Enter your Email Address to subscribe to our newsletters

Thiruvananthapuram, 07 മാര്ച്ച് (H.S.)
ലോകത്ത് മറ്റാർക്കും അവകാശപ്പെടാനില്ലാത്ത വിധം മികച്ചതും സമാനതകളില്ലാത്തതുമായ ഒരു വ്യവസായ സംവിധാനം ചൈന കെട്ടിപ്പടുത്തിട്ടുണ്ടെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. എന്നാൽ ചൈനയുടെ ഭരണരീതി ജനാധിപത്യവിരുദ്ധവും നിർബന്ധിതവുമാണെന്ന് അദ്ദേഹം വിമർശിച്ചു. ശനിയാഴ്ച തിരുവനന്തപുരം ടെക്നോപാർക്കിലെ ഐടി വിദഗ്ധരുമായി നടത്തിയ സംവാദത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. ചൈനയുടെ വ്യവസായ വ്യൂഹത്തെക്കുറിച്ചും ഇന്ത്യയുടെ സാധ്യതകളെക്കുറിച്ചും രാഹുൽ ഗാന്ധി സംസാരിച്ചു.
ലോകത്തെ വ്യവസായ ഉൽപ്പാദന മേഖല ചൈന കൈയടക്കിയിരിക്കുകയാണ്. എന്നാൽ ഇന്ത്യയും അമേരിക്കയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇപ്പോഴും ഉപഭോഗ മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഐടി മേഖലയെപ്പോലെയുള്ള ഉപഭോഗ മേഖലകളിലല്ല, മറിച്ച് വ്യവസായ ഉൽപ്പാദന മേഖലയിലാണ് യഥാർത്ഥ തൊഴിലവസരങ്ങൾ ഉള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചൈനയെപ്പോലെ അടിച്ചമർത്തലില്ലാതെ, ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ട് ഒരു വ്യവസായ സംവിധാനം കെട്ടിപ്പടുക്കാൻ ഇന്ത്യക്ക് സാധിച്ചാൽ അത് ലോകത്തിന് തന്നെ വലിയൊരു മാതൃകയാകുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ യുദ്ധങ്ങളിൽ (ഉദാഹരണത്തിന് ഉക്രെയ്ൻ-റഷ്യ യുദ്ധം) ഇലക്ട്രിക് മോട്ടറുകൾക്കും ബാറ്ററികൾക്കും വലിയ പ്രാധാന്യമുണ്ട്. ഈ സാങ്കേതികവിദ്യയിൽ ചൈനയ്ക്കാണ് ആധിപത്യം. ഇത് ഇന്ത്യക്കും യൂറോപ്പിനും വലിയൊരു പ്രശ്നമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇലക്ട്രിക് മോട്ടർ സാങ്കേതികവിദ്യയിൽ ചൈനയുമായി മത്സരിക്കാൻ ഇന്ത്യക്ക് മാത്രമേ സാധിക്കൂ. ശരിയായ നയങ്ങളും കാഴ്ചപ്പാടും ഉണ്ടെങ്കിൽ ഈ മേഖലയിൽ ഇന്ത്യക്ക് വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും. അദാനി, അംബാനി തുടങ്ങിയ വലിയ ബിസിനസ് ഗ്രൂപ്പുകൾ ഉൽപ്പാദന മേഖലയിൽ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നും, അവർ പ്രാദേശിക ഉൽപ്പാദനത്തെ തകർക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നിലവിലെ ജിഎസ്ടി സംവിധാനം ഉൽപ്പാദക സംസ്ഥാനങ്ങളെ തകർക്കുന്നതും ഉപഭോഗ സംസ്ഥാനങ്ങളെ സഹായിക്കുന്നതുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയത്തിലില്ലെങ്കില് പൈലറ്റ്
താാൻ രാഷ്ട്രീയത്തിൽ ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ എയ്റോസ്പേസ് മേഖലയിൽ ഒരു സംരംഭകനാകുമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. തിരുവനന്തപുരം ടെക്നോപാർക്കിലെ ഐടി വിദഗ്ധരുമായി നടത്തിയ സംവാദത്തിനിടെ ഒരു ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
താൻ ഒരു രാഷ്ട്രീയക്കാരനാണെന്ന് പലരും നിർവചിക്കാറുണ്ടെങ്കിലും, യഥാർത്ഥത്തിൽ താൻ മറ്റ് പല കാര്യങ്ങളും ചെയ്യാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരാളെ രാഷ്ട്രീയക്കാരൻ, സാങ്കേതിക വിദഗ്ധൻ, എഞ്ചിനീയർ എന്നിങ്ങനെ വിളിക്കുന്നത് ആ വ്യക്തിയുടെ സാധ്യതകളെ പരിമിതപ്പെടുത്തുന്ന നിർവചനങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഞാൻ ഒരു രാഷ്ട്രീയ സംഘടനയിൽ പ്രവർത്തിക്കുന്നില്ലായിരുന്നുവെങ്കിൽ, ഒരുപക്ഷേ എയ്റോസ്പേസ് ലോകത്ത് ചില സംരംഭങ്ങൾ ചെയ്യുമായിരുന്നു. ഞാൻ ഒരു പൈലറ്റാണ്, എൻ്റെ പിതാവും അമ്മാവനും പൈലറ്റുമാരായിരുന്നു. അതുകൊണ്ട് തന്നെ ആ ഒരു താൽപ്പര്യം ഞങ്ങളുടെ കുടുംബത്തിലുണ്ട്, അദ്ദേഹം പറഞ്ഞു.
നമുക്ക് എല്ലാ കാര്യങ്ങളിലും കൗതുകം ഉണ്ടായിരിക്കണം. എല്ലാത്തിനെയും തുറന്ന മനസ്സോടെ സമീപിക്കണം, അപ്പോഴാണ് നമുക്ക് കാര്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ കഴിയുക, രാഹുല് ഗാന്ധി പറഞ്ഞു.
ശിവഗിരി മഠം സന്ദർശിച്ച് രാഹുൽ ഗാന്ധി
രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വർക്കലയിലെ ശിവഗിരി മഠം സന്ദർശിച്ചു. മഠത്തിലെത്തിയ രാഹുലിനെ, സാമൂഹിക പരിഷ്കർത്താവായ ശ്രീനാരായണ ഗുരു സ്ഥാപിച്ച ആശ്രമത്തിൻ്റെ മഠാധിപതി സ്വാമി സച്ചിദാനന്ദയും മറ്റ് ഭാരവാഹികളും ചേർന്ന് വലിയ മാല അണിയിച്ച് സ്വീകരിച്ചു. തുടർന്ന് അദ്ദേഹം ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട മഠത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുകയും ഗുരുവിൻ്റെ സമാധിയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് വെള്ളിയാഴ്ച കൊല്ലത്ത് നടന്ന ചടങ്ങിലും അദ്ദേഹം പങ്കെടുത്തിരുന്നു. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, എം.എൽ.എമാരായ പി.സി. വിഷ്ണുനാഥ്, ചാണ്ടി ഉമ്മൻ എന്നിവരുൾപ്പെടെയുള്ള പാർട്ടി നേതാക്കൾ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR