Enter your Email Address to subscribe to our newsletters

Ernakulam, 08 മാര്ച്ച് (H.S.)
നിര്മാതാവ് ജോബി ജോര്ജിന് നാല് വര്ഷം തടവ് വിധിച്ച് എറണാകുളം ജില്ലാ സെഷന്സ് കോടതി. വിസ തട്ടിപ്പ് കേസിലാണ് കോടതി നടപടി.
രണ്ട് കേസുകളാണ് ജോബി ജോര്ജിനെതിരെ രജിസ്റ്റര് ചെയ്തിരുന്നത്. 2011, 2012 കാലത്ത് നടന്ന സംഭവത്തിലാണ് കേസ്. വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള് തട്ടി എടുത്തു എന്നാണ് പരാതി. പ്രതിക്ക് 65 ലക്ഷം പിഴയും കോടതി വിധിച്ചു.
കാവല്, ഷൈലോക്ക്, വെയില് തുടങ്ങി ശ്രദ്ധിക്കപ്പെട്ട ഒട്ടേറെ സിനിമകളുടെ നിര്മാതാവാണ് ജോബി ജോര്ജ്. ബ്രിട്ടനിലേക്ക് വിസയും ജോലിയും വാഗ്ദാനം ചെയ്ത് പണം തട്ടി എന്നാണ് ഇയാള്ക്കെതിരായ പരാതി. മൂവാറ്റുപുഴ സ്വദേശിയും മുളന്തുരുത്തി സ്വദേശികളായ ദമ്പതികളുമാണ് പരാതി നല്കിയത്. വിശദമായ അന്വേഷണത്തിന് ശേഷം കുറ്റപത്രം സമര്പ്പിച്ചിരുന്നു. തെളിവില്ലെന്ന് കണ്ട് ജോബി ജോര്ജിന്റെ ഭാര്യയെ കോടതി വെറുതെവിട്ടു.
മൂവാറ്റുപുഴ സ്വദേശി രാജേഷ് മാത്യു, മുളന്തുരുത്തി സ്വദേശികളായ ദമ്പതികള് ബിജു വര്ഗീസ്, ഡാര്ളി ബിജു എന്നിവരാണ് പരാതിക്കാര്. മൂവാറ്റുപുഴ പോലീസാണ് കേസ് രജിസ്റ്റര് ചെയ്തിരുന്നത്. രണ്ട് കേസിലും രണ്ട് വീതം തടവാണ് ശിക്ഷ. ജോബി ജോര്ജിന്റെ ഭാര്യ സുനി മോള്ക്കെതിരെ വ്യക്തമായ തെളിവുകള് ഹാജരാക്കാന് അന്വേഷണ സംഘത്തിന് സാധിച്ചില്ലെന്ന് കോടതി വിലയിരുത്തി.
വിസ ശരിപ്പെടുത്താമെന്ന് പറഞ്ഞ് രണ്ട് തവണയായി രാജേഷ് മാത്യുവില് നിന്ന് അമ്പത് ലക്ഷം രൂപ ജോബി ജോര്ജ് കൈപ്പറ്റിയത്രെ. പണം തിരിച്ചു ചോദിച്ചപ്പോള് 25 ലക്ഷത്തിന്റെ ചെക്ക് കൈമാറി. ചെക്ക് ബാങ്കില് നല്കിയെങ്കിലും പണമുണ്ടായിരുന്നില്ല. തുടര്ന്നാണ് പോലീസില് പരാതി നല്കിയത്. തല്ക്കാലം ശിക്ഷാ വിധി ഇപ്പോള് നടപ്പാക്കുന്നില്ല.
വിചാരണ കോടതി ഒരു മാസം സമയം അനുവദിച്ചിട്ടുണ്ട്. ഈ വേളയില് പ്രതിഭാഗത്തിന് അപ്പീല് സമര്പ്പിക്കാം. അപ്പീല് കോടതിയുടെ വിധി കൂടി വന്നാല് ആയിരിക്കും ജോബി ജോര്ജിനെതിരായ ശിക്ഷ നടപ്പാക്കുമോ എന്ന് വ്യക്തമാകുക. മേല് കോടതി അപ്പീല് പരിഗണിച്ച് ശിക്ഷ സ്റ്റേ ചെയ്താല് ജോബി ജോര്ജിന് ആശ്വാസമാകും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR