വയനാട് ഉരുൾപൊട്ടൽ അതിജീവിതർക്കായി സർക്കാർ ഒരുക്കുന്ന പുനരധിവാസ ടൗൺഷിപ്പ് സന്ദർശിച്ച വേളയിൽ മമ്മൂട്ടി സിപിഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ചത് സോഷ്യൽ മീഡിയയിൽ വലിയ സൈബർ ആക്രമണം ഉണ്ടാക്കി.
Wayanad, 08 മാര്ച്ച് (H.S.) വയനാട് ഉരുൾപൊട്ടൽ അതിജീവിതർക്കായി സർക്കാർ ഒരുക്കുന്ന പുനരധിവാസ ടൗൺഷിപ്പ് സന്ദർശിച്ച വേളയിൽ മമ്മൂട്ടി സിപിഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ചത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയാണ്. മമ്മൂട്ടിക്ക് എതിരെ സൈബർ ആക
Mammootty


Wayanad, 08 മാര്ച്ച് (H.S.)

വയനാട് ഉരുൾപൊട്ടൽ അതിജീവിതർക്കായി സർക്കാർ ഒരുക്കുന്ന പുനരധിവാസ ടൗൺഷിപ്പ് സന്ദർശിച്ച വേളയിൽ മമ്മൂട്ടി സിപിഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ചത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയാണ്. മമ്മൂട്ടിക്ക് എതിരെ സൈബർ ആക്രമണം ഉണ്ടാകുകയും ചെയ്തു.

മമ്മൂട്ടിയുടെ പ്രവൃത്തിയെ അനുകൂലിച്ചും എതിർത്തും നിരവധി പേർ സമൂഹമാധ്യമത്തിൽ അഭിപ്രായങ്ങൾ പങ്കിട്ടു. ടൗൺഷിപ്പ് സന്ദർശനത്തിനിടെ മമ്മൂട്ടിയെ അനുഗമിച്ച സിപിഎം ജില്ലാ സെക്രട്ടറി റഫീഖിനോട് നീരസം പ്രകടിപ്പിച്ചതാണ് സൈബർ ആക്രമണത്തിന് കാരണമായത്.

‘നിങ്ങൾ എന്തിനാണ് എപ്പോഴും എൻ്റെ കൂടെ നിൽക്കുന്നത്? ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് ആളുകൾ വിചാരിക്കും. മാറി നിന്നാൽ മതി' എന്ന് മമ്മൂട്ടി റഫീഖിനോട് തുറന്ന് പറഞ്ഞു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ വൈറലായതോടെ മമ്മൂട്ടിയുടെ പ്രവൃത്തിയെ രൂക്ഷമായി വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

മമ്മൂട്ടി ഒരു രാഷ്ട്രീയ നേതാവിനോട് മോശമായി പെരുമാറി എന്നും, ദുരന്തമുഖത്ത് രാഷ്ട്രീയം നോക്കാതെ പ്രവർത്തിക്കുന്നവരെ അപമാനിച്ചു എന്നും ആരോപിച്ച് ചില ഇടത് അനുകൂല ഹാൻഡിലുകളിൽ നിന്ന് മമ്മൂട്ടിക്കെതിരെ കടുത്ത വിമർശനം ഉയർന്നു.

താൻ വന്നത് ഒരു രാഷ്ട്രീയ പരിപാടിക്കല്ല എന്ന് വ്യക്തമാക്കാനാണ് മമ്മൂട്ടി ശ്രമിച്ചതെന്നും, അദ്ദേഹത്തിൻ്റെ നിലപാട് ശരിയാണെന്നും ആരാധകർ വാദിക്കുന്നു. രാഷ്ട്രീയക്കാർ സെലിബ്രിറ്റികൾക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നത് ഒഴിവാക്കാനാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്നും ഇവർ കരുതുന്നു.

പ്രതികരിച്ച് മന്ത്രി പി രാജീവ്

പി. രാജീവ് ഉൾപ്പെടെയുള്ള മന്ത്രിമാർ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ആരെങ്കിലും എവിടെനിന്നെങ്കിലും എന്തെങ്കിലും പറയുന്നതല്ല പ്രധാനമെന്നും മമ്മൂട്ടി എത്തിയതോടെ വയനാട് ടൗൺഷിപ്പ് പദ്ധതിയെക്കുറിച്ച് ലോകം അറിഞ്ഞുവെന്നും ഇത് മാതൃകയാണെന്നുമാണ് മന്ത്രി പി. രാജീവ് പ്രതികരിച്ചത്.

പ്രതികരിച്ച് മന്ത്രി റിയാസ്

എന്നാൽ എവിടെയെങ്കിലും പോയി ഇടിച്ചുകയറി നിൽക്കുന്നവരല്ല സിപിഎമ്മിൻ്റെ ജില്ലാ സെക്രട്ടറിമാരെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. റഫീക്ക് 'അവിടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തയാളാണ്. അതിൻ്റെ ഭാഗമായാണ് അവിടെ പോയത്. എല്ലാ രാഷ്ട്രീയ പാർട്ടികളും സംയുക്തമായാണ് ഈ വികസനത്തിൽ പങ്കാളിയായത്. മമ്മൂട്ടി അവിടെ എത്തിയത് സ്വതന്ത്രമായി കാര്യങ്ങൾ മനസിലാക്കാനാണ്' മുഹമ്മദ് റിയാസ് പറഞ്ഞു.

സോഷ്യല് മീഡിയയിലെ കമൻ്റുകള്

ആദ്യം പാര്ട്ടി അത് കഴിഞ്ഞേയുള്ളൂ ഏത് മമ്മൂട്ടിയും, ഒരു മനുഷ്യനോട് എങ്ങനെ പെരുമാറണം എന്ന് പഠിക്കണം തുടങ്ങി മമ്മൂട്ടിക്കെതിരെ നിരവധി കമൻ്റുകളാണ് സൈബര് ഇടങ്ങളില് നിറയുന്നത്.'സിനിമയിലെ മാസ് ഡയലോഗുകൾ സാധാരണക്കാരൻ്റെ മേൽ പ്രയോഗിക്കാനുള്ളതല്ല. അദ്ദേഹം ഒരു ജില്ലാ സെക്രട്ടറി ആയിക്കോട്ടെ, അതല്ല ഒരു സാധാരണ കൂലിത്തൊഴിലാളി ആയിക്കോട്ടെ, മനുഷ്യൻ എന്ന നിലയിലുള്ള ബഹുമാനം എല്ലാവർക്കും ഒരുപോലെ നൽകണം. വിഐപി പരിവേഷം ഉണ്ടെന്നു കരുതി ആരെയും തരംതാഴ്ത്തി കാണുന്നത് ശരിയല്ല' ഫേസ്ബുക്കിൽ ഒരാൾ പോസ്റ്റ് ചെയ്ത കമൻ്റാണിത്.

എന്നാൽ മമ്മൂട്ടിയെ അനുകൂലിച്ചും നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്. 'ഒരു സ്വകാര്യ സന്ദർശനത്തിൽ തൻ്റെ കൂടെ നടന്ന് രാഷ്ട്രീയമായി അതിനെ ചിത്രീകരിക്കാൻ ശ്രമിച്ച സി.പി.എം ജില്ല സെക്രട്ടറിയോട് മാറി നിൽക്കാൻ മമ്മൂക്ക പറഞ്ഞതിൽ എന്താണ് തെറ്റുള്ളത്. അയാൾ അയാളുടെ വ്യക്തിപരമായ രാഷ്ട്രീയം പച്ചക്ക് പറഞ്ഞു. വയനാട്ടിലെ പണം ജനങ്ങളുടേതാണ് എന്ന്', ഒരാള് കുറിച്ചു.

'മമ്മൂട്ടി ചെയ്തതിൽ ഒരു തെറ്റും ഇല്ല.. രാഷ്ട്രീയം കലരാതിരിക്കാൻ ആണ് അദ്ദേഹം സ്ഥിരം കൂടെയുണ്ടാകാറുള്ള പിഷാരടിയേ പോലും ഒഴിവാക്കിയത്..' മറ്റൊരാള് പ്രതികരിച്ചു.

തന്നെയൊരു രാഷ്ട്രീയ ഉപകരണമാക്കി മാറ്റാൻ ശ്രമിക്കരുത് എന്ന താക്കീതാണ് നടൻ മമ്മൂട്ടി അടുത്തുനിന്ന സിപിഎം വയനാട് സെക്രട്ടറി റഫീഖിനു നൽകിയത്. എന്നാൽ… റഫീഖിൻ്റെ ഔചിത്യബോധത്തേക്കാൾ താഴെയായിപ്പോയി മമ്മൂട്ടിയുടെ ഔചിത്യബോധം എന്നതാണ് വസ്തുത. കൂടെ നിൽക്കരുതെങ്കിൽ അതാദ്യം പറയണം, ഒരു തെറ്റും ചെയ്യാത്തൊരാളെ മാധ്യമങ്ങളുടെ മുന്നിൽവച്ച് പരസ്യമായി അധിക്ഷേപിച്ചത് ശുദ്ധ മര്യാദകേടാണ്. ഓരോ മനുഷ്യനും അന്തസ്സുണ്ട്. മമ്മൂട്ടിയുടെ വയനാട് സന്ദർശനത്തേക്കാൾ വാർത്താപ്രാധാന്യം ഈ ധാർഷ്ട്യം കൊണ്ടുപോകുകയും ചെയ്തു. എന്ത് നേടി? ശ്രീജിത്ത് പണിക്കര് ഫേബസ്ബുക്കില് കുറിച്ചു. അതേസമയം, സംഭവത്തെ എതിർത്തും അനുകൂലിച്ചും സമൂഹമാധ്യമത്തിൽ നിരവധി പേരാണ് അഭിപ്രായങ്ങൾ പങ്കിടുന്നത്. ഇന്നലത്തെ സംഭവം കേരളക്കരയിൽ മൊത്തത്തിൽ ചൂട് പിടിച്ച വാർത്തയായി നിറയുകയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News