Enter your Email Address to subscribe to our newsletters

Kozhikode, 08 മാര്ച്ച് (H.S.)
പുതിയ ഷോറൂമിൻ്റെ ഉദ്ഘാടന ദിനത്തിൽ നൽകിയ പരസ്യത്തിൽ പുലിവാല് പിടിച്ച് കട ഉടമ. ഒരു രൂപ നോട്ടുമായെത്തുന്നവർക്ക് ഷൂ നൽകാമെന്ന പരസ്യമാണ് തലവേദനയായത്. എന്നാൽ ഓഫർ കേട്ടതോടെ ഇരുപതിനായിരത്തിലധികം ആളുകള് ഒരുമിച്ച് കട ലക്ഷ്യമാക്കി എത്തുകയായിരുന്നു. ഇതോടെ ജനത്തിരക്ക് നിയന്ത്രിക്കാനായി പൊലീസ് ലാത്തി വീശുകയായിരുന്നു.
കോഴിക്കോട് വൈക്കം മുഹമ്മദ് ബഷീർ റോഡിലെ ട്രെൻസ് ഫാക്ടറി എന്ന കടയുടെ ഉദ്ഘാടനത്തിനിടെയാണ് അനിയന്ത്രിത ജനക്കൂട്ടമുണ്ടായത്. അതിരാവിലെ തന്നെ വൈക്കം മുഹമ്മദ് ബഷീർ റോഡിന് സമീപത്തുള്ള കടയുടെ മുന്നിൽ ജനം തടിച്ച് കൂടുകയായിരുന്നു. ഇതോടെ ഈ ഭാഗത്തെ കാൽനട യാത്രയും ഗതാഗതവും തടസപ്പെടുത്തുന്ന രീതിയിൽ ജനത്തിരക്കേറി. ഓരോ നിമിഷവും തിരക്ക് വർധിച്ചതോടെ ഉദ്ഘാടനം കാണാനെത്തിയവർ തമ്മിൽ ഉന്തും തള്ളുമായി. ഇതോടെ സംഭവം വലിയ തോതിലുള്ള സംഘർഷത്തിൽ കലാശിച്ചതോടെ പൊലീസിന് ലാത്തി വീശേണ്ടിവന്നു.
സംഭവത്തിൽ പലർക്കും ചെറിയതോതിൽ പരിക്കേറ്റിട്ടുണ്ട്. യാതൊരു സുരക്ഷാ സംവിധാനവും ഏർപ്പെടുത്താതെ പൊതുജനങ്ങൾക്കും യാത്രക്കാർക്കും ശല്യം ഉണ്ടാവുന്ന രീതിയിൽ ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ച് അനിഷ്ട സംഭവത്തിനിടയാക്കിയെന്ന് കാണിച്ച് കടയുടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരസ്യം കണ്ട് ഷൂ വാങ്ങാനായി ഇരുപതിനായിരത്തിലധികം പേർ എത്തിയെന്നാണ് പൊലീസ് നൽകുന്ന വിവരം.
മംഗലാപുരം, തൃശൂർ എന്നിവിടങ്ങളിൽ നിന്നുപോലും ആളുകൾ എത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഉദ്ഘാടന ദിവസം ഒരു രൂപയ്ക്ക് ഷൂ നൽകാമെന്ന വാഗ്ദാനം കട ഉടമ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് ഇത്രയേറെ ജനങ്ങൾ ഇത് വിശ്വസിച്ച് ഉദ്ഘാടന ചടങ്ങിൽ എത്തിയത്. ഉദ്ഘാടനത്തിനായികട തുറന്ന സമയത്ത് ആളുകൾ കടയിലേക്ക് ഇരച്ചുകയറുകയും അനിയന്ത്രിതമായ തിരക്കനുഭവപ്പെടുകയും ചെയ്തതോടെ കടയുടമ തന്നെയാണ് പൊലീസിൽ വിവരമറയിച്ചത്.
തുടർന്ന് പൊലീസ് സ്ഥലത്തെത്തിയിട്ടും ജനങ്ങൾ ഒഴിഞ്ഞ് പോകാതായതോടെ ലാത്തിവീശുകയായിരുന്നു. പൊലീസ് ലാത്തി വീശിയതോടെ ഇവിടെയെത്തിയ യുവാക്കളും കുട്ടികളും പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. തുടർന്ന് സംഘർഷത്തിൽ ഉൾപ്പെട്ട എല്ലാവരെയും ഇവിടെ നിന്നും നീക്കം ചെയ്യാതെ കട തുറക്കില്ലെന്ന് ബോർഡും സ്ഥാപിച്ചു. അനുമതിയില്ലാതെ കട തുറക്കരുതെന്നും പൊലീസ് നിർദേശം നൽകിയിരിക്കുകയാണ്.
പ്രതിഷേധവുമായി യുവമോർച്ച
ഒരു രൂപക്ക് ഷൂ നൽകാം എന്ന് വാഗ്ദാനം ചെയ്ത് ജനങ്ങളെ വഞ്ചിച്ചു എന്നാരോപിച്ച് വിവിധ സംഘടനകള് പ്രതിഷേധ മാർച്ച് നടത്തി. യുവമോർച്ചയുടെ നേതൃത്വത്തിലാണ് ആദ്യം പ്രതിഷേധം നടന്നത്. ഇത്തരത്തിൽ ജനങ്ങളെ കബളിപ്പിച്ചവർക്കെതിരെ ശക്തമായ നടപടികൾ എടുക്കണമെന്നാണ് യുവമോർച്ചയുടെ ആവശ്യം. ഇതോടെയാണ് അനുമതിയില്ലാതെ കട തുറക്കരുതെന്നും പൊലീസ് നിലപാടെടുത്തത്. സംഘർഷത്തിൽ ഉൾപ്പെട്ട എല്ലാവരെയും ഇവിടെ നിന്നും നീക്കം ചെയ്യാതെ കട തുറക്കില്ലെന്ന് ബോർഡും സ്ഥാപിച്ചതോടെയാണ് വിവിധ സംഘടനകൾ പ്രതിഷേധം ഒഴിവാക്കിയത്.
''പുലർച്ചെ തന്നെ പരസ്യം വിശ്വസിച്ച് എത്തിയവരെ പൊലീസ് ആട്ടിയോടിച്ചു. കട ഉടമയും പൊലീസും ചേർന്ന് സ്ഥലത്തെത്തിയ മൂവായിരത്തിലധികം യുവാക്കളെ മർദിക്കുകയായിരുന്നു. ഇതിൻ്റെ സത്യാവസ്ഥ എന്താണെന്ന് അറിയേണ്ടതുണ്ട്'' - യുവമോർച്ച പ്രവർത്തകൻ വിജിത്ത് പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR