Enter your Email Address to subscribe to our newsletters

Nattika, 09 മാര്‍ച്ച് (H.S.)
സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ട സി.സി.മുകുന്ദന്‍ എംഎല്‍എ സിപിഐയില്‍ നിന്നും രാജിവച്ചു. യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി നാട്ടികയില്‍ മത്സരിക്കുമെന്ന് മുകുന്ദന്‍ പ്രതികരിച്ചു. കെ.സി.വേണുഗോപാലും രമേശ് ചെന്നിത്തലയും താനുമായി ഫോണില്‍ സംസാരിച്ചു എന്നു പറഞ്ഞ അദ്ദേഹം, സിപിഐ മണ്ഡലം കമ്മിറ്റി അംഗത്വം രാജിവച്ചതായും വേണമെങ്കില്‍ എംഎല്‍എ സ്ഥാനം രാജി വയ്ക്കുമെന്നും പറഞ്ഞു. നാട്ടിക സീറ്റ് പാര്‍ട്ടി പേയ്‌മെന്റ് സീറ്റ് ആക്കി മാറ്റിയതായും ആരോപിച്ചു. കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശിച്ചതനുസരിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി ജോസ് വള്ളൂര്‍ പെരിങ്ങോട്ടുകരയിലെ എംഎല്‍എ ഓഫിസിലെത്തി അദ്ദേഹവുമായി ചര്‍ച്ച നടത്തി. മറ്റു കാര്യങ്ങള്‍ നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് ജോസ് വള്ളൂര്‍ പ്രതികരിച്ചത്.
ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് സിപിഐ ഈ സീറ്റിലേക്ക് നിശ്ചയിച്ച മുന്‍ എംഎല്‍എ ഗീതാ ഗോപി പറഞ്ഞു. സി.സി.മുകുന്ദന്റെ രാജിക്കത്ത് കിട്ടിയിട്ടില്ലെന്ന് മണ്ഡലം സെക്രട്ടറിയും അറിയിച്ചു. ചൊവ്വാഴ്ച സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് നടക്കുന്നുണ്ട്. നാട്ടികയില്‍ ഗീതാ ഗോപി ആയിരിക്കും സ്ഥാനാര്‍ഥി എന്ന് സിപിഐ നേതൃത്വം ഞായറാഴ്ച പ്രഖ്യാപിച്ചതിനു പിന്നാലെ സിറ്റിങ് എംഎല്‍എ സി.സി.മുകുന്ദന്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. നാട്ടിക സീറ്റ് പേയ്‌മെന്റ് സീറ്റ് ആണെന്നും ഒരു ടേം മാത്രം പൂര്‍ത്തിയാക്കിയ തന്നെ മാറ്റുന്നത് പാര്‍ട്ടിയുടെ രീതിക്ക് വിരുദ്ധമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇതിനു പിന്നാലെ സി.സി.മുകുന്ദന്‍ ഉത്തമനായ കമ്യൂണിസ്റ്റ് ആണെന്ന് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നു പ്രതികരണം ഉണ്ടായി. കെ.സി.വേണുഗോപാലും രമേശ് ചെന്നിത്തലയും അദ്ദേഹവുമായി ബന്ധപ്പെട്ടു. ഉച്ചയ്ക്ക് മൂന്നോടെ എംഎല്‍എ ഓഫിസിലെത്തിയ സി.സി.മുകുന്ദന്‍ താന്‍ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുകയാണെന്നു പ്രഖ്യാപിച്ചു. ബിജെപിക്കാര്‍ ബന്ധപ്പെട്ടെങ്കിലും അങ്ങോട്ടു പോകാന്‍ താല്‍പര്യമില്ലെന്നും പറഞ്ഞു. മൂന്നരയോടെയാണ് ജോസ് വള്ളൂര്‍ ഓഫിസിലെത്തി ചര്‍ച്ച നടത്തിയത്. പാര്‍ട്ടിയില്‍ നിന്ന് സംസ്ഥാന സെക്രട്ടറിയോ മറ്റാരെങ്കിലുമോ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് മുകുന്ദന്‍ പറഞ്ഞു. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളിലും തനിക്കെതിരെ ആളെ കൂട്ടിയ രണ്ടു വ്യക്തികള്‍ ഉണ്ടെന്നും ഇതെല്ലാം വരും ദിവസങ്ങളില്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ അംഗം മത്സരിക്കുന്നത് എങ്ങനെ പേയ്‌മെന്റ് സീറ്റ് ആകുമെന്നായിരുന്നു സിപിഐ ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദന്റെ പ്രതികരണം. മുകുന്ദന്റെ അഭിപ്രായങ്ങള്‍ പാര്‍ട്ടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.സി.മുകുന്ദന്‍ എംഎല്‍എയുടേത് രാഷ്ട്രീയ പാപ്പരത്തം നിറഞ്ഞ നിലപാടാണെന്ന് സിപിഎം കുറ്റപ്പെടുത്തി.
---------------
Hindusthan Samachar / Sreejith S