Enter your Email Address to subscribe to our newsletters

Palakkad, 08 മാര്ച്ച് (H.S.)
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം ബിജെപി കേന്ദ്ര നേതൃത്വം പുറത്തുവിടുന്നതിന് മുൻപേ തന്നെ പാലക്കാട് മണ്ഡലത്തില് ശോഭ സുരേന്ദ്രൻ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് സജീവമായിരിക്കുകയാണ്.
എന്നാല്, ശോഭയുടെ പ്രധാന പ്രചാരണ പരിപാടികളില് നിന്ന് ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ തുടർച്ചയായി വിട്ടുനിന്നത് പാർട്ടിയിലെ ആഭ്യന്തര അസ്വാരസ്യങ്ങള് പരസ്യമാകുന്നതിന് കാരണമായി. ശോഭ സുരേന്ദ്രന്റെ ചുവരെഴുത്ത് ഉദ്ഘാടനത്തിലും മറ്റ് പ്രാരംഭ പരിപാടികളിലും ജില്ലാ അധ്യക്ഷന്റെ അസാന്നിധ്യം വലിയ രാഷ്ട്രീയ ചർച്ചകള്ക്കാണ് ഇപ്പോള് വഴിതെളിച്ചിരിക്കുന്നത്.
പാലക്കാട്ടെ ബിജെപി ശക്തികേന്ദ്രമായ മൂത്താൻതറ കർണ്ണകിയമ്മൻ ക്ഷേത്രത്തില് ദർശനം നടത്തിയാണ് ശോഭ സുരേന്ദ്രൻ തന്റെ പ്രചാരണ പ്രവർത്തനങ്ങള്ക്ക് തുടക്കമിട്ടത്. ക്ഷേത്രത്തിന് തൊട്ടടുത്താണ് താമസമെങ്കിലും പ്രശാന്ത് ശിവൻ അവിടെ ദർശനത്തിന് എത്തിയിരുന്നില്ല എന്നത് അണികള്ക്കിടയില് ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് നടന്ന ചുവരെഴുത്ത് ഉദ്ഘാടന ചടങ്ങില് നിന്നും അദ്ദേഹം വിട്ടുനിന്നു. ഒടുവില് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ നേരിട്ട് ഇടപെട്ട് ഫോണിലൂടെ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പ്രശാന്ത് ശിവൻ വൈകിയാണെങ്കിലും പരിപാടിസ്ഥലത്ത് എത്താൻ തയ്യാറായത്. എങ്കിലും ശോഭ സുരേന്ദ്രൻ മാധ്യമങ്ങളെ കാണുന്ന സമയത്ത് അദ്ദേഹം ഒപ്പം നില്ക്കാൻ തയ്യാറാകാതെ മാറിനിന്നത് ഭിന്നതകള് പരിഹരിക്കപ്പെട്ടിട്ടില്ല എന്നതിന്റെ വ്യക്തമായ സൂചനയാണ്.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഈ അസ്വാരസ്യങ്ങള്ക്ക് പിന്നിലെന്നാണ് രാഷ്ട്രീയ വൃത്തങ്ങളില് നിന്നുള്ള സൂചനകള്. പാലക്കാട് മണ്ഡലത്തില് ആദ്യം പ്രശാന്ത് ശിവന്റെ പേര് സ്ഥാനാർത്ഥി പട്ടികയില് പരിഗണിച്ചിരുന്നെങ്കിലും പിന്നീട് അദ്ദേഹത്തെ ഒഴിവാക്കി ശോഭ സുരേന്ദ്രനെ നിശ്ചയിക്കുകയായിരുന്നു. ഇതിന് പകരമായി പ്രശാന്ത് ശിവന് നെന്മാറ സീറ്റ് നല്കാമെന്ന് സംസ്ഥാന നേതൃത്വം വാഗ്ദാനം ചെയ്തിരുന്നതായി പറയപ്പെടുന്നു. എന്നാല് ബിഡിജെഎസ് ആ സീറ്റ് വിട്ടുനല്കാൻ തയ്യാറാകാത്തത് പ്രശാന്തിന്റെ അതൃപ്തി വർധിപ്പിച്ചു. തന്റെ തട്ടകത്തില് ശോഭ സുരേന്ദ്രൻ ഏകപക്ഷീയമായി പ്രചാരണം നടത്തുന്നു എന്ന പരാതിയും അദ്ദേഹത്തിനുണ്ട്.
എന്നാല് തങ്ങള്ക്കിടയില് യാതൊരുവിധ ഭിന്നതകളുമില്ലെന്നും ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നുമാണ് ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ തനിക്ക് മകനെപ്പോലെയാണെന്നും ഒരുമിച്ച് മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കി. എങ്കിലും, കൊല്ലപ്പെട്ട ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ വീട്ടിലെ സന്ദർശനത്തിലും പ്രശാന്ത് ശിവൻ പങ്കെടുക്കാതിരുന്നത് പാർട്ടിക്കുള്ളിലെ കല്ലുകടികള് അത്ര പെട്ടെന്ന് പരിഹരിക്കപ്പെടില്ല എന്നതിന്റെ തെളിവാണ്. പ്രശാന്ത് ശിവന്റെ അതൃപ്തി നിലനില്ക്കെ തന്നെ മണ്ഡലത്തില് താഴെത്തട്ടിലുള്ള പ്രവർത്തകരെ കൂട്ടി പ്രചാരണം ശക്തമാക്കാനാണ് ശോഭ സുരേന്ദ്രന്റെ നീക്കം. വരും ദിവസങ്ങളില് സംസ്ഥാന നേതൃത്വത്തിന്റെ നേരിട്ടുള്ള ഇടപെടല് വഴി ഈ പ്രശ്നങ്ങള് പരിഹരിക്കപ്പെടുമോ എന്നാണ് ബിജെപി പ്രവർത്തകർ ഉറ്റുനോക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR