Enter your Email Address to subscribe to our newsletters

Newdelhi, 08 മാര്ച്ച് (H.S.)
ഉത്തംനഗർ ഹോളി ആഘോഷത്തിനിടെ നടന്ന കൊലപാതക കേസിലെ പ്രതികളിലൊരാളായ നിസാമുദ്ദീൻ്റെ വീടിൻ്റെ അനധികൃത ഭാഗങ്ങൾ പൊളിച്ചുമാറ്റി ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി). പൊളിച്ച് മാറ്റാനായി ബുൾഡോസറുകളുമായാണ് അധികൃതർ സ്ഥലത്ത് എത്തിയത്. ക്രമസമാധാനം നിലനിർത്തുന്നതിനായി പ്രദേശത്ത് കനത്ത പൊലീസ് അർദ്ധസൈനിക വിഭാഗങ്ങളെ വിന്യസിച്ചിരുന്നു. അനധികൃതമായി നിർമ്മിച്ച വീടിൻ്റെ ചില ഭാഗങ്ങൾ മാത്രമാണ് പൊളിച്ചുമാറ്റിയതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് ഉത്തംനഗറിൽ തരുൺ (26) എന്ന യുവാവിനെ കൊല്ലപ്പെടുത്തിയ കേസിലെ പ്രതിയാണ് നിസാമുദ്ദീൻ. ഉമർദീൻ (49), ജുമ്മദീൻ (36), കമറുദ്ദീൻ (36), മുസ്താഖ് (46), മുസാഫർ (25), താഹിർ (18) എന്നിവരാണ് മറ്റു പ്രതികൾ. പ്രായപൂർത്തിയാകാത്ത ഒരാളേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ പ്രകോപിതരായ ജനക്കൂട്ടം നിരവധി വാഹനങ്ങൾ നശിപ്പിക്കുകയും ചില സ്ഥലങ്ങളിൽ തീയിടുകയും ചെയ്തിരുന്നു.
ഹോളി ദിവസം രാത്രി ഉത്തംനഗറിലെ ജെജെ കോളനി പ്രദേശത്താണ് സംഭവം നടന്നത്. ഹോളി ആഘോഷിക്കുകയായിരുന്ന 11 വയസുകാരി ടെറസിൽ നിന്ന് വെള്ളം നിറച്ച ബലൂണ് എറിഞ്ഞു, അത് അബദ്ധത്തിൽ പൊട്ടി സമീപത്ത് നിന്നിരുന്ന ഒരു സ്ത്രീയുടെ മേൽ തെറിച്ചു വീണു. ഇതോടെ തർക്കം ആരംഭിച്ചു. പെൺകുട്ടിയുടെ കുടുംബം ഉടൻ തന്നെ ക്ഷമാപണം നടത്തിയെങ്കിലും സ്ഥിതിഗതികൾ കൂടുതൽ വഷളായി.
പിന്നീട് സ്ത്രീ തൻ്റെ ബന്ധുക്കളെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി തർക്കം പിന്നീട് വലിയ കയ്യാങ്കളിയിലേയ്ക്ക് എത്തി. സംഘർഷത്തിനിടെ എട്ട് പേർക്ക് പരിക്കേറ്റു. എന്നാൽ തർക്കം നടന്ന സമയത്ത് തരുണ് വീട്ടിൽ ഇല്ലായിരുന്നു. സുഹൃത്തുക്കളോടൊപ്പം ഹോളി ആഘോഷിച്ച് വീട്ടിലേയ്ക്ക് വരുന്ന വഴിയാണ് തരുണ് ആക്രമിക്കപ്പെട്ടത്. ഇരുമ്പ് ദണ്ഡുകൾ, വടികൾ, ഇഷ്ടികകൾ, കല്ലുകൾ എന്നിവ ഉപയോഗിച്ച് ഹോളി ആഘോഷിച്ച് വീട്ടിലേയ്ക്ക് വരുന്ന തരുണിനെ പ്രതികൾ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഡിജിറ്റൽ മാർക്കറ്റിങ്, ഇൻ്റീരിയർ ഡിസൈനിങ് വിദ്യാർഥിയാണ് തരുണ്.
ഇരു കുടുംബങ്ങളും 50 വർഷമായി പരസ്പരം അറിയുന്നവരാണെന്നും പാർക്കിങ്, മാലിന്യം തുടങ്ങിയ ചെറിയ വിഷയങ്ങളിൽ തർക്കങ്ങൾ നടന്നിട്ടുണ്ടെന്ന് ഡിസിപി കുശാൽ പാൽ സിങ് പറഞ്ഞു. ചില സാമൂഹിക വിരുദ്ധർ ഈ സംഭവത്തിന് വ്യത്യസ്തമായ നിറം നൽകാൻ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ പ്രദേശത്തെ സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും പൊലീസ് വ്യക്തമാക്കി. 'കിംവദന്തികൾക്ക് ചെവികൊടുക്കരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട് സംഭവത്തിൽ അന്വേഷണം തുടരുകയാണ്' പൊലീസ് പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR