ജീവിതത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കുന്ന പെരിങ്ങോം കാഞ്ഞിരപൊയിലിലെ കെ പി ഗീതയ്ക്ക് സംസ്ഥാനസർക്കാരിൻ്റെ തൊഴിൽശ്രേഷ്ട പുരസ്കാരം
Kasaragod, 08 മാര്ച്ച് (H.S.) കണ്ണൂർ, കാസർഗോഡ് ജില്ലകൾ ചുറ്റിയടിക്കുന്ന കെ.പി ഗീതക്ക് തെങ്ങ് കയറൽ എന്നത് ഒരു ഹരമാണ്. KL 86 4597 എന്ന സ്കൂട്ടിയിൽ ആവശ്യക്കാർക്ക് വേണ്ടി എവിടെയും എത്തും. പൊതുവേ പുരുഷന്മാർ മാത്രം കയ്യടക്കിവച്ച തെങ്ങുകയറ്റ തൊഴിലിലാണ് ഗ
COCONUT PALM


Kasaragod, 08 മാര്ച്ച് (H.S.)

കണ്ണൂർ, കാസർഗോഡ് ജില്ലകൾ ചുറ്റിയടിക്കുന്ന കെ.പി ഗീതക്ക് തെങ്ങ് കയറൽ എന്നത് ഒരു ഹരമാണ്. KL 86 4597 എന്ന സ്കൂട്ടിയിൽ ആവശ്യക്കാർക്ക് വേണ്ടി എവിടെയും എത്തും. പൊതുവേ പുരുഷന്മാർ മാത്രം കയ്യടക്കിവച്ച തെങ്ങുകയറ്റ തൊഴിലിലാണ് ഗീത ഇന്ന് വിസ്മയം തീർക്കുന്നത്. കയറി കയറി ഇത്തവണ സംസ്ഥാനത്ത് ഒന്നാമത് എത്തി പിടിക്കുകയും ചെയ്തു.

അർപ്പണബോധവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ ജീവിതം ഹരമാക്കി മാറ്റാമെന്ന് ഈ 42 കാരി പറയുന്നു. കുടുംബശ്രീയുടെ ഏഴു ദിവസത്തെ പരിശീലനമാണ് ഗീതയെ മരം കയറ്റ തൊഴിലിലേക്ക് നയിച്ചത്. പ്രധാനമായും പുല്ല് വെട്ടലിലും തെങ്ങു കയറലിലും ആയിരുന്നു പരിശീലനം. തെങ്ങു കയറൽ പ്രവർത്തകരുടെ കൂട്ടായ്മയായ ചങ്ങാതിക്കൂട്ടത്തിൽ അംഗമായ ഗീത നാട്ടിൽ മാത്രമല്ല കാഞ്ഞങ്ങാട് മുതൽ കണ്ണൂരിൻ്റെ വിവിധ ഭാഗങ്ങളിൽ തെങ്ങ് കയറ്റ തൊഴിലാളിയായി ജീവിക്കുന്നു.

ഒരു ദിവസം 98 വരെ തെങ്ങുകൾ കയറാറുണ്ട് എന്ന് ഗീത പറയുന്നു. ചില ദിവസങ്ങളിൽ ഉച്ച വരെ ആണ് തെങ്ങു കയറുക, അതിനു ശേഷം കാട് വെട്ട് തൊഴിലിലേക്കും ഗീത കടക്കും. ഉച്ചവരെ 60 ഓളം തെങ്ങുകൾ കയറാൻ പറ്റും എന്ന് ഗീത പറയുന്നു. ഒരു തെങ്ങിൽ കയറിയാൽ 50 രൂപയാണ് കൂലി. തെങ്ങു കയറാനുള്ള യന്ത്രങ്ങൾ പഞ്ചായത്തിലൂടെ കൃഷിഭവൻ ലഭിച്ചിട്ടുള്ളത്.

കൂടാതെ ഏറ്റവും വലിയ സന്തോഷമായി ഗീത പറയുന്നത് അവർ സഞ്ചരിക്കുന്ന സ്കൂട്ടിയുടേതാണ്. ഒരു ലോൺ പോലും എടുക്കാതെ താൻ തെങ്ങു കയറിയ പണം കൊണ്ട് വാങ്ങിയ സ്കൂട്ടിയിലാണ് തൊഴിൽ ഇടങ്ങളിലേക്ക് യാത്ര ചെയ്യുന്നതെന്ന് ഗീത സന്തോഷത്തോടെ പറയുന്നു. അഞ്ചുമുതൽ ഏഴു മിനിറ്റ് വരെ സമയമെടുത്താണ് ഒരു തെങ്ങിൽ കയറി തെങ്ങ് ശുചീകരിക്കുന്നത് ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും ചെയ്ത് ഗീത താഴെയിറങ്ങുന്നത്.

സ്ത്രീ എന്ന നിലയിൽ ഇത്രയധികം തെങ്ങുകൾ കയറുമ്പോൾ ശാരീരികമായി ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ലെ എന്ന ചോദ്യത്തിന്, ഇത് എനിക്കൊരു ഹരമാണ് എന്ന് ഗീത പറയുന്നു. മികച്ച അത്ലറ്റ് കൂടിയായ ഗീത ബ്ലോക്ക് കേരളോത്സവത്തിൽ 3000 മീറ്റർ ഓട്ടത്തിൽ ചാമ്പ്യൻ ആയിരുന്നു. ഹരിയാന സ്വദേശി മേത്തി സാഗർ ആണ് ഭർത്താവ്. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളായ ഋതികയും ബ്രിട്ടീഷും അടങ്ങുന്നതാണ് കുടുംബം.

എന്താണ് ചങ്ങാതികൂട്ടം...

സംസ്ഥാനത്തൊട്ടാകെ 5000 തെങ്ങുകയറ്റ തൊഴിലാളികളെ പരിശീലിപ്പിച്ച് രംഗത്തിറക്കുക എന്നതായിരുന്നു ബോർഡിൻ്റെ ലക്ഷ്യം. 18 മുതൽ 40 വരെ പ്രായമുള്ളവർക്കാണ് പരിശീലനം നൽകിയത്. പരിശീലനത്തിന് ആൺപെൺ ഭേദമുണ്ടായിരുന്നില്ല. പരിശീലനം കഴിഞ്ഞവരുടെ വിവരങ്ങൾ ജില്ല തിരിച്ച് നാളികേരവികസന ബോർഡിൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതിനാൽ ആവശ്യക്കാർക്ക് എളുപ്പം വിദഗ്ദ്ധതൊഴിലാളികളെ കണ്ടെത്താനാവും.

പരിശീലനത്തിന് കൃത്യമായ പാഠക്രമം തയ്യാറാക്കി കൊണ്ടായിരുന്നു പരിശീലനം നൽകിയത്. ഭക്ഷണവും താമസവും സൗജന്യമായി നൽകി കൊണ്ട് ഏഴുദിവസമാണ് പരിശീലനം. 900രൂപ പരിശീലനവേളയിൽ സ്റ്റൈപ്പൻഡ് നൽകിയിരുന്നു. ഒരുലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും പരിശീലനാർഥികൾക്ക് നൽകി.

തെങ്ങുകയറ്റയന്ത്രത്തിൻ്റെ പ്രവർത്തനരീതി. തെങ്ങ് ഉപയോഗിച്ചുള്ള പരിശീലനം. തെങ്ങിനെ അടുത്തറിയൽ. തെങ്ങുകൃഷി- മണ്ണ്, കാലാവസ്ഥ, പരിചരണം, ജൈവാവശിഷ്ടങ്ങളുടെ പുനഃചംക്രമണം, ഇടവിളകൾ, ജലസേചനം, വിളവെടുപ്പ്, തെങ്ങിലെ കീടങ്ങളുടെ നിയന്ത്രണം, തെങ്ങിൻ്റെ മണ്ട വൃത്തിയാക്കൽ, മണ്ഡരിലക്ഷണങ്ങൾ, വളപ്രയോഗരീതി, വിത്തുതേങ്ങ ശേഖരിക്കൽ. വിവിധ പ്രായത്തിലുള്ള നാളികേരത്തെ തിരിച്ചറിയാനുള്ള രീതികളും പരിശീലനത്തിൻ്റെ ഭാഗമായി നൽകിയിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News