Enter your Email Address to subscribe to our newsletters

Ernakulam, 08 മാര്ച്ച് (H.S.)
ഭാവിയില് വലിയ വികസനം ലക്ഷ്യമിട്ടാണ് എറണാകുളം വാട്ടര് മെട്രോ ടെര്മിനല് മുന്നോട്ടു കുതിക്കുന്നത്.
കുമ്പളം, ഇടക്കൊച്ചി തുടങ്ങിയ തെക്കന്, പടിഞ്ഞാറന് മേഖലകളുടെ വികസനം ലക്ഷ്യമിട്ടാണ് കൊച്ചി വാട്ടര് മെട്രോ ലിമിറ്റഡ് (കെഡബ്ല്യുഎംഎല്) നിര്ണായക ചുവടുവയ്പ്പ് നടത്തുന്നത്. എറണാകുളം ടെര്മിനലിന്റെ നിര്മ്മാണത്തിനായി കൊച്ചി വാട്ടര് മെട്രോ ടെന്ഡര് ക്ഷണിച്ചു. പശ്ചിമ കൊച്ചിയുടെ ജലഗതാഗത വികസനത്തിനും വഴിവയ്ക്കുന്നതാണ് കെഡബ്ല്യുഎംഎല്ലിന്റെ പുതിയ നീക്കം.
നിലവിലുള്ള എസ്.ഡബ്ല്യു.ടി.ഡി ബോട്ട് ജെട്ടിക്ക് സമീപമാണ് പുതിയ ടെര്മിനല് വരുന്നത്. കുമ്പളം, ഇടക്കൊച്ചി തുടങ്ങിയ തെക്കന്, പടിഞ്ഞാറന് മേഖലകളെ ബന്ധിപ്പിക്കുന്ന പ്രധാന കേന്ദ്രമായി ഈ ടെര്മിനല് മാറും. ഹൈക്കോടതി ടെര്മിനലില് നിന്നുള്ള നിലവിലെ സര്വീസുകള് മാറ്റമില്ലാതെ തുടരുമെന്നും അധികൃതര് വ്യക്തമാക്കി.
നേരത്തെ തേവര ടെര്മിനല് കേന്ദ്രീകരിച്ചായിരുന്നു വികസന പ്രവര്ത്തനങ്ങള് ആസൂത്രണം ചെയ്തിരുന്നത്. എന്നാല് കെ.എസ്.ആര്.ടി.സി ഭൂമി വിട്ടു നല്കാന് തയ്യാറാകാത്തതിനെത്തുടര്ന്നാണ് പദ്ധതി അനിശ്ചിതത്വത്തിലായത്. ഇതോടെയാണ് എറണാകുളം ടെര്മിനലിനെ പ്രധാന ഹബ്ബാക്കാന് അധികൃതര് തീരുമാനിച്ചത്. ഹൈക്കോടതി ടെര്മിനലിന് സമാനമായി ഏറ്റവും വലിയ ടെര്മിനലുകളില് ഒന്നായിരിക്കും ഇതും. വേലിയേറ്റ വ്യത്യാസങ്ങള് ബാധിക്കാത്ത വിധത്തിലുള്ള ഫ്ളോട്ടിങ് പോണ്ടൂണുകള്, വിശാലമായ കാത്തിരിപ്പ് കേന്ദ്രങ്ങള്, ആധുനിക ടിക്കറ്റ് കൗണ്ടറുകള്, കഫേകള് എന്നിവ പുതിയ ടെര്മിനലിന്റെ പ്രത്യേകതകളാണ്. കടവന്ത്രയെയും പശ്ചിമകൊച്ചിയെയും ബന്ധിപ്പിക്കുന്ന ഒരു ഫീഡര് സര്വീസിനുള്ള ഹബ് ആയും ഈ കേന്ദ്രം പദ്ധതിയിടുന്നുണ്ട്.
യാത്രക്കാര്ക്കുള്ള വിശാലമായ കാത്തിരിപ്പ് കേന്ദ്രങ്ങള്, ടിക്കറ്റ് കാണിക്കുമ്പോള് തുറക്കുന്ന ഓട്ടോമാറ്റിക് ഗേറ്റുകളുള്ള ടിക്കര് കൗണ്ടറുകള്, കിയോസ്ക്കുകള്ക്കും കഫേകള്ക്കുമുള്ള വാണിജ്യ ഇടങ്ങള് എന്നിവയും ഇവിടെ ഉണ്ടായിരിക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉടന് പ്രാബല്യത്തില് വരുന്നതിനാല് തിടുക്കം കൂട്ടാതെ നിര്മാണം പൂര്ത്തിയാക്കാനാണ് അധികൃതരുടെ നീക്കം.
നിര്മ്മാണ ചുമതല നല്കിക്കഴിഞ്ഞാല് 15 മാസത്തിനുള്ളില് പണി പൂര്ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ടെന്ഡര് സമര്പ്പിക്കാനുള്ള അവസാന തീയതി മാര്ച്ച് 21 ആണ്. ഇടക്കൊച്ചി, തോപ്പുംപടി, വരാപ്പുഴ എന്നിവിടങ്ങളിലും ഉടന് നിര്മ്മാണ പ്രവര്ത്തനങ്ങള് ആരംഭിക്കും. അതേസമയം, കടമക്കുടിയിലേക്കുള്ള വാട്ടര് മെട്രോ സര്വീസ് ആരംഭിക്കുന്നത് ജൂണ് മാസത്തേക്ക് നീട്ടിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും ബോട്ടുകള് ലഭ്യമാകുന്നതിലെ താമസവുമാണ് ഇതിന് കാരണമായി പറയുന്നത്. തുടക്കത്തില് ആവശ്യാനുസരണം ടൂറിസ്റ്റ് സര്വീസായിട്ടായിരിക്കും കടമക്കുടി മേഖലയില് മെട്രോ പ്രവര്ത്തിക്കുക.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR