ബെംഗളൂരുവില് എയര്ബസിന്റെ വമ്പന് ടെക്നോളജി സെന്റര്; 5,000 ജീവനക്കാരെ ഉള്ക്കൊള്ളുന്ന ക്യാമ്പസ്
Banglore, 07 മാര്ച്ച് (H.S.) ബെംഗളൂരുവിന്റെ ഡിജിറ്റല് സാധ്യതകള് തിരിച്ചറിഞ്ഞ് യൂറോപ്പ് ആസ്ഥാനമായുള്ള വിമാന നിര്മ്മാണ കമ്പനിയായ എയര്ബസ് നഗരത്തില് പ്രവര്ത്തനം വിപുലീകരിക്കുന്നു. 5,000 പേര്ക്ക് ജോലി ചെയ്യാവുന്ന അത്യാധുനിക സാങ്കേതിക കേന്ദ്രമാണ് (ടെക്
Airbus


Banglore, 07 മാര്ച്ച് (H.S.)

ബെംഗളൂരുവിന്റെ ഡിജിറ്റല് സാധ്യതകള് തിരിച്ചറിഞ്ഞ് യൂറോപ്പ് ആസ്ഥാനമായുള്ള വിമാന നിര്മ്മാണ കമ്പനിയായ എയര്ബസ് നഗരത്തില് പ്രവര്ത്തനം വിപുലീകരിക്കുന്നു.

5,000 പേര്ക്ക് ജോലി ചെയ്യാവുന്ന അത്യാധുനിക സാങ്കേതിക കേന്ദ്രമാണ് (ടെക്നോളജി സെന്റര്) തുറന്നത്. ബെംഗളൂരുവിന് സമീപമാണ് എട്ട് ലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീര്ണമുള്ള അത്യാധുനിക കാമ്പസ് പ്രവര്ത്തനം ആരംഭിച്ചത്. ഇതിനോടകം മുപ്പതിനായിരത്തിലധികം ജീവനക്കാര് ഇന്ത്യയിലുണ്ട്. എയര്ബസിന് യൂറോപ്പിന് പുറത്തുള്ള ഏറ്റവും വലിയ എന്ജിനീയറിങ്-ഡിജിറ്റല് കേന്ദ്രമാണ് ബെംഗളൂരുവില് ആരംഭിച്ചത്.

കേന്ദ്ര വ്യോമയാന മന്ത്രി രാംമോഹന് നായിഡുവും കര്ണാടക ഉപമുഖ്യമന്ത്രി ഡികെ. ശിവകുമാറും ചേര്ന്നാണ് ഉദ്ഘാടന ചടങ്ങ് നിര്വ്വഹിച്ചത്. എന്ജിനീയറിങ്, ഡിജിറ്റല് പരിവര്ത്തനം, ഉപഭോക്തൃ സേവനങ്ങള് തുടങ്ങിയ മേഖലകളിലെ പ്രവര്ത്തനങ്ങള് ഇനി ഈ കേന്ദ്രം കേന്ദ്രീകരിച്ചായിരിക്കും നടക്കുക. 'മേക്ക് ഇന് ഇന്ത്യ' പദ്ധതിക്ക് വലിയ കരുത്ത് പകരുന്ന ഈ കേന്ദ്രത്തില് നിന്ന് വിമാനങ്ങളുടെ രൂപകല്പ്പന, ഗവേഷണം, സൈബര് സുരക്ഷ, റോബോട്ടിക്സ് തുടങ്ങിയ നൂതന സാങ്കേതിക മേഖലകളിലെ പ്രവര്ത്തനങ്ങളും നടക്കും. എയര്ബസിന്റെ ലോകമെമ്പാടുമുള്ള വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും നിര്മ്മാണത്തിലും അറ്റകുറ്റപ്പണികളിലും ഇനി ബെംഗളൂരുവിലെ എന്ജിനീയര്മാരുടെ വൈദഗ്ധ്യവും ഉപയോഗപ്പെടുത്തും.

ഇന്ത്യയിലെ വ്യോമയാന മേഖലയുടെ വളര്ച്ചയില് ഈ കേന്ദ്രം നിര്ണായക പങ്കുവഹിക്കുമെന്ന് എയര്ബസ് ഇന്ത്യ മേധാവി ജര്ഗന് വെസ്റ്റര്മിയര് അഭിപ്രായപ്പെട്ടു. ബെംഗളൂരു നഗരം ആഗോള വ്യോമയാന ഹബ്ബായി മാറുകയാണെന്ന് മന്ത്രി രാംമോഹന് നായിഡു പറഞ്ഞു. ഇന്ത്യയില് നിന്നുള്ള വിഭവ സമാഹരണം എയര്ബസ് വന്തോതില് വര്ധിപ്പിച്ചിട്ടുണ്ട്. 2019-ല് 500 മില്യണ് ഡോളറായിരുന്നത് ഇപ്പോള് 1.5 ബില്യണ് ഡോളറായി ഉയര്ന്നു. ഇത് വൈകാതെ രണ്ടു ബില്യണ് ഡോളറിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം നൂറിലധികം ഇന്ത്യന് കമ്പനികള് എയര്ബസിന് ആവശ്യമായ വിവിധ ഭാഗങ്ങള് നിര്മ്മിച്ച് നല്കുന്നുണ്ട്.

ഇന്ത്യന് എന്ജിനീയര്മാരും ഡിജിറ്റല് സ്പെഷ്യലിസ്റ്റുകളും നിലവിലുള്ള എല്ലാ എയര്ബസ് വാണിജ്യ വിമാനങ്ങളുടെയും ഹെലികോപ്റ്റര് പ്രോഗ്രാമുകളില് സഹായിക്കുന്നുണ്ട്. പുതിയ കേന്ദ്രത്തില് എന്ജിനീയര്മാരും ഡിജിറ്റല് വിദഗ്ധരും ചേര്ന്ന് അടുത്ത തലമുറ വിമാന സാങ്കേതികവിദ്യകള്, സൈബര് സുരക്ഷ, റോബോട്ടിക്സ്, നിര്മ്മിത ബുദ്ധി (എഐ) തുടങ്ങിയ മേഖലകളില് ഗവേഷണങ്ങള് നടത്തും. ബെംഗളൂരുവിനെ ഒരു ആഗോള ഏവിയേഷന് ഹബ്ബായി മാറ്റുന്നതില് എയര്ബസിന്റെ ടെക്നോളജി സെന്റര് നിര്ണായക പങ്കുവഹിക്കുമെന്നാണ് കര്ണാടക സര്ക്കാരിന്റെ പ്രതീക്ഷ.

ഉദ്ഘാടന ചടങ്ങിനിടെ ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തെക്കുറിച്ചുള്ള ചര്ച്ചകള്ക്കായി ഡി.കെ. ശിവകുമാറിനെ കേന്ദ്രമന്ത്രി ഡല്ഹിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News