Enter your Email Address to subscribe to our newsletters

Kochi, 07 മാര്ച്ച് (H.S.)
സംസ്ഥാനത്ത് യോഗ്യരായ ഒരു വോട്ടറും ഒഴിവാക്കപ്പെടില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് വ്യക്തവും സുതാര്യവുമായ രീതിയിലാണ് എസ്ഐആർ നടത്തിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യം കേരളത്തിന് പുതിയതല്ലെന്നും രാജ്യത്തിൻ്റെ പല ഭാഗങ്ങളെയും ജനാധിപത്യ രീതികൾ പഠിപ്പിച്ചത് ഈ സംസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. കേരളവുമായുള്ള തൻ്റെ ബന്ധത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
'കേരളം എൻ്റെ കർമ്മ ഭൂമിയായിരുന്നു. 18 വർഷം ഞാൻ കേരളത്തിൽ ജോലി ചെയ്തു. എല്ലാ രാഷ്ട്രീയ പാർട്ടികളുമായി നിരന്തരം കൂടിക്കാഴ്ചകളും വിശദമായ ആശയ വിനിമയങ്ങളും നടത്തി. ഒപ്പം പ്രധാനപ്പെട്ട അവലോകന യോഗങ്ങളും നടന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ പോവുന്ന കേരളത്തിൻ്റെ ഭാവി വാഗ്ദാനങ്ങളായ യുവജനതയെ കണ്ടുമുട്ടി' അദ്ദേഹം പറഞ്ഞു.
ഏകദേശം 22 വർഷം മുമ്പ് എറണാകുളം കലക്ടറായി സേവനമനുഷ്ഠിച്ചിരുന്ന കാലഘട്ടത്തെക്കുറിച്ചും ഗ്യാനേഷ് കുമാർ ഓർമ്മിപ്പിച്ചു. 'കേരളത്തിൽ എസ്ഐആർ വിജയകരമായി പൂർത്തിയാക്കിയതിന് കേരളത്തിലെ ബൂത്ത് ലെവൽ ഓഫീസർമാരെ അഭിനന്ദിക്കുന്നു, ജനാധിപത്യം എന്നത് കേരളത്തിന് പുതിയ കാര്യമല്ല' അദ്ദേഹം പറഞ്ഞു.
'ജനാധിപത്യം എന്താണെന്ന് കേരളം രാജ്യത്തേയും ലോകത്തേയും പഠിപ്പിച്ചു. വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ നില നിന്നിരുന്ന നാട്ട്കൂട്ട സമ്പ്രദായങ്ങൾ തീരുമാനങ്ങളെടുക്കുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ആളുകളെ ബാധവാന്മാരാക്കി' അദ്ദേഹം വ്യക്തമാക്കി.
1960ൽ കേരളത്തിൽ ആദ്യത്തെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മാതൃകാ പെരുമാറ്റച്ചട്ടമായത് പരിണമിക്കുകയും എല്ലാ പാർട്ടികളുമായി കൂടിയാലോചിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അത് അംഗീകരികരിക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1982ൽ പറവൂർ നിയമസഭാ മണ്ഡലത്തിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ പരീക്ഷണാത്മക ഉപയോഗം തെരഞ്ഞെടുപ്പ് സംവിധാനങ്ങളിലേയ്ക്ക് പുതിയ സംഭാവനകൾ നൽകിയെന്നും അദ്ദേഹം എടുത്തു പറഞ്ഞു.
ഇനി എല്ലാ പോളിങ് സ്റ്റേഷനുകളിലും നൂറ് ശതമാനം വെബ്കാസ്റ്റിങ് ഉറപ്പുവരുത്തുമെന്നും വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പ് ആഗോള മാതൃകയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു, ജനാധിപത്യത്തിൻ്റെ ഉത്സവത്തിൽ വോട്ടർമാർ സജീവമായി പങ്കെടുക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
കേരളത്തിൽ 140 നിയമസഭാ മണ്ഡലങ്ങളുണ്ട്. സംസ്ഥാനത്തുടനീളം 30,471 പോളിങ് സ്റ്റേഷനുകൾ ഉണ്ടാകുകയും ഏകദേശം 5,000ത്തോളം പോളിങ് സ്റ്റേഷനുകൾ ഇതിലേയ്ക്ക് ഉൾപ്പെടുത്തുകയും ചെയ്യും. ഒരു പോളിങ് സ്റ്റേഷനിലും 1,200ൽ കൂടുതൽ വോട്ടർമാർ ഉണ്ടാകില്ല. 397 പോളിങ് സ്റ്റേഷനുകൾ പൂർണമായും സ്ത്രീകളുടെ നിയന്ത്രണത്തിലായിരിക്കും.
മുതിർന്ന പൗരന്മാർക്കും വികലാംഗർക്കും ഗ്രൗണ്ട് ഫ്ലോർ പോളിങ് സ്റ്റേഷനുകൾ, റാമ്പുകൾ, വീൽചെയറുകൾ, മുൻഗണനാ വോട്ടിങ് എന്നിവയുൾപ്പെടെ മെച്ചപ്പെട്ട സൗകര്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പോളിങ് സ്റ്റേഷനുകളിലും കുടിവെള്ളം, ഹെൽപ്പ് ഡെസ്കുകൾ തുടങ്ങിയ സൗകര്യങ്ങളും ഏർപ്പാടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR