കേരള നിയമസഭാ തിരഞ്ഞെടുപ്പ്: തപാൽ വോട്ടുകൾ ആദ്യം എണ്ണും; വോട്ടിംഗ് മെഷീനിൽ സ്ഥാനാർത്ഥികളുടെ വർണ്ണചിത്രങ്ങൾ - മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ
Kochi, 07 മാര്ച്ച് (H.S.) കൊച്ചി: വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷം സുപ്രധാന പ്രഖ്യാപനങ്ങളുമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (CEC) ജ്ഞാനേഷ് കുമാർ. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിനും വ
കേരള നിയമസഭാ തിരഞ്ഞെടുപ്പ്: തപാൽ വോട്ടുകൾ ആദ്യം എണ്ണും; വോട്ടിംഗ് മെഷീനിൽ സ്ഥാനാർത്ഥികളുടെ വർണ്ണചിത്രങ്ങൾ - മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ


Kochi, 07 മാര്ച്ച് (H.S.)

കൊച്ചി: വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷം സുപ്രധാന പ്രഖ്യാപനങ്ങളുമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (CEC) ജ്ഞാനേഷ് കുമാർ. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിനും വോട്ടർമാർക്ക് സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുമായി വിപ്ലവകരമായ മാറ്റങ്ങളാണ് കമ്മീഷൻ നടപ്പിലാക്കുന്നത്. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

തപാൽ വോട്ടുകൾക്ക് മുൻഗണന

വോട്ടെണ്ണൽ ദിവസം റിട്ടേണിംഗ് ഓഫീസർമാരുടെ ജോലിഭാരം കുറയ്ക്കുന്നതിനായി തപാൽ വോട്ടുകൾ എണ്ണുന്ന രീതിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ (EVM) വോട്ടുകൾ എണ്ണിത്തുടങ്ങുന്നതിന് രണ്ട് റൗണ്ടുകൾക്ക് മുൻപ് തന്നെ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങും. വോട്ടെണ്ണൽ പ്രക്രിയ കൂടുതൽ വേഗത്തിലാക്കാൻ ഇത് സഹായിക്കും. കൂടാതെ, വോട്ടിംഗ് മെഷീനിലെ ഡാറ്റയും ഫോം 17C-യിലെ കണക്കുകളും തമ്മിൽ എന്തെങ്കിലും തരത്തിലുള്ള വ്യത്യാസം കണ്ടാൽ വിവിപാറ്റ് (VVPAT) സ്ലിപ്പുകൾ നിർബന്ധമായും എണ്ണുമെന്നും കമ്മീഷണർ ഉറപ്പുനൽകി.

വോട്ടിംഗ് മെഷീനിൽ കളർ ഫോട്ടോകൾ

സ്ഥാനാർത്ഥികളെ തിരിച്ചറിയുന്നതിൽ വോട്ടർമാർക്കുള്ള ആശയക്കുഴപ്പം ഒഴിവാക്കാൻ ഇത്തവണ വോട്ടിംഗ് മെഷീനുകളിൽ സ്ഥാനാർത്ഥികളുടെ വർണ്ണചിത്രങ്ങൾ (Colour Photos) ഉൾപ്പെടുത്തും. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു പരിഷ്കാരം നടപ്പിലാക്കുന്നത്. വോട്ടർമാർക്ക് തങ്ങൾ ഉദ്ദേശിക്കുന്ന സ്ഥാനാർത്ഥിയെ കൃത്യമായി തിരിച്ചറിഞ്ഞ് വോട്ട് രേഖപ്പെടുത്താൻ ഇത് സഹായിക്കും.

ഡിജിറ്റൽ സൗകര്യങ്ങളും വെബ്കാസ്റ്റിംഗും

തിരഞ്ഞെടുപ്പ് നടപടികളിൽ സാങ്കേതികവിദ്യയുടെ ഉപയോഗം കമ്മീഷൻ വർദ്ധിപ്പിച്ചിട്ടുണ്ട്. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും നൂറു ശതമാനം വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തും. വോട്ടിംഗ് നില ഓരോ രണ്ട് മണിക്കൂർ കൂടുമ്പോഴും പ്രിസൈഡിംഗ് ഓഫീസർമാർ 'ECINET' ആപ്പ് വഴി നേരിട്ട് അപ്ലോഡ് ചെയ്യും. മറ്റൊരറിയിപ്പ് വോട്ടർമാർക്ക് ആശ്വാസകരമാണ്; പോളിംഗ് സ്റ്റേഷന്റെ ഗേറ്റ് വരെ മൊബൈൽ ഫോണുകൾ കൈവശം വയ്ക്കാൻ ഇത്തവണ അനുമതിയുണ്ടാകും.

സവിശേഷ വോട്ടർമാർക്ക് വീട്ടിലിരുന്ന് വോട്ട്

മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. 85 വയസ്സിന് മുകളിലുള്ള രണ്ട് ലക്ഷത്തോളം വോട്ടർമാർക്കും 2.43 ലക്ഷം ഭിന്നശേഷി വോട്ടർമാർക്കും ആവശ്യമെങ്കിൽ വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള (Home Voting) സൗകര്യം ലഭ്യമാക്കും. സംസ്ഥാനത്ത് നൂറു വയസ്സിന് മുകളിലുള്ള 1571 വോട്ടർമാരുണ്ടെന്നും കമ്മീഷണർ ചൂണ്ടിക്കാട്ടി.

മറ്റ് പ്രധാന വിവരങ്ങൾ:

-

ഒരു ബൂത്തിൽ പരമാവധി 1200 വോട്ടർമാർ മാത്രമേ ഉണ്ടാകൂ.

-

സ്ത്രീകൾ നിയന്ത്രിക്കുന്ന 397 പോളിംഗ് ബൂത്തുകളും 790 മോഡൽ പോളിംഗ് സ്റ്റേഷനുകളും സജ്ജീകരിക്കും.

-

കോളേജ് വിദ്യാർത്ഥികളെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളാക്കാൻ 138 പ്രത്യേക എ.ഇ.ആർ.ഒ (AERO) മാരെ നിയോഗിക്കും.

-

വോട്ടർ പട്ടികയിൽ അനർഹർ ആരും കടന്നുകൂടാതിരിക്കാനും അർഹരായ ആരും പുറത്തുപോകാതിരിക്കാനും കർശനമായ പരിശോധനകൾ (SIR) പൂർത്തിയാക്കി.

കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുമായി നടത്തിയ ചർച്ചകളിൽ പ്രാദേശിക ഉത്സവങ്ങൾ പരിഗണിച്ചു വേണം തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാനെന്ന ആവശ്യം ഉയർന്നിട്ടുണ്ടെന്നും അത് കമ്മീഷൻ പരിഗണിക്കുമെന്നും ജ്ഞാനേഷ് കുമാർ അറിയിച്ചു. ജനാധിപത്യ പ്രക്രിയയിൽ കേരളം എന്നും മാതൃകയാണെന്നും 1960-ൽ കേരളം നടപ്പിലാക്കിയ മാതൃകാ പെരുമാറ്റച്ചട്ടമാണ് പിന്നീട് രാജ്യം മുഴുവൻ അംഗീകരിച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

---------------

Hindusthan Samachar / Roshith K


Latest News