Enter your Email Address to subscribe to our newsletters

Trivandrum, 09 മാര്ച്ച് (H.S.)
തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ഗുരുതരമായ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനും പൊലീസിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രിയുടെ ഭാര്യയ്ക്ക് പോലും നീതി ലഭിക്കാത്ത കേരളത്തിൽ സാധാരണക്കാരായ സ്ത്രീകൾക്ക് എങ്ങനെ സുരക്ഷ ലഭിക്കുമെന്ന് അദ്ദേഹം ചോദിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുലർത്തുന്ന മൗനം ലജ്ജാകരമാണെന്നും സതീശൻ കുറ്റപ്പെടുത്തി.
പൊലീസിന്റെ വീഴ്ച ഞെട്ടിക്കുന്നത്
മന്ത്രിയുടെ ഭാര്യ സഹായത്തിനായി പൊലീസിനെ വിളിച്ചിട്ടും അവരെ സംരക്ഷിക്കുന്നതിന് പകരം പ്രതിയെ സഹായിക്കുന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. അവർക്ക് എന്താണ് സംഭവിച്ചതെന്ന് പൊലീസ് അന്വേഷിച്ചില്ല, അവരെ അവിടെ നിന്ന് രക്ഷപ്പെടുത്താൻ പോലും ശ്രമിച്ചില്ല. മന്ത്രി പത്നിയുടെ അവസ്ഥ ഇതാണെങ്കിൽ കേരളത്തിലെ മറ്റ് സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തിൽ എന്ത് ഉറപ്പാണുള്ളത്? അദ്ദേഹം ചോദിച്ചു. സ്ത്രീ സുരക്ഷയെക്കുറിച്ച് വലിയ പ്രസംഗങ്ങൾ നടത്തുന്ന മുഖ്യമന്ത്രിയുടെ 'അവൾക്കൊപ്പം' എന്ന മുദ്രാവാക്യം കേവലം പി.ആർ. വർക്ക് മാത്രമാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
യുഡിഎഫിന്റെയും എൽഡിഎഫിന്റെയും വ്യത്യാസം
ഇത്തരം വിഷയങ്ങളിൽ കോൺഗ്രസും എൽഡിഎഫും സ്വീകരിക്കുന്ന നിലപാടുകൾ തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. ഒരാൾക്ക് അയ്യായിരം പ്രണയമുണ്ടാകുന്നത് അയാളുടെ വ്യക്തിപരമായ കാര്യമായിരിക്കാം. എന്നാൽ ഇവിടെ ഒരു സ്ത്രീ നേരിട്ട് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നു. മന്ത്രിയുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളാണ് തന്നെ ആക്രമിച്ചതെന്ന് അവർ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇത് ഗൗരവകരമായ കുറ്റകൃത്യമാണ്, സതീശൻ പറഞ്ഞു. ഭർത്താവിനെതിരെ പരാതി പറയാൻ മന്ത്രിമാരുടെ ഭാര്യമാരെ പ്രേരിപ്പിക്കലല്ല യുഡിഎഫിന്റെ പണിയെന്നും, നിലവിൽ ഉയർന്നുവന്ന പരാതിയിൽ നിയമപരമായ നടപടിയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം
വിഷയം പുറത്തുവന്നിട്ടും മൗനം തുടരുന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ സതീശൻ വിമർശിച്ചു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഇതേ വ്യക്തിക്കെതിരെ ആരോപണം വന്നപ്പോൾ സ്വീകരിച്ച നടപടി ഓർമ്മിപ്പിച്ച അദ്ദേഹം, പിണറായി വിജയൻ എന്ത് നടപടിയാണ് സ്വീകരിക്കുക എന്നറിയാൻ കേരളം കാത്തിരിക്കുകയാണെന്ന് പറഞ്ഞു. മന്ത്രിയുടെ വീട്ടിൽ നടന്ന കാര്യങ്ങൾ പുറത്തായതോടെ സർക്കാരിന്റെ പ്രതിച്ഛായ മങ്ങിയെന്നും സദാചാര വിരുദ്ധമായ പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കുന്ന സ്റ്റാഫ് അംഗങ്ങൾക്കെതിരെയും കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗണേഷ് കുമാർ വിഷയത്തിൽ പ്രതിപക്ഷം നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായ പ്രതിഷേധം തുടരുമെന്നാണ് വി.ഡി. സതീശന്റെ വാക്കുകൾ നൽകുന്ന സൂചന. മന്ത്രിയുടെ രാജിയല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും പ്രതിപക്ഷം തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ വിഷയം പ്രധാന ചർച്ചാവിഷയമായി ഉയർത്തിക്കൊണ്ടുവരാനാണ് യുഡിഎഫ് നീക്കം.
---------------
Hindusthan Samachar / Roshith K