Enter your Email Address to subscribe to our newsletters

Newdelhi, 08 മാര്ച്ച് (H.S.)
പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് ജില്ലയില് നടന്ന അന്താരാഷ്ട്ര സന്താള് സമ്മേളനത്തിനുള്ള ക്രമീകരണങ്ങളില് പ്രസിഡന്റ് ദ്രൗപതി മുർമു പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതോടെ ഗോത്രവർഗ്ഗ സംസ്കാരത്തിന്റെ ആഘോഷമായി നിശ്ചയിച്ചിരുന്ന പരിപാടി ഒരു വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്.
പരിപാടിയില് പങ്കെടുത്ത ശേഷം സംസാരിക്കവേ, സമ്മേളനവേദിയുടെ തിരഞ്ഞെടുപ്പിനെ പ്രസിഡന്റ് ചോദ്യം ചെയ്തു.
സ്വന്തം സംസ്കാരം ആഘോഷിക്കാൻ ഉദ്ദേശിച്ചുള്ള ഒരു സമ്മേളനത്തില് പങ്കെടുക്കാൻ നിരവധി സന്താള് സമുദായ അംഗങ്ങള്ക്ക് കഴിഞ്ഞില്ലെന്നത് തന്നെ വേദനിപ്പിച്ചതായി അവർ പറഞ്ഞു. അസാധാരണമായ ഈ പ്രതികരണങ്ങള് പുതിയ രാഷ്ട്രീയ ചർച്ചയ്ക്കാണ് വഴിവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാള് സർക്കാരിനെതിരെ വിമർശനമുയർത്തിയതോടെ വിവാദം കൂടുതല് രൂക്ഷമായി. ഈ സാഹചര്യം നാണംകെട്ടതും അഭൂതപൂർവവുമാണ് എന്നാണ് അദ്ദേഹം എക്സില് കുറിച്ചത്. പ്രസിഡന്റ് പ്രകടിപ്പിച്ച ദുഃഖം രാജ്യത്തെ ജനങ്ങളെയാകെ ദുഃഖത്തിലാഴ്ത്തിയെന്നും മോദി പോസ്റ്റില് പറഞ്ഞു.
ഇത് നാണംകെട്ടതും അഭൂതപൂർവവുമാണ്. ജനാധിപത്യത്തിലും ഗോത്രവർഗ്ഗ സമൂഹങ്ങളുടെ ശാക്തീകരണത്തിലും വിശ്വസിക്കുന്ന എല്ലാവരും നിരാശരാണ്. ഗോത്രവർഗ്ഗത്തില് നിന്നുള്ള പ്രസിഡൻ്റ് മുർമു പ്രകടിപ്പിച്ച വേദന പൗരന്മാരില് കടുത്ത ദുഃഖമുണ്ടാക്കി', പ്രധാനമന്ത്രി കുറച്ചു. പ്രസിഡന്റിന് നേരെയുളള അവഗണനയില് സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി, തൃണമൂല് കോണ്ഗ്രസ് (ടി.എം.സി.) സർക്കാർ എല്ലാ പരിധികളും ലംഘിച്ചു എന്നും കുറ്റപ്പെടുത്തി.ഈ സംഭവം പ്രസിഡന്റിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയം നിസ്സാരമായി കാണരുത്.പ്രസിഡന്റിന്റെ സ്ഥാനം രാഷ്ട്രീയത്തിന് അതീതമാണെന്നും എപ്പോഴും ബഹുമാനിക്കപ്പെടേണ്ടതാണെന്നും മോദി കൂട്ടിച്ചേർത്തു.
ഡാർജിലിംഗ് ജില്ലയിലെ ബിദാൻനഗറില് നിന്ന് സിലിഗുരിയുടെ പ്രാന്തപ്രദേശത്തുള്ള ബാഗ്ഡോഗ്ര പ്രദേശത്തെ ഗോസായ്ൻപൂരിലേക്ക് സമ്മേളന വേദി മാറ്റിയതോടെയാണ് വിവാദങ്ങള്ക്ക് തുടക്കമായത്. ഈ തീരുമാനം കാരണം നിരവധി സന്താള് സമുദായ അംഗങ്ങള്ക്ക് പരിപാടി സ്ഥലത്ത് എത്താൻ പ്രയാസമായെന്നായിരുന്നു പ്രസിഡൻ്റിൻ്റെ ആരോപണം.
വിവാദങ്ങളുടെ തുടക്കം
അടുത്തുള്ള വിശാലമായ തുറന്ന സ്ഥലങ്ങള് കണ്ടപ്പോള് അവിടെ പരിപാടി സംഘടിപ്പിക്കാമായിരുന്നു എന്ന് തനിക്ക് തോന്നിയെന്നാണ് പരിപാടിയില് വെച്ച് പ്രസിഡൻ്റ് പറഞ്ഞത്. ഈ പ്രദേശം വളരെ വിശാലമാണ്. അഞ്ച് ലക്ഷം ആളുകള്ക്ക് ഇവിടെ എളുപ്പത്തില് ഒത്തുകൂടാമായിരുന്നു.സമ്മേളനത്തില് പങ്കെടുക്കാൻ ആഗ്രഹിച്ചവർക്ക് ദൂരം കാരണം എത്താൻ കഴിയാത്തതില് തനിക്ക് അതിയായ ദുഃഖമുണ്ട്', രാഷ്ട്രപതി പറഞ്ഞു.
താൻ ബംഗാളിന്റെ മകളാണെന്നും മമത ബാനർജിയെ തന്റെ ഇളയ സഹോദരിയായി കാണുന്നുവെന്നും അവർ പറഞ്ഞു. മുഖ്യമന്ത്രിക്ക് തന്നോട് ദേഷ്യമുണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.അതേസമയം മമത ബാനർജിയുടെയും സംസ്ഥാന മന്ത്രിമാരുടെയും അഭാവത്തെ പ്രസിഡന്റ് പരാമർശിച്ചതോടെ വിഷയം കൂടുതല് തീവ്രമായി.
പ്രോട്ടോക്കോള് അനുസരിച്ച്, ഒരു സംസ്ഥാനത്ത് ഔദ്യോഗിക സന്ദർശനത്തിനെത്തുന്ന പ്രസിഡന്റിനെ സ്വീകരിക്കാൻ സാധാരണയായി മുഖ്യമന്ത്രിയോ അല്ലെങ്കില് ഒരു മുതിർന്ന മന്ത്രിയെങ്കിലും ഉണ്ടാകാറുണ്ട്. എന്നാല്, മുർമുവിനെ വിമാനത്താവളത്തില് സ്വീകരിക്കാൻ സിലിഗുരി മേയർ ഗൗതം ദേബ് മാത്രമാണ് ഉണ്ടായിരുന്നത്.ഇതാണ് മുർമു പരാമർശിച്ചത്.
അതേസമയം ആരോപണങ്ങള് മമത ബാനർജി നിഷേധിച്ചു.യാതൊരു തരത്തിലുള്ള പ്രോട്ടോക്കോള് ലംഘനങ്ങളും ഉണ്ടായിട്ടില്ലെന്ന് അവർ പ്രതികരിച്ചു.
പ്രസിഡന്റിന്റെ സെക്രട്ടേറിയറ്റ് പങ്കുവെച്ച അംഗീകൃത പട്ടിക അനുസരിച്ച് കൃത്യമായ പ്രോട്ടോക്കോള് പാലിച്ചാണ് പ്രസിഡന്റിനെ സ്വീകരിക്കുകയും യാത്രയാക്കുകയും ചെയ്തത്. സിലിഗുരി മുനിസിപ്പല് കോർപ്പറേഷൻ മേയർ, ഡാർജിലിംഗ് ജില്ലാ മജിസ്ട്രേറ്റ്, സിലിഗുരി പോലീസ് കമ്മീഷണർ എന്നിവരാണ് പ്രസിഡന്റിനെ സ്വാഗതം ചെയ്തതെന്നും അവർ എക്സില് കുറിച്ചു.
സമ്മേളനത്തിന്റെ സംഘാടകർക്ക് വേണ്ടത്ര തയ്യാറെടുപ്പുകള് നടത്താൻ കഴിഞ്ഞിട്ടുണ്ടാകില്ലെന്നും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും അവർ വിശദീകരിച്ചു. അതേസമയം വിവാദം രൂക്ഷമായതോടെ, പ്രസിഡന്റിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട വിഷയങ്ങളില് പശ്ചിമ ബംഗാള് ഭരണകൂടത്തോട് കേന്ദ്രം വിശദീകരണം തേടി. ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മുമ്പ് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ പശ്ചിമ ബംഗാള് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്.
പ്രസിഡന്റിനെ സ്വീകരിക്കുന്നതിനുള്ള നിശ്ചിത പ്രോട്ടോക്കോള് പാലിക്കുന്നതിലെ പരാജയം, അന്താരാഷ്ട്ര സന്താള് സമ്മേളന വേദി അവസാന നിമിഷം മാറ്റിയത്, യാത്രാ റൂട്ടിലെ മാറ്റങ്ങള്, സന്ദർശന വേളയിലെ മറ്റ് ലോജിസ്റ്റിക്കല് ക്രമീകരണങ്ങള് എന്നിവയുള്പ്പെടെ നിരവധി വിഷയങ്ങളില് റിപ്പോർട്ട് തേടിയതായി എ.എൻ.ഐ. വൃത്തങ്ങള് പറയുന്നു.
പ്രസിഡന്റിന്റെ വന്നപ്പോഴും പോയപ്പോഴും മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, പോലീസ് ഡയറക്ടർ ജനറല് എന്നിവരുള്പ്പെടെയുള്ള പ്രധാന സംസ്ഥാന ഉദ്യോഗസ്ഥർ എന്തുകൊണ്ട് സ്ഥലത്തുണ്ടായിരുന്നില്ല എന്നതിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടുന്നുണ്ട്.
വേദിയിലെ അപര്യാപ്തമായ സൗകര്യങ്ങളെക്കുറിച്ചും പ്രസിഡന്റിന്റെ യാത്രാ റൂട്ടിലെ പ്രശ്നങ്ങളെക്കുറിച്ചുമുള്ള റിപ്പോർട്ടുകള് ഉള്പ്പെടെ, സന്ദർശന വേളയില് നിരവധി ലോജിസ്റ്റിക്കല് ആശങ്കകള് കേന്ദ്രം ഉന്നയിച്ചതായി വൃത്തങ്ങള് റിപ്പോർട്ടുകള് പറയുന്നു. ആരോപിക്കപ്പെടുന്ന വീഴ്ചകളുമായി ബന്ധപ്പെട്ട് ഡാർജിലിംഗ് ജില്ലാ മജിസ്ട്രേറ്റ്, സിലിഗുരി പോലീസ് കമ്മീഷണർ, അഡീഷണല് ജില്ലാ മജിസ്ട്രേറ്റ് എന്നിവരുള്പ്പെടെയുള്ള പ്രാദേശിക അധികാരികള്ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും കേന്ദ്രം ആരാഞ്ഞു.
പ്രസിഡന്റിന്റെ സന്ദർശനം കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് ബി.ജെ.പി. നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും പശ്ചിമ ബംഗാളിലെ തൃണമൂല് കോണ്ഗ്രസ് ഭരണകൂടവും തമ്മില് വർദ്ധിച്ചുവരുന്ന രാഷ്ട്രീയ പോരാട്ടങ്ങള്ക്കിടയിലാണ് ഈ സംഭവവികാസങ്ങള്.
ടി.എം.സി. സർക്കാരിന്റെ കീഴിലുള്ള ഗുരുതരമായ ഭരണപരമായ പരാജയത്തിന്റെ തെളിവായതാണ് ബിജെപി നേതാക്കള് ഈ സംഭവത്തെ ചൂണ്ടിക്കാട്ടുന്ന്. അതേസമയം വിഷയം ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നാണ് മമതയുടെ ആരോപണം. മറ്റ് സംസ്ഥാനങ്ങളില് ഗോത്രവർഗ്ഗ സമൂഹങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളില് സമാനമായ രോഷം എന്തുകൊണ്ട് പ്രകടിപ്പിക്കുന്നില്ലെന്ന് അവർ ചോദ്യം ചെയ്തു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ വിഷയത്തെ രാഷ്ട്രീയ വിവാദമാക്കാൻ ബി.ജെ.പി. ശ്രമിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR