷിക്കുവാന്‍ ശ്രമിക്കുമെന്ന് ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ പുതിയ വൈസ് ചാന്‍സലറായി നിയമിതയായ പ്രൊഫ. സിസ തോമസ് പറഞ്ഞു. സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായി ചുമതലയേറ്റതിന് ശേഷം കാലടി കാമ്പസിലെ ഭരണ നിര്‍വ്വഹണ സമുച്ചയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രൊഫ. സിസ തോമസ്.
സംസ്കൃതത്തിന്റെ പാരമ്പര്യജ്ഞാനത്തെ, ആധുനിക ശാസ്ത്രത്തോടും സാങ്കേതിക വിദ്യയോടും ബന്ധിപ്പിക്കുന്ന പഠനങ്ങള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവേഷണ പദ്ധതികളും കോഴ്സുകളും ആരംഭിക്കത്തക്ക വിധത്തില്‍ സര്‍വ്വകലാശാലയുടെ അക്കാദമിക നിലവാരം ശക്തിപ്പെടുത്തും, പ്രൊഫ. സിസ തോമസ് പറഞ്ഞു.
ആദി ശങ്കരാചാര്യരുടെ ജന്മംകൊണ്ട് പരിപാവനമായ കാലടിയിലെത്തി ശ്രീശങ്കരാചാര്യരുടെ നാമധേയത്തില്‍ സ്ഥാപിക്കപ്പെട്ട സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായി ചുമതലയേല്‍ക്കുവാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു എന്ന ആമുഖത്തോടെയാണ് പ്രൊഫ. സിസ തോമസ് പറഞ്ഞ് തുടങ്ങിയത്. ശങ്കരാചാര്യര്‍ തന്റെ ദര്‍ശനങ്ങള്‍ ഭാരതത്തിലെങ്ങും പ്രചരിപ്പിക്കുന്നതിനായി നാല് മഠങ്ങള്‍ സ്ഥാപിച്ചു. സര്‍വ്വകലാശാലകളുടെ ആദ്യ രൂപമായി ഈ മഠങ്ങളെ നമുക്ക് കാണാവുന്നതാണ്. ഒരു അശയം രൂപീകരിക്കുക, അത് പകര്‍ന്ന് നല്‍കുവാന്‍ കൃത്യമായ ആസുത്രണത്തോടെ പഠന കേന്ദ്രങ്ങള്‍ സ്ഥാപിക്കുക. അതിന് ചുമതലക്കാരെ നിശ്ചയിക്കുക. ഇന്നത്തെ കാലത്ത് പോലും വെല്ലുവിളികള്‍ നേരിടുന്ന വിദ്യാഭ്യാസ രംഗത്തെ, നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ശ്രീശങ്കരാചാര്യര്‍ സമര്‍ത്ഥമായി ആവിഷ്ക്കരിച്ചു, പ്രെഫ. സിസ തോമസ് പറഞ്ഞു.
സംസ്കൃത സര്‍വ്വകലാശാല നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി പരിശോധിച്ച്, പരിഹരിക്കുന്നതിനായി സര്‍ക്കാരിന്റെ സഹായം തേടും. നാളെ സര്‍വ്വകലാശാലയിലെത്തുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദുവുമായി സര്‍വ്വകലാശാലയുടെ സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യും. സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും. തോറ്റ ബി. എഫ്. എ. വിദ്യാര്‍ത്ഥിയെ ജയിപ്പിച്ച നടപടി പരിശോധിക്കും. ന്യൂജനറേഷന്‍ സര്‍വ്വകലാശാലകളെയാണ് ഞാന്‍ ഇതേവരെ കണ്ടിട്ടുള്ളത്. പുതുതലമുറ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും, പ്രൊഫ. സിസ തോമസ് പറഞ്ഞു.
രാവിലെ 9.30ന് സര്‍വ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെത്തിയ ഡോ. സിസ തോമസിനെ രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ്ജ് ബൊക്കെ നല്‍കി സ്വീകരിച്ചു. സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. വി. ലിസി മാത്യു, ഫിനാന്‍സ് ഓഫീസര്‍ സില്‍വി കൊടക്കാട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു.
---------------
Hindusthan Samachar / Sreejith S