Enter your Email Address to subscribe to our newsletters

Thiruvananthapuram, 07 മാര്ച്ച് (H.S.)
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരമോഹവുമായി കോൺഗ്രസ് എംപിമാർ രംഗത്തുണ്ടെങ്കിലും പാർട്ടി ഹൈക്കമാൻ്റ് ഇതിന് അനുമതി നൽകിയേക്കില്ല. മുൻ കെപിസിസി അധ്യക്ഷൻ കൂടിയായ കെ സുധാകരൻ, നിലവിലെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എന്നിവരാണ് നിലവിൽ ഇതുവരെ സന്നദ്ധത അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഉപതെരഞ്ഞെടുപ്പ് ക്ഷണിച്ച് വരുത്തേണ്ടതില്ലെന്നുമാണ് പൊതുവെ പാർട്ടിയിൽ ഉരിത്തിരിഞ്ഞിട്ടുള്ള തീരുമാനം. ദേശീയ നേതൃത്വം ഇതിനെ പിന്തുണയ്ക്കുന്നുമുണ്ട്.
കോന്നിയിലുറച്ച് അടൂർ പ്രകാശ്
കോൺഗ്രസിൻ്റെ വിദ്യാർത്ഥി പ്രസ്ഥാനമായ കേരള സ്റ്റുഡൻ്റ്സ് യൂണിയനിലൂടെയാണ് അടൂർ പ്രകാശ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. കെ കരുണാകരൻ്റെ കാലത്ത് ഐ ഗ്രൂപ്പിനോട് ചേർന്ന് നിന്ന അദ്ദേഹം 1996, 2001, 2006, 2011, 2016 വർഷങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി കോന്നി നിയോജക മണ്ഡലത്തിൽ നിന്ന് തുടർച്ചയായി കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ജനകീയത മുഖമുദ്രയാക്കിയ അടൂർ പ്രകാശിനെ പരാജയപ്പെടുത്താൻ സിപിഎമ്മിനും ഇടതുമുന്നണിക്കും പിന്നീട് കഴിഞ്ഞിട്ടില്ല. 2004 മുതൽ 2006 വരെ ഭക്ഷ്യ -സിവിൽ സപ്ലൈസ് മന്ത്രിയായും, 2011 മുതൽ 2012 വരെ ആരോഗ്യ മന്ത്രിയായും, 2012 മുതൽ 2016 വരെ റവന്യൂ മന്ത്രിയായും ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമായിരുന്നു. 2019ൽ ആറ്റിങ്ങൽ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് അദ്ദേഹം പാർലമെൻ്റ് അംഗമായി. 1989-ന് ശേഷം ഈ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയായി അദ്ദേഹം മാറുകയും ചെയ്തു.
കോന്നിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് സീറ്റ് നഷ്ടമാവുകയും ചെയ്തു. 2016ൽ 20748 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അടൂർ പ്രകാശ് വിജയിച്ചതെങ്കിൽ 2019ലെ തെരഞ്ഞെടുപ്പിൽ സി.പി.എം ജനീഷ് കുമാറിലൂടെ സീറ്റ് തിരികെപ്പിടിച്ചു. അന്ന് യുഡിഎഫിന് വേണ്ടി മത്സരിച്ചത് മുൻ ഡിസിസി അധ്യക്ഷൻ കൂടിയായ പി മോഹൻരാജായിരുന്നു. അന്ന് ഗ്രൂപ്പ് സമവാക്യങ്ങൾ ലംഘിച്ചാണ് എ ഗ്രൂപ്പുകാരനായ മോഹൻരാജിനെ പാർട്ടി കളത്തിലിറക്കിയത്. തുടർന്ന് 2021ൽ അടൂർ പ്രകാശിൻ്റെ നോമിനിയായി റോബിൻ പീറ്റർ മത്സരിച്ചുവെങ്കിലും 8508 വോട്ടുകൾക്ക് ജനീഷ് കുമാർ മണ്ഡലം നിലനിർത്തി.
ഇതിനിടെ ഇക്കഴിഞ്ഞ വർഷം യുഡിഎഫ് കൺവീനറായി അടൂർ പ്രകാശ് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാമതും ആറ്റിങ്ങലിൽ നിന്നും സിപിഎമ്മിൻ്റെ ജില്ലാ സെക്രട്ടറി വി. ജോയിയെ പരാജയപ്പെടുത്തി പാർലമെൻ്റിൽ എത്തി. കഴിഞ്ഞ രണ്ട് തവണയായി നഷ്ടപ്പെടുന്ന കോന്നി മണ്ഡലം തന്നിലൂടെ തിരികെ പിടിക്കാമെന്ന വാദമാണ് അടൂർപ്രകാശ് മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ പാർട്ടി നേതൃത്വം ഇതിന് അനുമതി നൽകിയിട്ടില്ല.
കണ്ണൂരിൻ്റെ കരുത്തായി സുധാകരൻ
കണ്ണൂരിലെ കോൺഗ്രസിൻ്റെ എക്കാലത്തെയും കരുത്തുറ്റ നേതാവാണ് കെ. സുധാകരൻ. സംഘടനാ കോൺഗ്രസിലൂടെയാണ് സജീവ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയതെങ്കിലും പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ(ഐ) ഭാഗമായി മാറി. 1980, 1982 വർഷങ്ങളിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ എടക്കാട് നിന്നും 1987-ൽ നടന്ന നിയമസഭ ഇലക്ഷനിൽ തലശ്ശേരിയിൽ നിന്നും മത്സരിച്ചുവെങ്കിലും പരാജിതനായി.
1991-ൽ നിയമസഭയിലേക്കുള്ള എടക്കാട് മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ ഒ. ഭരതനോട് തോറ്റു. 1991-ൽ ഭരതൻ്റെ നിയമസഭാംഗത്വം കോടതി റദ്ദാക്കി എങ്കിലും തിരഞ്ഞെടുപ്പ് കേസുമായി മുന്നോട്ട് പോയ സുധാകരനെ 1992-ൽ കേരള ഹൈക്കോടതി വിജയിയായി പ്രഖ്യാപിച്ചതിനെ തുടർന്ന് സുപ്രീം കോടതിയിൽ അപ്പീൽ പോയ സിപിഎമ്മിലെ ഒ. ഭരതനെ തന്നെ ഒടുവിൽ 1996-ൽ വിജയിയായി പ്രഖ്യാപിച്ച് സുപ്രീം കോടതി ഉത്തരവിറങ്ങി.
1996ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസ് വിമതനായി ഇടതുമുന്നണിയുടെ പിന്തുണയോടെ മത്സരിച്ച എൻ. രാമകൃഷ്ണനെ തോൽപ്പിച്ച് കണ്ണൂരിൽ നിന്ന് സുധാകരൻ ആദ്യമായി നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2001-ൽ ഇടതു സ്വതന്ത്രനായ കാസിം ഇരിക്കൂറിനെയും, 2006-ൽ സി.പി.എം നേതാവായ കെ.പി. സഹദേവനെയും തോൽപ്പിച്ച് കണ്ണൂരിൽ നിന്ന് നിയമസഭ അംഗമായി. 2001-2004 കാല ഘട്ടത്തിലെ എ.കെ ആൻ്റണി മന്ത്രിസഭയിൽ കെ.സുധാകരൻ ആദ്യമായി വനംവകുപ്പിൻ്റെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി.
2009-ൽ നടന്ന ലോക്സഭ തെരഞ്ഞടുപ്പിൽ സിപിഎമ്മിലെ കെ.കെ. രാഗേഷിനെ തോൽപ്പിച്ച് കണ്ണൂരിൽ നിന്ന് ആദ്യമായി ലോക്സഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2014-ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്ന് മത്സരിച്ചുവെങ്കിലും സിപിഎമ്മിലെ പി.കെ. ശ്രീമതിയോട് ഏഴായിരത്തിനടുത്ത് വോട്ടിന് തോറ്റു. അപരൻമാർ പിടിച്ച വോട്ടാണ് ഇക്കുറി സുധാകരന് വിനയായത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതു കോട്ടയായ ഉദുമയിൽ നിന്ന് മത്സരിച്ചു എങ്കിലും സിപിഎമ്മിലെ കുഞ്ഞിരാമനോട് പരാജയപ്പെട്ടു.
2019-ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കണ്ണൂർ സിറ്റിങ് എം.പിയായിരുന്ന സിപിഎമ്മിലെ പി.കെ. ശ്രീമതിയെ ഒരു ലക്ഷം വോട്ടുകൾക്ക് അടുത്തുള്ള ഭൂരിപക്ഷത്തിൽ തോൽപ്പിച്ച് സുധാകരൻ വീണ്ടും ലോക്സഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2021ൽ കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ അദ്ദേഹം പിന്നീട് ചുമതലയൊഴിഞ്ഞിരുന്നു. 2024ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കണ്ണൂർ സിറ്റിങ് എം.പിയായിരുന്ന അദ്ദേഹം സിപിഎമ്മിലെ എം. വി. ജയരാജനെ 1,08,982 വോട്ടുകൾക്ക് പരാജയപ്പെടുത്തി വീണ്ടും ലോക്സഭാംഗമായി. നിലവിൽ കണ്ണൂരിൽ നിന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ചെങ്കിലും ഇതുവരെ സംസ്ഥാന- ദേശീയ നേതൃത്വങ്ങൾ അനുമതി നൽകിയിട്ടില്ല.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR