Enter your Email Address to subscribe to our newsletters

Kottayam, 07 മാര്ച്ച് (H.S.)
സ്ഥാനാർഥി നിർണയത്തിന്റെ കാര്യത്തില് ഇടതുമുന്നണി ബഹുദൂരം മുന്നോട്ടുപോയിട്ടും ഘടക കക്ഷികള്ക്കിടയിലുളള സീറ്റ് വിഭജന തർക്കംപോലും യു.ഡി.എഫില് പരിഹരിക്കപ്പെട്ടിട്ടില്ല.
തെക്കൻ കേരളത്തിലെ ചില സീറ്റുകളില് കോണ്ഗ്രസും കേരള കോണ്ഗ്രസ് ജോസഫ് വിഭാഗവുമായി വടംവലി തുടരുകയാണ്. ജയസാധ്യതയുടെ പേരും പറഞ്ഞ് ജോസഫ് വിഭാഗത്തിന്റെ ചില സീറ്റുകള് കോണ്ഗ്രസ് നോട്ടമിടുന്നുണ്ട്. വിട്ടുകൊടുക്കാൻ കേരള കോണ്ഗ്രസ് തയാറായിട്ടുമില്ല. ഏതെങ്കിലും സീറ്റ് വിട്ടുകൊടുക്കേണ്ടി വന്നാല് പകരം സീറ്റ് വേണമെന്ന ആവശ്യവും പി.ജെ.ജോസഫ് ശക്തമായി ഉന്നയിക്കുന്നുണ്ട്.
ഇക്കാര്യത്തില് വിജയ സാധ്യതയെന്ന കോണ്ഗ്രസിന്റെ അതേ തന്ത്രമാണ് ജോസഫ് വിഭാഗവും തിരിച്ചു പയറ്റുന്നത്. ഏതെങ്കിലും മണ്ഡലം വിട്ടുകൊടുക്കേണ്ടി വന്നാല് പകരം പൂഞ്ഞാർ നല്കണമെന്നാണ് ജോസഫിന്റെ ആവശ്യം. പൂഞ്ഞാറില് കോണ്ഗ്രസിനേക്കാള് ജയസാധ്യത തങ്ങള്ക്കാണെന്ന അവകാശവാദവും അവർ മുന്നോട്ടുവെക്കുന്നു. മുൻ കേന്ദ്രമന്ത്രിയും പാർട്ടി വർക്കിങ് ചെയർമാനുമായ പി.സി. തോമസിനെ മത്സരിപ്പിക്കാൻ ഉദ്ദേശിച്ചാണ് ഈ നീക്കം.
തൊടുപുഴ, കടുത്തുരുത്തി, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, ഇടുക്കി, കുട്ടനാട്, കോതമംഗലം, ഇരിങ്ങാലക്കുട, തിരുവല്ല, തൃക്കരിപ്പൂർ എന്നീ മണ്ഡലങ്ങളിലാണ് ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ചത്. ഇതില് സിറ്റിങ് സീറ്റുകളായ തൊടുപുഴയും കടുത്തുരുത്തിയും ഒഴികെ എല്ലായിടത്തും കോണ്ഗ്രസ് കണ്ണുവെച്ചിട്ടുണ്ട്. മന്ത്രി വി.എൻ വാസവൻ വീണ്ടും ജനവിധി തേടുന്ന ഏറ്റുമാനൂരും കാല് നൂറ്റാണ്ടായി മന്ത്രി റോഷി അഗസ്റ്റിന്റെ പിടിയിലുള്ള ഇടുക്കിയുമാണ് ഇതില് പ്രധാനം.
കുട്ടനാട്, ചങ്ങനാശ്ശേരി, കോതമംഗലം സീറ്റുകളിലും കോണ്ഗ്രസ് നോട്ടമിട്ടിട്ടുണ്ട്. റോഷി അഗസ്റ്റിനെ തോല്പ്പിക്കാൻ ജനപിന്തുണയും കഴിവുമുള്ള എതിരാളി ജോസഫ്ഗ്രൂപ്പില് ഇല്ലെന്നും കോണ്ഗ്രസിന് സ്വാധീനമുള്ള ജില്ലയില് പാർട്ടി സ്ഥാനാർഥിയെ നിർത്തിയാല് റോഷിയെ തളക്കാൻ കഴിയുമെന്നുമാണ് ഇടുക്കി സീറ്റിനായി വാദിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനഘട്ടത്തില് തന്നെ ഏറ്റുമാനൂർ തങ്ങള്ക്ക് പറഞ്ഞുവെച്ചതാണെന്ന വാദവും കോണ്ഗ്രസ് ഉന്നയിക്കുന്നുണ്ട്. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, കെ.പി.സി.സി ജനറല് സെക്രട്ടറിയും ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റുമായ ഫിലിപ്പ് ജോസഫ്, ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖ് എന്നിവർ അടക്കമുള്ള കോണ്ഗ്രസ് നേതാക്കള് ഏറ്റുമാനൂർ നോട്ടമിട്ട് നാളുകളായി സജീവ പ്രവർത്തനങ്ങളിലുമാണ്.
എല്.ഡി.എഫ് തരംഗം ആഞ്ഞുവീശിയ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില് പോലും യു.ഡി.എഫിനൊപ്പം നിന്ന മണ്ഡല പരിധിയിലെ അതിരമ്പുഴ ജില്ല പഞ്ചായത്ത് ഡിവിഷനില് ജോസഫ് വിഭാഗം ജില്ലാപ്രസിഡന്റ് ജെയ്സണ് ജോസഫ് ഇക്കുറി പരാജയപ്പെട്ടതടക്കമുള്ള കാര്യങ്ങള് ചൂണ്ടിക്കാട്ടിയാണ് കോണ്ഗ്രസിന്റെ അവകാശവാദം.
ചങ്ങനാശ്ശേരിയിലും ഏത് പാർട്ടി മത്സരിക്കുമെന്ന തർക്കം യു.ഡി.എഫില് അവസാനിച്ചിട്ടില്ല. കഴിഞ്ഞ തവണ മത്സരിച്ചുതോറ്റ ജോസഫ് ഗ്രൂപ്പിലെ വി.ജെ. ലാലിയുടെ പേര് തന്നെയാണ് കേരള കോണ്ഗ്രസിന്റെ പട്ടികയില് മുൻഗണനയിലുള്ളത്. സീറ്റ് തിരിച്ചുപിടിക്കാൻ കോണ്ഗ്രസ് മത്സരിക്കണമെന്ന വാദം പാർട്ടിക്കുള്ളില് ശക്തമാണ്. ജോസി സെബാസ്റ്റ്യൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് തുടങ്ങി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകള് മറിയം ഉമ്മന്റെ പേര് വരെ കോണ്ഗ്രസുകാർ മുന്നോട്ടുവെക്കുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കം നേതാക്കള് പുതുയുഗ യാത്രയുടെ തിരക്കിലായതിനാലാണ് സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകളൊന്നും എങ്ങുമെത്താത്തത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം പോലും വരാത്തതിനാല് ഇത് പ്രശ്നമല്ലെന്നാണ് നേതൃത്വത്തിന്റെ അവകാശവാദം. പുതുയുഗ യാത്ര സമാപിച്ച ശേഷം സീറ്റ് വിഭജനത്തില് ഏറെക്കുറെ ധാരണയാകുമെന്നാണു പ്രതീക്ഷ.
എങ്കിലും ചില സീറ്റുകളില് കോണ്ഗ്രസ്- കേരള കോണ്ഗ്രസ് ജോസഫ് വിഭാഗം വടംവലി പോലെ മുസ്ലിം ലീഗും കോണ്ഗ്രസും ചില സീറ്റുകള് വെച്ചുമാറുന്നത് സംബന്ധിച്ചും അന്തിമ തീരുമാനം ആയിട്ടില്ല. പ്രശ്നങ്ങള് പരിഹരിക്കപ്പെടാതെ പോയാല് തദ്ദേശ തെരഞ്ഞെടുപ്പ് ഫല സൂചനകളുടെയും പൊതുരാഷ്ട്രീയ അന്തരീക്ഷത്തിന്റെയുമൊക്കെ പശ്ചാത്തലത്തില് നല്ല വിജയസാധ്യത കല്പ്പിക്കപ്പെടുന്ന മണ്ഡലങ്ങള് പോലും കൈവിട്ടുപോകുമോയെന്ന ആശങ്ക പ്രവർത്തകർക്കിടയിലുമുണ്ട്.
ചില മണ്ഡലങ്ങളില് ഘടകകക്ഷികള്ക്കിടയിലെ തർക്കം പരിഹരിക്കപ്പെടാതെ നീളുന്നത് താഴേത്തട്ടില് ഭിന്നത സൃഷ്ടിക്കാതിരിക്കാനുള്ള ജാഗ്രത നേതാക്കന്മാർ പാലിക്കുന്നുമുണ്ട്. പ്രവർത്തകർക്കിടയില് പരസ്പരം അവിശ്വാസം വളരുന്നത് വിജയിക്കാനുള്ള അനുകൂല സാഹചര്യത്തിന് ദോഷം ചെയ്യുമെന്ന തിരിച്ചറിവിലാണ് നേതാക്കള്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR