ഗണേഷ് കുമാർ അടിയന്തരമായി രാജിവെക്കണം'; ഉമ്മൻചാണ്ടി എന്തിനാണ് രാജി വാങ്ങിയതെന്ന് ഇപ്പോൾ വ്യക്തമായെന്ന് രമേശ് ചെന്നിത്തല
Trivandrum, 09 മാര്ച്ച് (H.S.) തിരുവനന്തപുരം: സംസ്ഥാന ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഉയരുന്ന ഗുരുതരമായ കുടുംബശൈഥില്യ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹം അടിയന്തരമായി രാജിവെക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഗണേഷ് ക
ramesh chennithala


Trivandrum, 09 മാര്ച്ച് (H.S.)

തിരുവനന്തപുരം: സംസ്ഥാന ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഉയരുന്ന ഗുരുതരമായ കുടുംബശൈഥില്യ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹം അടിയന്തരമായി രാജിവെക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഗണേഷ് കുമാറിനോട് മുഖ്യമന്ത്രി രാജി ആവശ്യപ്പെടണമെന്നും വിഷയത്തിൽ പോലീസിന്റെ നിസ്സംഗത ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ ഭാര്യ ബിന്ദു മേനോന്റെ വെളിപ്പെടുത്തലുകൾ അതീവ ഗൗരവകരമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

പോലീസിനെതിരെ രൂക്ഷവിമർശനം

മന്ത്രി പത്നി നേരിട്ട് പരാതിപ്പെട്ടിട്ടും മൂന്ന് ദിവസമായി പോലീസ് യാതൊരു നടപടിയും എടുക്കാത്തതിനെ ചെന്നിത്തല ചോദ്യം ചെയ്തു. മൂന്ന് ദിവസമായി മിസ്റ്റർ പിണറായി വിജയൻ നിങ്ങൾ ഉറങ്ങുകയായിരുന്നോ? മന്ത്രിയുടെ ഭാര്യ പരാതിയുമായി വന്നിട്ടും അതിന്മേൽ അടയിരിക്കുകയാണോ? ഇതാണോ നിങ്ങളുടെ സ്ത്രീ സുരക്ഷ? ചെന്നിത്തല ആഞ്ഞടിച്ചു. 112-ൽ വിളിച്ച് ആർക്കും പരാതി പറയാമെന്നിരിക്കെ, മന്ത്രിയുടെ ഭാര്യയുടെ ഫോൺ സന്ദേശത്തിൽ പോലും നടപടിയുണ്ടാകാത്തത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ പരാമർശം

മുൻപ് യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഉമ്മൻചാണ്ടി എന്തിനാണ് ഗണേഷ് കുമാറിന്റെ രാജി എഴുതി വാങ്ങിയതെന്ന് ഇപ്പോൾ എല്ലാവർക്കും വ്യക്തമായെന്ന് ചെന്നിത്തല പറഞ്ഞു. അന്ന് സമാനമായ സാഹചര്യം ഉണ്ടായപ്പോൾ യുഡിഎഫ് മാതൃകാപരമായ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ എൽഡിഎഫ് മന്ത്രിയെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. മന്ത്രിയുടെ ഭാര്യ വെളിപ്പെടുത്തിയത് കേട്ടാൽ അറയ്ക്കുന്ന കാര്യങ്ങളാണ്. ഇതൊക്കെ ഒരു വ്യക്തിപരമായ വിഷയമായി തള്ളിക്കളയാനാവില്ല, അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ പ്രതികരണം

വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കടുത്ത ഭാഷയിൽ പ്രതികരിച്ചു. മന്ത്രിയുടെ ഭാര്യയ്ക്ക് പോലും നീതി ലഭിക്കാത്ത കേരളത്തിൽ സാധാരണക്കാരായ സ്ത്രീകൾക്ക് എങ്ങനെ സുരക്ഷ ലഭിക്കുമെന്ന് അദ്ദേഹം ചോദിച്ചു. സ്ത്രീ സുരക്ഷയെക്കുറിച്ച് കപ്പടിച്ച് സംസാരിക്കുന്ന മുഖ്യമന്ത്രി ഇപ്പോൾ മൗനം പാലിക്കുന്നത് ലജ്ജാകരമാണ്. പരാതിയുണ്ടായപ്പോൾ മന്ത്രിയെ രക്ഷിക്കാൻ പോലീസ് ശ്രമിച്ചുവെന്നത് ഗുരുതരമായ വീഴ്ചയാണ്, സതീശൻ പറഞ്ഞു. മന്ത്രിയുടെ നിർദ്ദേശപ്രകാരം പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ ബിന്ദു മേനോനെ ആക്രമിച്ചുവെന്ന ആരോപണത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗണേഷ് കുമാറിനെതിരെ കുറ്റാരോപണങ്ങൾ കടുക്കുന്ന സാഹചര്യത്തിൽ സർക്കാർ വലിയ പ്രതിരോധത്തിലാണ്. മന്ത്രിസ്ഥാനം രാജിവെക്കാതെ ഈ വിഷയത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ഉയർന്നു വന്ന ഈ വിവാദം ഭരണമുന്നണിക്ക് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിൽ മന്ത്രിക്കെതിരെ കൂടുതൽ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനാണ് യുഡിഎഫ് തീരുമാനം.

---------------

Hindusthan Samachar / Roshith K


Latest News