Enter your Email Address to subscribe to our newsletters

Ernakulam, 07 മാര്ച്ച് (H.S.)
ഭൂട്ടാനിൽ നിന്ന് ആഢംബര വാഹനങ്ങൾ നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്തിയ വൻ മാഫിയ സംഘത്തിലെ മുഖ്യ സൂത്രധാരൻ പിടിയിൽ. പശ്ചിമ ബംഗാളിലെ ജയ്ഗാവോൺ സ്വദേശിയായ വിശ്വദിപ് ദാസിനെയാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അറസ്റ്റ് ചെയ്തത്. ഇയാൾക്കൊപ്പം അസം മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാല് പേരും പിടിയിലായിട്ടുണ്ട്.
'ഓപ്പറേഷൻ നുംഖോർ' എന്ന പേരിൽ കസ്റ്റംസ് നടത്തിയ വിപുലമായ അന്വേഷണത്തിനൊടുവിലാണ് അന്തർ സംസ്ഥാന ബന്ധമുള്ള ഈ സംഘം വലയിലാകുന്നത്. ഇന്ത്യ കണ്ട ഏറ്റവും വലിയ വാഹനക്കടത്ത് തട്ടിപ്പാണ് ഭൂട്ടാൻ വാഹനക്കടത്ത് എന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കമ്മിഷണർ ഡോ.ടിജു ഇടിവി ഭാരതിനോട് പറഞ്ഞു. നിലവിൽ പിടിയിലായ സംഘം 460 വാഹനങ്ങൾ കടത്തിയെന്നാണ് മൊഴി നൽകിയത്.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലായി 10,000 വാഹനങ്ങൾ ഭൂട്ടാനിൽ നിന്നും കടത്തിക്കൊണ്ട് വന്ന് റജിസ്റ്റർ ചെയ്തതായി സിഐജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കേരളത്തിൽ 49 വാഹനങ്ങളാണ് ഇതുവരെ പിടികൂടിയതെങ്കിലും കൂടുതൽ വാഹനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ വ്യക്തമാക്കി.
പിടിയിലായ വിശ്വദിപ് ദാസ് വാഹന നിർമാണ കമ്പനിയിലെ പ്രൊഫഷണലാണ്. ഇയാളുടെ സാങ്കേതിക വിദ്യയിലുള്ള അറിവ് ഉപയോഗിച്ചാണ് ഭൂട്ടാനിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ആഢംബര കാറുകൾ അതിർത്തി കടത്തി ഇന്ത്യയിലെത്തിച്ചിരുന്നത്. ഭൂട്ടാനിൽ വിദേശ വാഹനങ്ങൾക്ക് ഇന്ത്യയെ അപേക്ഷിച്ച് നികുതി കുറവാണെന്നത് മുതലെടുത്തായിരുന്നു തട്ടിപ്പ്.
വാഹനങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവന്ന ശേഷം ഹിമാചൽ പ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ വ്യാജ രേഖകൾ ചമച്ച് രജിസ്റ്റർ ചെയ്യുകയായിരുന്നു ഇവരുടെ രീതി. ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുക്കെട്ട് കേസുമായി ബന്ധപ്പെട്ട് അസം സ്വദേശികളായ നാല് പേരെയും കസ്റ്റംസ് സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ബൊംഗൈഗാവ് ഡിടിഒ (ഡിസ്ട്രിക്റ്റ് ട്രാൻസ്പോർട്ട് ഓഫിസർ) ദീപക് പതോവരി ഉൾപ്പെടുന്നു എന്നത് തട്ടിപ്പിന്റെ വ്യാപ്തി വർധിപ്പിക്കുന്നു. സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്താണ് ഇവർ വ്യാജ രജിസ്ട്രേഷൻ രേഖകൾ നിർമിച്ചിരുന്നത്. അയൂബ് അലി, എംഡി മൊസ്തഫ അഹമ്മദ്, ജലാൽ മണ്ഡൽ എന്നിവരാണ് പിടിയിലായ മറ്റ് പ്രതികൾ.
കേരളത്തിലേക്ക് ഒഴുകിയത് 200ലധികം വാഹനങ്ങൾ കസ്റ്റംസ് കണ്ടെത്തിയ വിവരമനുസരിച്ച്, ഇത്തരത്തിൽ നിയമവിരുദ്ധമായി കടത്തിക്കൊണ്ടുവന്ന 200ലധികം ആഢംബര വാഹനങ്ങൾ കേരളത്തിലെത്തിയിട്ടുണ്ട്. ഇതിനോടകം തന്നെ 49 വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്ത് കഴിഞ്ഞു. കേരളത്തിലെ പ്രമുഖ ചലച്ചിത്ര താരങ്ങൾ, പ്രവാസി ബിസിനസുകാർ എന്നിവരുടേത് അടക്കമുള്ള വാഹനങ്ങൾ കസ്റ്റംസ് നിരീക്ഷണത്തിലാണ്.
സിനിമാ മേഖലയിലെ പല പ്രമുഖരും ഇത്തരത്തിൽ നികുതി വെട്ടിച്ച് കാറുകൾ വാങ്ങിയതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. വരാനിരിക്കുന്നത് കൂടുതൽ നടപടികൾ കോടിക്കണക്കിന് രൂപയുടെ നികുതി നഷ്ടമാണ് ഈ തട്ടിപ്പിലൂടെ സർക്കാരിന് ഉണ്ടായിരിക്കുന്നത്. നിലവിൽ പിടിയിലായ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ തട്ടിപ്പിൽ പങ്കാളികളായ കൂടുതൽ ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും വിവരങ്ങൾ ലഭിക്കുമെന്നാണ് കസ്റ്റംസ് പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളിൽ സിനിമ-സീരിയൽ രംഗത്തെ പ്രമുഖരിലേക്കും അന്വേഷണം നീളാനും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാനും സാധ്യതയുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR