വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്തിയാൽ കേരളത്തിലെ സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തുന്ന സമഗ്രമായ പദ്ധതികൾ നടപ്പിലാക്കുമെന്ന് രാഹുൽ ഗാന്ധി
Thiruvananthapuram, 07 മാര്ച്ച് (H.S.) വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്തിയാൽ കേരളത്തിലെ സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തുന്ന സമഗ്രമായ പദ്ധതികൾ നടപ്പിലാക്കുമെന്ന് രാഹുൽ ഗാന്ധി. ''പുതുയുഗയാത്ര''യുടെ സമാപന സമ്മേളനത്തിൽ വെച്ച്
Rahul Gandhi


Thiruvananthapuram, 07 മാര്ച്ച് (H.S.)

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്തിയാൽ കേരളത്തിലെ സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തുന്ന സമഗ്രമായ പദ്ധതികൾ നടപ്പിലാക്കുമെന്ന് രാഹുൽ ഗാന്ധി. 'പുതുയുഗയാത്ര'യുടെ സമാപന സമ്മേളനത്തിൽ വെച്ച് കേരളത്തിൻ്റെ വികസന സ്വപ്നങ്ങൾക്ക് ചിറകേകുന്ന വമ്പൻ പ്രഖ്യാപനങ്ങളാണ് അദ്ദേഹം നടത്തിയത്.

'അർഹരായവർക്ക് ക്ഷേമപെൻഷൻ 3000 രൂപയായി വർധിപ്പിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർഥം 25 ലക്ഷം രൂപയുടെ ഹെൽത്ത് കവറേജ് ഏർപ്പെടുത്തും. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കും. കോളജ് തലത്തിൽ പഠിക്കുന്ന വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ പഠനസഹായം നൽകും. തൊഴിൽരഹിതരായ യുവാക്കൾക്ക് ബിസിനസ് ആരംഭിക്കാന് 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ ലഭ്യമാക്കും ഇങ്ങനെ ഇന്ദിര ഗ്യാരൻ്റി എന്ന പേരില് അഞ്ചിന പ്രഖ്യാപനമാണ് രാഹുല് ഗാന്ധി നടത്തിയത്. വയോജനങ്ങളുടെ ക്ഷേമത്തിനും പരിപാലനത്തിനുമായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്നും രാഹുല് ഗാന്ധി പറഞ്ഞു.

രാജ്യത്തെ സമ്പത്ത് മുഴുവൻ അദാനിക്കും അംബാനിക്കും നൽകുന്ന മോദിയുടെ കോർപ്പറേറ്റ് നയങ്ങളിൽ നിന്ന് വ്യത്യസ്തമായി യുഡിഎഫ് ഈ ആനുകൂല്യങ്ങൾ കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾക്കാണ് നൽകുന്നതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.

കേരളം മുന്നോട്ട് നയിക്കുന്നതിൽ കേരളത്തിനു പറയാനുള്ളത് കേട്ടുകൊണ്ടാണ് വി ഡി സതീശന് നയിച്ച യാത്ര മുന്നോട്ടു നീങ്ങിയത്. കേരളം മനോഹരമാണെന്ന് മാത്രമല്ല, അത് അത്യന്തം ബഹുസ്വരവുമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കായികരംഗത്ത് രാജ്യത്തിൻ്റെ അഭിമാനമായ സഞ്ജു സാംസണെ കേരളത്തിനു വേണ്ടി പ്രത്യേകമായി അനുമോദിക്കാനും അദ്ദേഹം മറന്നില്ല. സഞ്ജു 'ഹീറോ ഓഫ് ഇന്ത്യ' ആണെന്ന് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചു.

ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥയിൽ അതീവ ആശങ്ക പ്രകടിപ്പിച്ച രാഹുൽ, ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ പുലർത്തുന്ന മൗനത്തെ ചോദ്യം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വഞ്ചിച്ചുവെന്ന് ആരോപിച്ച അദ്ദേഹം, അമേരിക്കയുമായി ഒപ്പിട്ട കരാറിലൂടെ ഇന്ത്യൻ കാർഷിക മേഖലയെ വിദേശ ശക്തികൾക്ക് അടിയറവ് വെച്ചുവെന്നും കുറ്റപ്പെടുത്തി. അമേരിക്ക പറയുന്ന രാജ്യങ്ങളിൽ നിന്ന് മാത്രം എണ്ണ വാങ്ങാമെന്ന് ഉറപ്പിച്ചത് രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്നും, റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ അമേരിക്കയുടെ അനുമതി വേണ്ടിവരുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു. 9 ലക്ഷം കോടി രൂപയുടെ സാധനങ്ങൾ അമേരിക്കയിൽ നിന്ന് വാങ്ങാമെന്ന് മോദി ട്രംപിന് വാക്കു നൽകിയത് എപ്സ്റ്റീൻ ഫയലുകൾ കാണിച്ച് ഭീഷണിപ്പെടുത്തിയത് കൊണ്ടാണെന്നും ഇതിൽ മോദിയുടെയും ഹർദീപ് സിംഗ് പുരിയുടെയും അനില് അംബാനിയുടെയും പേരുകളുണ്ടെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

ട്രംപ് മോദിയെ നിയന്ത്രിക്കുന്നത് പോലെയാണ് മോദി പിണറായി വിജയനെ നിയന്ത്രിക്കുന്നതെന്നും കേരളത്തിൽ സിപിഎമ്മും ബിജെപിയും ചേർന്ന് 'സിജെപി' ആയിട്ടാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. തനിക്കെതിരെ ഇഡി 36 കേസുകൾ എടുക്കുകയും 52 മണിക്കൂർ ചോദ്യം ചെയ്യുകയും ചെയ്തപ്പോൾ, എന്തുകൊണ്ട് പിണറായി വിജയനെ ചോദ്യം ചെയ്യാൻ തയ്യാറാകുന്നില്ലെന്ന് ചോദിച്ച അദ്ദേഹം, ഇത് ഇരു കൂട്ടരും തമ്മിലുള്ള അവിശുദ്ധ ധാരണയാണെന്നും കൂട്ടിച്ചേർത്തു. ഇത് കമ്മ്യൂണിസ്റ്റ് സർക്കാരല്ലെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന പേര് മാറ്റി 'കോർപ്പറേറ്റ് പാർട്ടി ഓഫ് കേരള' എന്നാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമല സ്വർണക്കവർച്ച കേസ് അട്ടിമറിക്കപ്പെട്ടുവെന്നും എന്നാൽ കുറ്റവാളികളെ യുഡിഎഫ് അധികാരത്തിൽ വന്നാൽ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

നമ്മൾ പ്രതിപക്ഷമല്ല, അധികാരത്തിലേക്ക് വരാൻ പോകുന്ന മുന്നണിയാണ് എന്ന വി ഡി സതീശൻ്റെ വാക്കുകൾ വലിയ കരഘോഷത്തോടെയാണ് പ്രവർത്തകർ വരവേറ്റത്. തൻ്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമാണ് ഈ യാത്ര നൽകിയതെന്ന് പറഞ്ഞ അദ്ദേഹം, നിറകണ്ണുകളോടെ യുഡിഎഫ് പ്രവർത്തകരോട് നന്ദി രേഖപ്പെടുത്തുന്നതായും പറഞ്ഞു. ഇന്ത്യയിൽ ഒരു പ്രസ്ഥാനവും ചെയ്യാത്ത തയ്യാറെടുപ്പോടെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിന്നെ നേരിടുന്നത്. ഒരു നിയോ കേരള മോഡൽ അതാണ് യുഡിഎഫ് വാഗ്ദാനം. ഈ സെക്രട്ടേറിയറ്റ് ഇന്ത്യയിലെ ഏറ്റവും കാര്യക്ഷമമായ സ്ഥാപനമാക്കും. തൊഴിൽ വിദ്യാഭ്യാസം ആരോഗ്യ രംഗങ്ങളില് മാറ്റുണ്ടാക്കുന്ന പദ്ധതികൾ യുഡിഎഫിനുണ്ട്. പോരാളികളെ പോലെടീം യുഡിഎഫ് ഇന്നു മുതൽ രംഗത്തിറങ്ങും. 100 ലധികം സീറ്റ് നേടി യു ഡി എഫ് അധികാരത്തിൽ വരുമെന്നും സതീശന് പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News