Enter your Email Address to subscribe to our newsletters

Kochi, 09 മാര്‍ച്ച് (H.S.)
ലൈംഗികാതിക്രമക്കേസില്‍ സംവിധായകന് ചിദംബരത്തിന് മുന്കൂര് ജാമ്യം. ഫ്ളാറ്റില്‍ അതിക്രമിച്ചുകയറി ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരിക്കുന്നത്. നടിയുടെ പരാതിയില്‍ 'മഞ്ഞുമ്മല്‍ ബോയ്സ്' സംവിധായകന്‍ ചിദംബരത്തിന് (ചിദംബരം എസ്. പൊതുവാള്‍) എതിരെ കേസെടുത്തത്.
എറണാകുളം ടൗണ്‍ സൗത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസില്‍ എറണാകുളം സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. സെഷന്‍സ് ജഡ്ജി കെ.കെ. ബാലകൃഷ്ണന്‍ ആണ് ജാമ്യം അനുവദിച്ചത്.ഇന്ത്യന്‍ പീനല്‍ കോഡിലെ 354, 354A(1)(i), 509 എന്നീ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. 2022 മേയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചിദംബരം ആരോപണങ്ങള്‍ നിഷേധിച്ചു. സിനിമയുടെ നിര്‍മാണ സമയത്തുണ്ടായ പൂര്‍ണ്ണമായും പ്രൊഫഷണല്‍ സ്വഭാവമുള്ള ഇടപെടലുകളാണ് നടിയുമായി ഉണ്ടായിരുന്നത്. നാലുവര്‍ഷം വൈകിയാണ് പരാതി. തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആരോപണങ്ങളെന്നും പ്രതിഭാഗം വാദിച്ചു.
സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിലെ താമസം, അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടില്‍ പരാതിക്കാരി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുള്ള പരാമര്‍ശം, ചിദംബരത്തിനേ കുറിച്ച് മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നത് തടയുന്ന ബോംബെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് എന്നിവ പരിഗണിച്ചാണ് കോടതി ജാമ്യമനുവദിച്ചത്. അഡ്വ. ചിത്ര രേന്തല ആണ് ചിദംബരത്തിന് വേണ്ടി ഹാജരായത്.
---------------
Hindusthan Samachar / Sreejith S