യുഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗയാത്രയുടെ സമാപന സമ്മേളനം ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും.
Thiruvananthapuram, 07 മാര്ച്ച് (H.S.) നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കേ പത്ത് വർഷം അധികാരത്തിന് പുറത്ത് നിന്ന യുഡിഎഫ് കേരളം പിടിക്കാൻ അരയും തലയും മുറുക്കി രംഗത്തേക്ക്. യുഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം
PUTHUYUGA YATRA ENDS TODAY


Thiruvananthapuram, 07 മാര്ച്ച് (H.S.)

നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കേ പത്ത് വർഷം അധികാരത്തിന് പുറത്ത് നിന്ന യുഡിഎഫ് കേരളം പിടിക്കാൻ അരയും തലയും മുറുക്കി രംഗത്തേക്ക്. യുഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗയാത്രയുടെ സമാപന സമ്മേളനം ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. വൈകിട്ട് നടക്കുന്ന പൊതു സമ്മേളനത്തിൽ കോൺഗ്രസിൻ്റെ പ്രകടനപത്രികയിലെ പ്രധാന പ്രഖ്യാപനങ്ങൾ രാഹുൽ ഗാന്ധി നടത്തിയേക്കുമെന്ന സൂചനയുമുണ്ട്. ഭൂരിപക്ഷം മണ്ഡലങ്ങളിലും യുഡിഎഫും എൽഡിഎഫുമായി നേർക്കുനേർ ഏറ്റുമുട്ടലാണ് നടക്കുന്നതെങ്കിലും സംസ്ഥാനത്തെ മൂന്നാം ശക്തിയായി ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മാറിയിട്ടുണ്ട്.

ഭരണവിരുദ്ധ വികാരം മുതലെടുക്കാൻ പ്രതിപക്ഷം

പത്ത് വർഷം തുടർച്ചയായി എൽഡിഎഫ് ഭരിച്ച സംസ്ഥാനത്തുള്ള ഭരണവിരുദ്ധവികാരത്തിൽ നിന്നുള്ള നേട്ടം പരമാവധി തങ്ങൾക്കനുകൂലമാക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസുള്ളത്. സർക്കാരിൻ്റെ ഭരണപരാജയങ്ങൾ ചൂണ്ടിക്കാട്ടുന്നതിന് പുറമേ ഇടതമുന്നണിയുടെ നയവ്യതിയാനവും പരമാവധി ചർച്ചയാക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസും യുഡിഎഫുമുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ മലപ്പുറം വിരുദ്ധ പരാമർശങ്ങൾ, ശബരിമല സ്വർണക്കൊള്ളയിൽ വിശ്വാസി സമൂഹത്തിനുണ്ടായ അവമതിപ്പ് എന്നിവ തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയായി നിലനിര്ത്താനാണ് ശ്രമം. തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനമൊട്ടാകെയുള്ള നേട്ടത്തിൽ യുഡിഎഫിൻ്റെ ആത്മവിശ്വാസവും ഉയർന്നിട്ടുണ്ട്. എന്നാൽ സംസ്ഥാനത്ത് മൂന്നാം ശക്തിയായി ഉയർന്നു വരുന്ന ബിജെപി ഭരണവിരുദ്ധവികാരം മുതലെടുക്കാതിരിക്കാനുള്ള തന്ത്രവും കോൺഗ്രസ് പുറത്തെടുത്തേക്കും.

സാമുദായിക സമവാക്യങ്ങൾ ശക്തിപ്പെടുത്തി കോൺഗ്രസ്

കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലും കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങൾ യുഡിഎഫിനൊപ്പമുണ്ടായിരുന്നില്ല. മുസ്ലീം ന്യൂനപക്ഷ വിഭാഗത്തിൽ നിർണായക സ്വാധീനമുള്ള യുഡിഎഫിലെ ഘടകകക്ഷിയായ മുസ്ലീം ലീഗിലൂടെയാണ് ഈ രണ്ട് തവണയും മുന്നണി ഇത്തരം കുറവ് പരിഹരിച്ചത്. പരമ്പരാഗത ക്രിസ്ത്യൻ സഭകൾ യുഡിഎഫിനെ അകറ്റി നിർത്തിയപ്പോൾ ലീഗിന് പുറത്തു നിന്നും കോൺഗ്രസ് സമാഹരിക്കേണ്ട മുസ്ലീം വോട്ടുകളും കോൺഗ്രസിന് ലഭിച്ചില്ല. ഒരു പരിധി വരെ ഭൂരിപക്ഷ വോട്ടുകൾ സമാഹരിക്കാൻ ശ്രമം നടന്നുവെങ്കിലും അതും ഉദ്ദേശിച്ച ഫലം കണ്ടില്ല.

ഒബിസി വിഭാഗങ്ങളും ഏതാണ്ട് കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിയെ അകറ്റി നിർത്തിയതും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. എന്നാൽ 2026ൽ എത്തുമ്പോൾ കോൺഗ്രസിൻ്റെയും മുന്നണിയുടെയും സ്ഥിതി വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന വിലയിരുത്തലാണ് രാഷ്ട്രീയനിരീക്ഷകർക്കുള്ളത്. പ്രതിപക്ഷനേതാവ് വി ഡി സതീശൻ്റെ നേതൃത്വത്തിലുള്ള മുന്നണിക്ക് സാമുദായിക സമവാക്യങ്ങൾ തിരിച്ചു പിടിക്കാൻ കഴിഞ്ഞതതോടെ കോൺഗ്രസിലും മുന്നണി നേതൃത്വത്തിലുമുള്ള യുഡിഎഫിലെ മറ്റ് കക്ഷികളുടെ വിശ്വാസ്യത ഇരട്ടിച്ചു.

ന്യൂനപക്ഷങ്ങളെ അടുപ്പിക്കാനായി

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും എൽഡിഎഫിനോട് ഒട്ടിനിന്ന ന്യൂനപക്ഷങ്ങളെ ഘട്ടംഘട്ടമായി യുഡിഎഫിനോട് അടുപ്പിക്കാൻ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ടെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ക്രൈസ്തവ- മുസ്ലീം ന്യൂനപക്ഷങ്ങൾ സാമുദായികമായും അല്ലാതെയും സംഘടിപ്പിച്ച മുന്നൂറിൽപ്പരം യോഗങ്ങളിലാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പ്രസംഗിച്ചത്. എക്കാലത്തും കോൺഗ്രസിനെ പിന്തുണച്ചിരുന്ന ക്രൈസ്തവ സഭകൾ അടുത്ത കാലത്തായി പാർട്ടിയിൽനിന്ന് അകലം പാലിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള എൽഡിഎഫിൽ അവർക്ക് വിശ്വാസമുണ്ടായിരുന്നു.

എയ്ഡഡ് സ്കൂൾ നിയമനങ്ങളിലുണ്ടായ എതിർപ്പുകൾ, തുടർച്ചയായി വന്യജീവി ആക്രമണങ്ങളിലുണ്ടായ സർക്കാരിൻ്റെ നിസംഗത എന്നിവയും അവരെ ഇടത് നിന്നും യുഡിഎഫിലേക്ക് നയിച്ചപ്പോൾ സംസ്ഥാനത്താകെയുണ്ടായിരുന്ന ഓർത്തഡോക്സ്- യാക്കോബായ പള്ളിത്തർക്കങ്ങളിൽ ഓർത്തഡോകസ് വിഭാഗത്തിന് ലഭിച്ച അനുകൂല വിധി നടപ്പാക്കാൻ വിമുഖത കാട്ടിയത് ആ വിഭാഗത്തെയും അകറ്റി. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, മുനമ്പം ഭൂമിവിഷയം തുടങ്ങിയുള്ള നിരവധി വിഷയങ്ങളാണ് ലത്തീൻ സമുദായത്തെ അകറ്റിയത്. എന്നാൽ പരമ്പരാഗത സഭകളുടെ വിശ്വാസ്യത തിരികെപ്പിടിക്കുന്നതിൽ പാർട്ടിയും പ്രതിപക്ഷനേതാവും വിജയിച്ചുവെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരമടക്കം രണ്ട് കോർപ്പറേഷനുകളിലും ഒരു ലോക്സഭാ സീറ്റിലും ഒരു നിയമസഭാ സീറ്റിലും വിജയിച്ച ബിജെപി സംസ്ഥാനത്താകെ നടത്തിയ ക്രിസ്ത്യൻ ഔട്ട് റീച്ച് പാളിയെന്ന് പാർട്ടി വൃത്തങ്ങൾ മുമ്പ് തന്നെ സമ്മതിച്ചിരുന്നു.

മൂന്ന് മുന്നികൾക്കും ഒബിസി, ഈഴവ വോട്ടുകളിലും കണ്ണ്

ന്യൂനപക്ഷ, ഭൂരിപക്ഷ വോട്ടുകൾക്ക് പുറമേ ഒബിസി ഈഴവ വോട്ടുകളിലും മൂന്ന് മുന്നണികൾക്കും കണ്ണുണ്ട്. ദളിത് ക്രൈസ്തവരടക്കമുള്ളവരുടെ വോട്ടുകൾ ഇക്കുറി യുഡിഎഫിലേക്ക് പോകുമെന്ന സൂചനയാണ് അവരുടെ നേതാക്കൾ തന്നെ നൽകുന്നത്. ഇടതുപക്ഷത്തിൻ്റെ അടിസ്ഥാന വോട്ട് ബാങ്കെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈഴവ വിഭാഗത്തിൽ നിന്നുള്ള വോട്ട് ചോർച്ച കേരള രാഷ്ട്രീയത്തിൽ നിർണായക മാറ്റങ്ങൾക്ക് വഴിവെയ്ക്കുമെന്ന് കരുതപ്പെടുന്നു.

1980കൾ വരെ കോൺഗ്രസിനൊപ്പം നിലയുറപ്പിച്ചിരുന്ന വോട്ടുകളാണ് പിന്നീട് ഇടതു കൂടാരത്തിലേക്ക് മാറിയത്. എന്നാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത് ബിജെപിക്കനുകൂലമായി മാറിയെന്ന വ്യക്തമായ സൂചനകളാണ് പല മണ്ഡലങ്ങളിലെയും ഫലങ്ങളിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞത്. ഇക്കുറി നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ശിവഗിരി മഠവുമായി കോൺഗ്രസ് അടുക്കുന്നതിൻ്റെ കാര്യവും മറ്റൊന്നല്ല. ഇടതുപക്ഷത്തെ വിട്ട് പോകുന്ന വോട്ടുകൾ സമാഹരിക്കാനുള്ള തന്ത്രമാണ് ഫലപ്രദമായി കോൺഗ്രസ് നടപ്പാക്കുന്നത്.

ഈഴവ വോട്ടുകളുടെ ഒഴുക്ക് ഇടതിനെ ക്ഷീണിപ്പിക്കും

ഈഴവവോട്ടുകൾ വ്യാപകമായി ചോരുന്നത് ഇടതിനെ ക്ഷീണിപ്പിക്കുമെന്ന് സെൻട്രൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും രാഷ്ട്രീയ നിരീക്ഷകനുമായി ഡോ. ബി ഗോപകുമാർ വ്യക്തമാക്കി. ബിജെപിയിലേക്കാണ് കൂടുതൽ വോട്ടുകളും എത്തുന്നത്. അത് ബിജെപി മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയം കൊണ്ടുമാത്രമല്ല മോദി അനുകൂല വോട്ടുകളായും വ്യാഖ്യാനിക്കാം. ഏറ്റവും അവസാനം 1977-80 കാലഘട്ടത്തിലാണ് കോൺഗ്രസിന് ഇതിൻ്റെ ഗുണം കിട്ടിയത്. അന്ന് പാലക്കാട്ടും ആലപ്പുഴയിലും ഇടത് കോട്ടകൾ വ്യാപകമായി തകർന്നു. പിന്നീട് കോൺഗ്രസ് ന്യൂനപക്ഷ കേന്ദ്രീകൃതമായി പ്രവർത്തിച്ചതോടെ ഈ വോട്ടുകൾ ഇടതുകൂടാരത്തിലേക്ക് പോയി. നിലവിൽ 25 ശതമാനം വരുന്ന ഈഴവവോട്ടുകൾ കൂടി സമാഹരിച്ചാൽ മാത്രമേ സിപിഎമ്മിനെ ഫലപ്രദമായി പ്രതിരോധിക്കാനാവൂ എന്ന തിരിച്ചറിവിൽ നിന്നാണ് കോൺഗ്രസ് വീണ്ടും ഈഴവ വിഭാഗത്തിൻ്റെ പിന്തുണ ഗൗരവമായി തേടുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News