വനിതാ യാത്രക്കാർക്ക് സന്തോഷം പകരുന്ന പ്രഖ്യാപനവുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്
KOCHI , 08 മാര്ച്ച് (H.S.) രാജ്യാന്തര വനിതാ ദിനത്തിൽ വനിതാ യാത്രക്കാർക്ക് സന്തോഷം പകരുന്ന പ്രഖ്യാപനവുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. വനിതാ ദിനമായ മാർച്ച് എട്ടിന് നഗരത്തിലെ വനിതാ യാത്രക്കാർക്കും വാഹന ഉടമകൾക്കും പ്രത്യേക ആനുകൂല്യങ്ങളും സമ്മാനങ്ങ
Kochi metro


KOCHI , 08 മാര്ച്ച് (H.S.)

രാജ്യാന്തര വനിതാ ദിനത്തിൽ വനിതാ യാത്രക്കാർക്ക് സന്തോഷം പകരുന്ന പ്രഖ്യാപനവുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. വനിതാ ദിനമായ മാർച്ച് എട്ടിന് നഗരത്തിലെ വനിതാ യാത്രക്കാർക്കും വാഹന ഉടമകൾക്കും പ്രത്യേക ആനുകൂല്യങ്ങളും സമ്മാനങ്ങളുമാണ് മെട്രോ അധികൃതർ ഒരുക്കിയിരിക്കുന്നത്.

വടക്കേകോട്ട മെട്രോ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന പൂർണമായും ഓട്ടോമേറ്റഡ് ആയ മൾട്ടി ലെവൽ കാർ പാർക്കിങ് (MLCP) കേന്ദ്രത്തിൽ മാർച്ച് എട്ടിന് സ്ത്രീകൾക്ക് പാർക്കിങ് സൗജന്യമായിരിക്കും. രാവിലെ എട്ട് മുതൽ വൈകിട്ട് എട്ട് മണി വരെയാണ് ഈ ആനുകൂല്യം ലഭ്യമാകുക. ഇതിന് പുറമെ, കൊച്ചി മെട്രോയുടെ കളമശേരി ഫ്യൂവൽ സ്റ്റേഷനിൽ നിന്ന് ഇന്ധനം നിറയ്ക്കുന്ന എല്ലാ വനിതകൾക്കും ഒരു കുപ്പി കുടിവെള്ളവും ചോക്ലേറ്റും സമ്മാനമായി നൽകാനും കൊച്ചി മെട്രോ തീരുമാനിച്ചു.

പൊതുജനങ്ങൾക്ക് നേരിട്ട് ഉപയോഗിക്കാനാവുന്ന നഗരത്തിലെ ആദ്യത്തെ ഓട്ടോമേറ്റഡ് മൾട്ടി ലെവൽ പാർക്കിങ് സംവിധാനമാണ് വടക്കേകോട്ട റെയിൽവേ സ്റ്റേഷനിലേത്. മെട്രോ യാത്രക്കാരുടെ വർധിച്ചുവരുന്ന പാർക്കിങ് ആവശ്യങ്ങൾ നിറവേറ്റുന്നതിനോടൊപ്പം തന്നെ നഗരത്തിലെ 'ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി' കൂടുതൽ കരുത്തുറ്റതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഒൻപത് നിലകളിലായി ക്രമീകരിച്ചിരിക്കുന്ന ഈ സമുച്ചയത്തിൽ ഒരേസമയം 100 കാറുകൾ സുരക്ഷിതമായി പാർക്ക് ചെയ്യാൻ സാധിക്കും.

സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ ബഹുനില പാർക്കിങ് സംവിധാനം ഉപയോഗിക്കാൻ വളരെ ലളിതമാണ് എന്നതാണ് പ്രത്യേകത

വാഹനം പാർക്കിങ്ങിനായുള്ള നിശ്ചിത സ്ഥാനത്ത് നിർത്തുക മാത്രം ചെയ്താൽ മതിയാകും. ബാക്കി മുഴുവൻ പ്രക്രിയയും സെൻസറുകളുടെയും യന്ത്രങ്ങളുടെയും സഹായത്തോടെ ഓട്ടോമേറ്റഡ് സംവിധാനമാണ് കൈകാര്യം ചെയ്യുന്നത്. സാധാരണ പാർക്കിങ് കേന്ദ്രങ്ങളിൽ ഒഴിവുള്ള സ്ഥലം തേടി അലയുന്നതോ തിരക്കേറിയ ഇടങ്ങളിൽ വാഹനം നിയന്ത്രിക്കേണ്ടി വരുന്നതോ ആയ ബുദ്ധിമുട്ടുകൾ ഇവിടെയില്ല. സമയ ലാഭവും മികച്ച യാത്രാനുഭവവുമാണ് ഇത് വാഗ്ദാനം ചെയ്യുന്നത് .മെട്രോ യാത്രക്കാർക്ക് വലിയ ആശ്വാസമാണ് ഇതിലെ കുറഞ്ഞ നിരക്കുകൾ. ആദ്യ രണ്ട് മണിക്കൂറിന് വെറും 15 രൂപയും തുടർന്ന് ഓരോ മണിക്കൂറിനും 25 രൂപയുമാണ് ഈടാക്കുന്നത്.

വനിതാ ദിനത്തിൽ കൊച്ചി മെട്രോ യുടെ പ്രത്യേക പ്രഖ്യാപനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News