Enter your Email Address to subscribe to our newsletters

Abudabi, 08 മാര്ച്ച് (H.S.)
പശ്ചിമേഷ്യയില് യുഎസ്-ഇസ്രായേല്-ഇറാൻ സംഘർഷം രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോള് മേഖലയില് വലിയ നയതന്ത്ര നീക്കങ്ങളും സൈനിക ജാഗ്രതയും തുടരുകയാണ്.
സംഘർഷങ്ങള്ക്കിടയില് നിലപാട് കടുപ്പിച്ച് സൗദി അറേബ്യ ഇപ്പോള് രംഗത്തെത്തിയിരിക്കുന്നു. സൗദി അറേബ്യയുടെ സുപ്രധാന ഊർജ്ജ കേന്ദ്രങ്ങള്ക്കോ ഭൂപ്രദേശങ്ങള്ക്കോ നേരെയുള്ള ആക്രമണങ്ങള് ഇറാൻ തുടരുകയാണെങ്കില് ശക്തമായ തിരിച്ചടി നല്കുമെന്നാണ് സൗദി ഭരണ നേതൃത്വം ഇറാന് നല്കിയിരിക്കുന്ന താക്കീത്.
സൗദി നിലപാട് വ്യക്തമാക്കുന്നു
സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസല് ബിൻ ഫർഹാൻ ഇറാനിയൻ വിദേശകാര്യ മന്ത്രിയായ അബ്ബാസ് അരഘ്ചിയുമായി നടത്തിയ ടെലിഫോണ് സംഭാഷണത്തിലാണ് സൗദി അറേബ്യയുടെ ഔദ്യോഗിക നിലപാട് അറിയിച്ചത്. പ്രശ്നങ്ങള് നയതന്ത്രപരമായി പരിഹരിക്കാനാണ് റിയാദ് ആഗ്രഹിക്കുന്നതെങ്കിലും, രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ഏത് വെല്ലുവിളിയും ചെറുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സൗദി പ്രദേശങ്ങളെയോ എണ്ണ ശുദ്ധീകരണ ശാലകളെയോ ലക്ഷ്യമിട്ടുള്ള ഡ്രോണ്-മിസൈല് ആക്രമണങ്ങള് വെച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
യുഎസ് സൈനിക താവളങ്ങളുടെ ഉപയോഗം
ആക്രമണങ്ങള് തുടർന്നാല് ഇറാന്റെ സൈനിക നീക്കങ്ങളെ പ്രതിരോധിക്കാൻ സൗദി മണ്ണിലെ യുഎസ് താവളങ്ങള് ഉപയോഗിക്കാൻ അനുമതി നല്കേണ്ടി വരുമെന്ന സൂചനയും റിപ്പോർട്ടുകള് നല്കുന്നുണ്ട്. നിലവില് സൗദിയോ മറ്റ് ഗള്ഫ് രാജ്യങ്ങളോ തങ്ങളുടെ വ്യോമ വ്യോമ മേഖലയോ ഭൂപ്രദേശങ്ങളോ ഇറാനെതിരെ ആക്രമണം നടത്താൻ അമേരിക്കയ്ക്ക് വിട്ടുനല്കിയിട്ടില്ല. എന്നാല് ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രകോപനം തുടർന്നാല് ഈ നിലപാടില് മാറ്റമുണ്ടാകുമെന്ന് സൗദി വൃത്തങ്ങള് സൂചിപ്പിക്കുന്നു. ഫെബ്രുവരി 28-ന് തുടങ്ങിയ സംഘർഷത്തിനിടയില് ഇതിനകം തന്നെ നിരവധി ഇറാനിയൻ ഡ്രോണുകളും മിസൈലുകളും സൗദി സൈന്യം വെടിവെച്ചിട്ടിട്ടുണ്ട്.
നേരെത്തെ അയല്രാജ്യങ്ങളില് ഇറാൻ നടത്തിയ സൈനിക നടപടി മൂലമുണ്ടായ നാശനഷ്ടങ്ങളില് ഇറാൻ പ്രസിഡന്റ മസൂദ് പെഷേഷ്കിയാൻ ഗള്ഫ് രാജ്യങ്ങളോട് ക്ഷമാപണം നടത്തിയിരുന്നു. മേഖലയിലെ ഇതര രാജ്യങ്ങള് ഇറാനെ ആക്രമിക്കാൻ മുതിരാത്തിടത്തോളം അവർക്ക് നേരെയുള്ള ആക്രമണങ്ങള് നിർത്താൻ ഇറാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാല് പ്രസിഡന്റിന്റെ ഈ പ്രസ്താവന ഇറാന്റെ ആഭ്യന്തര രാഷ്ട്രീയത്തില് വലിയ തർക്കങ്ങള്ക്ക് കാരണമായിട്ടുണ്ട്. ഇറാൻ സൈന്യം എതിർത്തതിനെ തുടർന്ന് പെഷേഷ്കിയാന് തന്റെ വാക്കുകള് പിന്നീട് പിൻവലിക്കേണ്ടി വന്നതായും സൂചനയുണ്ട്.
ഊർജ്ജ വിപണിയിലെ ആശങ്ക
സൗദിയുടെ റാസ് തനൂറ (Ras Tanura) എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെയുള്ള ആക്രമണ ശ്രമങ്ങള് ആഗോള ഊർജ്ജ വിപണിയില് വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ലോകത്തെ എണ്ണ വിതരണത്തില് നിർണ്ണായക പങ്കുവഹിക്കുന്ന സൗദി അറേബ്യ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നത് ആഗോള സാമ്പത്തിക വ്യവസ്ഥയെത്തന്നെ ബാധിക്കുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്. ചൈന ഉള്പ്പെടെയുള്ള രാജ്യങ്ങള് മേഖലയില് സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളില് ഇറാന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങള്ക്കായിരിക്കും സൗദിയുടെ തുടർന്നുള്ള പ്രതികരണം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR