Enter your Email Address to subscribe to our newsletters

Kochi , 01 ഏപ്രില് (H.S.)
മലയാളികള് ഒന്നടങ്കം കാത്തിരിക്കുന്ന സുപ്രധാന പദ്ധതികളില് ഒന്നാണ് കൊച്ചിയുടെ മുഖം തന്നെ മാറ്റുന്ന ഫോർട്ട് കൊച്ചി-വൈപ്പിൻ ഭൂഗർഭ തുരങ്കപാത.
ഏറെ സവിശേഷതകളുള്ള ഈ പദ്ധതിയെ കുറിച്ചുള്ള പ്രതീക്ഷകള് പങ്കുവയ്ക്കാത്ത കൊച്ചിക്കാർ അധികമുണ്ടാവില്ല. എന്തെന്നാല് വൈപ്പിൻ പോലെയുള്ള ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള ഇടത്തെ നഗരവുമായി ബന്ധിപ്പിക്കുന്ന നിർണായക പദ്ധതികളില് ഒന്നാണിത്.
കേരളത്തിന്റെ തീരദേശ ഹൈവേ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നതാണ് ഫോർട്ട് കൊച്ചി-വൈപ്പിൻ ഭൂഗർഭ തുരങ്കപാത. വയനാട് തുരങ്കം പോലെ തന്നെ സംസ്ഥാനത്തിന് ഏറെ പ്രാധാന്യമുള്ള ഒരു വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണ് ഇത്. നിലവില് 16 കിലോമീറ്ററോളം വരുന്ന റോഡ് ചുറ്റിസഞ്ചാരത്തിന് ബദലായി, വെറും 3 കിലോമീറ്റർ ദൂരമുള്ള ഒരു നേരിട്ടുള്ള കടലിനടിയിലെ പാത ഒരുക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
കഴിഞ്ഞ വർഷം അവസാനത്തോടെ ഈ പദ്ധതി സാധ്യതാ പഠനത്തില് നിന്ന് നടപ്പാക്കല് ഘട്ടത്തിലേക്ക് ഔദ്യോഗികമായി കടന്നിട്ടുണ്ടെങ്കിലും മൂന്ന് മാസമായി അതില് കൂടുതല് വികസനങ്ങള് ഒന്നും ഉണ്ടായിട്ടില്ല. ഇതിന്റെ തുടർച്ചയായി, സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം, കേരള റെയില് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെആർഡിസിഎല്) നിർമ്മാണ കമ്പനികളില് നിന്ന് താല്പ്പര്യപത്രങ്ങള് (ഇഓഐ) ക്ഷണിച്ചിരുന്നു.
ഭൂമി ഏറ്റെടുക്കല് അടക്കമുള്ള നടപടികള് ഇനിയും ആരംഭിക്കേണ്ടതുണ്ട്. പദ്ധതിയുടെ വലിയൊരു ഭാഗം ധനവിഹിതവും സമയവും അതിന് ചിലവാകും എന്നാണ് കരുതുന്നത്. പദ്ധതിയുടെ ഒരു പ്രധാന ഭാഗമായ ഭൂമി ഏറ്റെടുക്കല് ഘട്ടം ഏകദേശം 18 മാസത്തോളം നീണ്ടുനില്ക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. പദ്ധതിയുടെ ഭാഗമായി ഏകദേശം 2.79 ഹെക്ടർ ഭൂമി ആവശ്യമായി വരുമെന്നാണ് കരുതുന്നത്.
കൂടാതെ, ഏകദേശം 285 കെട്ടിടങ്ങളെ ഇത് സാരമായി ബാധിക്കുമെന്നും കരുതപ്പെടുന്നു. പൊതു-സ്വകാര്യ പങ്കാളിത്തം (പിപിപി) മാതൃകയിലായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക. അതിനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തി കൊണ്ടിരിക്കുന്നത്. എന്നാല് തിരഞ്ഞെടുപ്പ് കാലമായതിനാല് തന്നെ തുടർ പ്രവർത്തനങ്ങള് ഇനിയും വൈകുമോ എന്നാണ് ഉയരുന്ന പ്രധാന ആശങ്ക. 2027 സെപ്റ്റംബറില് പദ്ധതി പൂർത്തിയാക്കുക എന്നതായിരുന്നു ലക്ഷ്യം.
എന്നാല് പണികള് നീളുന്ന സാഹചര്യത്തില് ഇതിന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് വിവരം. പദ്ധതിയുടെ നേരിട്ടുള്ള പ്രവർത്തനങ്ങളിലേക്ക് ഇതുവരെയും അധികൃതർ കടന്നിട്ടില്ല എന്നത് തന്നെയാണ് ഇതിന്റെ കാരണം. പുതിയ സാമ്പത്തിക വർഷം തുടങ്ങിയ സാഹചര്യത്തില്, തിരഞ്ഞെടുപ്പിന് ശേഷം അടുത്ത സർക്കാർ അധികാരത്തില് എത്തിയ ശേഷമായിരിക്കും തുടർ പ്രവർത്തനങ്ങള് ആരംഭിക്കുക എന്നാണ് നിലവിലെ വിവരം.
പദ്ധതിയുടെ നേട്ടങ്ങള്
നിലവിലെ യാത്രാസമയം ഗണ്യമായി കുറയ്ക്കാൻ ഭൂഗർഭതുരങ്ക പാത വന്നാല് സഹായിക്കുമെന്നാണ് സാധ്യത പഠനത്തില് വ്യക്തമാക്കുന്നത്. നിലവിലുള്ള രണ്ട് മണിക്കൂർ യാത്രയെ ഇത് 30 മിനിറ്റായി ചുരുക്കും എന്നതാണ് ഏറ്റവും വലിയ ഗുണം. നിലവില് ഫെറി ഉള്പ്പെടെയുള്ള സംവിധാനങ്ങള് ഉണ്ടെങ്കിലും അവയൊന്നും കാര്യക്ഷമം അല്ല താനും.
കൂടാതെ പ്രതിദിന യാത്രികർക്ക് നിലവിലെ ചെലവിനെ അപേക്ഷിച്ച് പ്രതിമാസം 1500 വരെ ലാഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്; ടോള് നിരക്ക് 50നും 100നും ഇടയിലായിരിക്കും. സാധാരണ പാലത്തില് നിന്ന് വ്യത്യസ്തമായി, ഈ തുരങ്കം കൊച്ചി തുറമുഖത്തെ കപ്പല് പാതയ്ക്ക് ഒരു തടസവും സൃഷ്ടിക്കില്ല എന്നതും ഇതിന്റെ പ്രധാന സവിശേഷതയാണ്. അതുകൊണ്ട് തന്നെ പദ്ധതിക്കായി മുറവിളി കൂട്ടുകയാണ് പ്രദേശവാസികള്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR