വട്ട് മൂത്താല് ആര്ക്കും 112 വിളിച്ച് പരാതി പറയാം; ആരോപണങ്ങള് തള്ളി മന്ത്രി ഗണേഷ് കുമാര്
Thiruvanathapuram, 09 മാര്‍ച്ച് (H.S.) തനിക്കെതിരെ സ്ത്രീ വിഷയത്തില്‍ ഉയര്‍ന്ന് ആരോപണങ്ങള്‍ തള്ളി മന്ത്രി ഗണേഷ് കുമാര്‍. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അലവലാതിത്തരങ്ങള്‍ വരും. ഇതെല്ലാം പ്രതീക്ഷിച്ചു തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. പ്രണയത്തേപ്പറ്റി
Kerala Motor vehicles minister Ganesh Kumar


Thiruvanathapuram, 09 മാര്‍ച്ച് (H.S.)

തനിക്കെതിരെ സ്ത്രീ വിഷയത്തില്‍ ഉയര്‍ന്ന് ആരോപണങ്ങള്‍ തള്ളി മന്ത്രി ഗണേഷ് കുമാര്‍. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അലവലാതിത്തരങ്ങള്‍ വരും. ഇതെല്ലാം പ്രതീക്ഷിച്ചു തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. പ്രണയത്തേപ്പറ്റി ചോദിച്ചാല്‍, തനിക്ക് നിരവധിപ്രണയമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സിനിമയില്‍ മാത്രം കണ്ടിരുന്ന ഞാന്‍ ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ച സമയത്ത് തനിക്കെതിരെ നിരവധി ആരോപണം ഉയര്‍ന്നിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ഭാര്യയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ ശ്രീലേഖ ഐപിഎസ് അടക്കമുള്ളവര്‍ ഇടപെട്ടിരുന്നുവെന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ആരാണ് ഈ ശ്രീലേഖ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. അവരൊക്കെ കുശുമ്പുകൊണ്ട് നടക്കുകയല്ലെ. അവരെ മേയറാക്കാതെ രാജേഷിനെ മേയറാക്കിയതിന് കുശുമ്പുംകൊണ്ട് പിണങ്ങി വീട്ടിലിരിക്കുന്ന ആളാണ് ശ്രീലേഖയെന്നും അദ്ദേഹം പറഞ്ഞു. അവരിങ്ങനെ പറയാന്‍ കാരണമെന്താണെന്ന് തനിക്ക് അറിയില്ല. അവര്‍ ബിജെപിക്കാരിയാണ്. ഞാന്‍ എല്‍ഡിഎഫ് കാരനാണ് എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഭാര്യ 112 വിളിച്ച് പരാതി പറഞ്ഞതിനേപ്പറ്റി ചോദിച്ചപ്പോള്‍ വട്ട് മൂത്താല്‍ ആര്‍ക്കും അങ്ങനെ പരാതി പറയാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇതിനെയൊക്കെ ആരോപണങ്ങളായി മാത്രം തള്ളിക്കളയുന്നു. അതില്‍ സത്യമുണ്ടെങ്കിലും ഇല്ലെങ്കിലും എന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ ആരും ഇടപെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഞാനൊരു നല്ല പൊതുപ്രവര്‍ത്തകനാണോ, നല്ല എംഎല്‍എ ആണോ, പാവങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുണ്ടോ അഴിമതി നടത്തുന്നുണ്ടോ വര്‍ഗീയത പ്രചരിപ്പിക്കുന്നുണ്ടോ, ഇതൊന്നുമില്ലാത്ത ആളാണ് ഞാന്‍. തന്റെ ജീവിതം തുറന്ന പുസ്തകമാണെന്നും പിന്നീട് ചോദിച്ചാല്‍ പ്രണയങ്ങളേപ്പറ്റി വിശദമായി പറഞ്ഞുതരാമെന്നും മന്ത്രി പറഞ്ഞു.

ഇപ്പോഴത്തെ വിവാദങ്ങള്‍ തനിക്ക് ഭൂരിപക്ഷം കൂട്ടാനേ സഹായിക്കൂ എന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വീണ്ടും തനിക്കെതിരെ ആരോപണങ്ങളുയര്‍ന്നുവെന്ന് ജനം ചിന്തിക്കും. വന്‍ ഭൂരിപക്ഷത്തില്‍ തന്നെ ഇത്തവണ ജയിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

വ്യക്തിപരമായ കാര്യം, വീടിനകത്തുള്ള കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയേണ്ടതില്ല എന്ന് കരുതി. പക്ഷെ നിങ്ങളുടെ അടുത്ത് എനിക്ക് ഒളിച്ചുവയ്ക്കാനൊന്നുമില്ല. പ്രണയം ഒരു കുറ്റമല്ല, ചിലര്‍ ഒളിച്ചുവയ്ക്കുന്നു, ചിലര്‍ പരസ്യമാക്കുന്നു. മഹാത്മാ ഗാന്ധിയെപ്പോലും വെറുതെ വിടുന്നില്ല, പിന്നെ എന്നെ വെറുതെ വിടുമോ? ഏറ്റവുംകൂടുതല്‍ പ്രണയമുണ്ടായിരുന്ന ആളാണ് ജവഹര്‍ലാല്‍ നെഹ്റു. മാധവിക്കുട്ടി, പുനത്തില്‍ കുഞ്ഞബ്ദുള്ള, എംടി വാസുദേവന്‍ നായര്‍ ഇവരൊക്കെ പ്രണയത്തേപ്പറ്റി ഒരുപാട് എഴുതിയിട്ടുണ്ട്. ഒരാളുടെ വ്യക്തിപരമായ കാര്യവും രാഷ്ട്രീയവും തമ്മില്‍ എന്താണ് ബന്ധം. ഒരാള് മദ്യപിക്കുന്നു, അതയാളുടെ സ്വകാര്യമാണ്. ആരോപണങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടും. വാര്‍ത്താസമ്മേളനം വിളിച്ച് ആരോപണം ഉന്നയിച്ചാല്‍ ചിലര്‍ വിശ്വസിക്കും, ചിലര്‍ വിശ്വസിക്കില്ല. പത്തനാപുരത്തുകാര്‍ക്ക് 25 കൊല്ലമായിട്ട് എന്നെ അറിയാം. അതുകൊണ്ട് ഞാന്‍ ഇത്തവണയും ജയിക്കും. മറ്റുള്ളവരേക്കുറിച്ച് അപവാദം പറയുന്നത് ഒരു രോഗമാണെന്നും അദ്ദേഹം പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News