Enter your Email Address to subscribe to our newsletters

Hyderabad, 07 മാര്ച്ച് (H.S.)
ദക്ഷിണേന്ത്യയിൽ ആദ്യമായി കോടികള് ചെലവിട്ട് നൂതന കാൻസർ ചികിത്സ വികസിപ്പിച്ചു. ന്യൂറോ ഓങ്കോളജി ഡീപ് ഡൈവ് ZAP-X എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന സാങ്കേതിക വിദ്യയാണ് ഇവിടെ വികസിപ്പിച്ചത്. ശസ്ത്രക്രിയ കൂടാതെ ബ്രെയിൻ ട്യൂമറുകൾ ചികിത്സിക്കാൻ കഴിവുള്ള അത്യാധുനിക ZAP-X റേഡിയോ സർജറി മെഷീനാണ് പരിചയപ്പെടുത്തിയിരിക്കുന്നത്.
ജോൺ ആർ അഡ്ലറാണ് മിഷ്യൻ കണ്ടുപിടിച്ചിരിക്കുന്നത്. നാൽപ്പത് കോടി രൂപയാണ് നിർമ്മാണത്തിന് പിന്നിൽ ചെലവായിട്ടുള്ളത്. തെലങ്കാന ഗച്ചിബൗളിയിലെ എഐജി ആശുപത്രിയാണ് ഈ സംവിധാനം വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്. ഇത്തരമൊരു സാങ്കേതിക വിദ്യ അവതരിപ്പിച്ച ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആശുപത്രി എന്ന ഖ്യാതിയും എഐജി ആശുപത്രി സ്വന്തമാക്കി. ബ്രെയ്ൻ ട്യൂമറിനെതിരെ നടത്തുന്ന ചികിത്സയ്ക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പായാണ് ഇതിനെ കാണുന്നത്.
അനസ്തേഷ്യയുടെ ആവശ്യമില്ലാതെ ശിശുക്കൾക്ക് പോലും ചികിത്സ നൽകാൻ ഈ സാങ്കേതികവിദ്യ സഹായിക്കുമെന്നും, ഇത് നോൺ-ഇൻവേസിവ് ന്യൂറോ സർജറിയിൽ പുതിയ സാധ്യതകൾ തുറക്കുമെന്നും മെഷീൻ കണ്ടുപിടിച്ച ജോൺ ആർ അഡ്ലർ പറയുന്നു. വൈകല്യങ്ങൾ, പൊണ്ണത്തടി തുടങ്ങിയ മറ്റ് രോഗാവസ്ഥകൾക്ക് ZAP-X ഉപയോഗിക്കുന്നതിനെപ്പറ്റി ഗവേഷണങ്ങളും നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ZAP-X മെഷീനിന് അഞ്ച് സെൻ്റിമീറ്റർ വരെ വലിപ്പമുള്ള ബ്രെയിൻ ട്യൂമറുകൾ കണ്ടെത്തി റേഡിയേഷൻ ബീമുകൾ ഉപയോഗിച്ച് ചികിത്സിക്കാൻ കഴിയുമെന്നതാണ് ഏറ്റവും വലിയ സവിശേഷത. ഇത് മൂലം ശസ്ത്രക്രിയയുടെ മുറിവുകൾ അവശേഷിക്കുകയില്ല. രോഗിയുടെ മുടി മുണ്ഡനം ചെയ്യുന്നതിൻ്റെ ആവശ്യകതയും ഇല്ല. വലിയ ട്യൂമറുകൾക്ക് ആദ്യം ശസ്ത്രക്രിയ നടത്താം. തുടർന്ന് മെഷീൻ ഉപയോഗിച്ച് റേഡിയേഷൻ ചികിത്സ നടത്താം എന്ന് ഡോക്ടർമാർ പറയുന്നു.
ചികിത്സാ നടപടികൾ ഒരു ഡേ-കെയർ നടപടിക്രമമായിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതായത് ചികിത്സയ്ക്ക് ശേഷം രോഗികൾക്ക് അതേ ദിവസം തന്നെ വീട്ടിലേക്ക് മടങ്ങാം. ഓരോ തെറാപ്പി സെഷനും സാധാരണയായി 30 മുതൽ 45 മിനിറ്റ് വരെ നീണ്ടുനിൽക്കും. കൂടാതെ മിക്ക രോഗികൾക്കും അവസ്ഥ അനുസരിച്ച് നാല് മുതൽ അഞ്ച് വരെ സൈക്കിളുകൾ ആവശ്യമായി വന്നേക്കാം എന്നും ഡോക്ടർമാർ കൂട്ടിച്ചേർക്കുന്നു.
ആറ്റോമിക് എനർജി റെഗുലേറ്ററി ബോർഡിൽ നിന്ന് അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ ചികിത്സ ആരംഭിക്കുമെന്ന് സീനിയർ ന്യൂറോ സർജൻ ഡോ. സുബോധ് രാജു പറഞ്ഞു. ഈ തെറാപ്പിയുടെ ഏകദേശ ചെലവ് മൂന്ന് മുതൽ നാല് ലക്ഷം വരെയാണ്. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ ഇത് ലഭ്യമാക്കാനാണ് ആശുപത്രി ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കുന്നു. ബ്രെയിൻ ട്യൂമറുകൾ കൂടാതെ പാർക്കിൻസൺസ്, കൈ വിറയൽ, മുഖ നാഡിയിലെ വേദനാജനകമായ ഒരു രോഗമായ ട്രൈജമിനൽ ന്യൂറൽജിയ തുടങ്ങിയ നാഡീവ്യവസ്ഥ അവസ്ഥകൾക്കും ഈ സാങ്കേതികവിദ്യ സഹായിക്കുമെന്ന് ഡോക്ടർമാർ പറയുന്നു.
കൃത്യമായ റേഡിയേഷൻ ചികിത്സയിലൂടെ, ബ്രെയിൻ ട്യൂമറുകൾക്ക് ശസ്ത്രക്രിയ പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള വിദ്യയാണ് ഇവിടെ ആവിഷ്ക്കരിച്ചിരിക്കുന്നത്. ആഗോളതലത്തിൽ ലഭ്യമായ ഏറ്റവും നൂതനമായ ഗൈറോസ്കോപ്പിക് റേഡിയോസർജറി മെഷീനുകളിൽ ഒന്നാണ് ZAP-X സിസ്റ്റമെന്ന് എഐജി ഹോസ്പിറ്റൽസിൻ്റെ ചെയർമാൻ ഡോ. ഡി. നാഗേശ്വർ റെഡി പറയുന്നു. “ലോകത്ത് ഇത്തരത്തിലുള്ള 36 മെഷീനുകൾ മാത്രമേയുള്ളൂ, ഏഷ്യയിൽ നാലെണ്ണവും ഇന്ത്യയിൽ രണ്ടെണ്ണവും. നാൽപ്പത് കോടി ചെലവാക്കി ദക്ഷിണേന്ത്യയിൽ ആദ്യമായി നിർമ്മിക്കുന്ന സങ്കേതിക വിദ്യയാണിത്,” എന്ന് അദ്ദേഹം പറഞ്ഞു.
ഇന്നലെ (ഫെബ്രുവരി 6) തെലങ്കാന ആരോഗ്യമന്ത്രി ദാമോദർ രാജനരസിംഹയാണ് ഈ ആധുനിക വിദ്യ ഉദ്ഘാടനം ചെയ്തത്. അത്യാധുനിക മെഡിക്കൽ സാങ്കേതികവിദ്യ സ്വീകരിച്ചതിന് അദ്ദേഹം ആശുപത്രിയെ പ്രശംസിച്ചു. സംസ്ഥാനത്തെ രോഗികൾക്ക് നൂതന ആരോഗ്യ സംരക്ഷണ പരിഹാരങ്ങൾ എത്തിക്കുന്നതിൽ എഐജി പോലുള്ള സ്ഥാപനങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു, എന്ന് അദ്ദേഹം പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR