Enter your Email Address to subscribe to our newsletters

Kozhikode , 01 ഏപ്രില് (H.S.)
കേരളത്തിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങൾ നടപ്പാക്കുമെന്നതിൽ ഒരു പ്രതീക്ഷയും ഇല്ലെന്ന് എംഎൻ കാരശ്ശേരി. ഇന്ദിരാ ഗ്യാരണ്ടി നടപ്പാകുമോ എന്ന ചോദ്യത്തോട് ആയിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. കോൺഗ്രസിന് കാര്യപ്രാപ്തി വളരെ കുറവാണെന്നും കാലപ്പഴക്കം ചെന്ന നേതാക്കളുടെ പ്രസ്താവനകൾ കൂടി ചേരുമ്പോൾ പാർട്ടിക്ക് അത് ദോഷം ചെയ്യുമെന്നും കാരശ്ശേരി പറഞ്ഞു.
മുണ്ടക്കൈ-ചൂരൽമല ദുരിത ബാധിതർക്ക് സഹായം എത്തിക്കുന്നതിൽ കോൺഗ്രസ് വളരെ മോശമായിരുന്നു. എന്തെങ്കിലും പണിയെടുത്തത് മുസ്ലീം ലീഗ് ആയിരുന്നു. വിഡി സതീശൻ പ്രസ്താവിച്ചത് പോലെ 100 സീറ്റൊന്നും യുഡിഎഫിന് ലഭിക്കില്ല. ഏറ്റവും കൂടിപ്പോയാൽ 85 സീറ്റ് വരെ എത്തും. എന്നാൽ അതും കിട്ടാത്ത തരത്തിലുള്ള പ്രസ്താവനകളാണ് കാലപ്പഴക്കം ചെന്ന നേതാക്കൾ നടത്തിക്കൊണ്ടിരിക്കുന്നത്.
കെ സുധാകരനും പിജെ കുര്യനുമെല്ലാം പറയുന്നത് വലിയ മണ്ടത്തരമാണ്. അറബിയിലെ ചൊല്ല് പോലെ സിംഹത്തെ കൊല്ലുന്നതിന് മുമ്പ് അതിൻ്റെ തോൽ ഓഹരി വയ്ക്കുകയാണ് ഈ നേതാക്കൾ. തെരഞ്ഞെടുപ്പ് നടന്നിട്ടില്ല, ഫലം വന്നിട്ടില്ല, ഭൂരിപക്ഷം കിട്ടിയിട്ടില്ല, സർക്കാർ രൂപീകരിക്കാൻ ആയിട്ടില്ല, അത് രൂപീകരിക്കുമ്പോൾ മാത്രം ആലോചിക്കേണ്ട കാര്യമാണ് ഇപ്പോഴേ വിളമ്പുന്നത്.
വിഡി സതീശനനോടുള്ള കെ സുധാകരന്റെ കയ്പ്പാണ് പിടിപ്പുകേടായി പുറത്ത് വരുന്നത്. പല പരാതികളും നേരത്തെ കേട്ട വ്യക്തിയാണ് പിജെ കുര്യൻ. അദ്ദേഹം ഈ തെരഞ്ഞെടുപ്പ് സമയത്ത് ആകെ ചെയ്ത ഒരേയൊരു കാര്യം ജയിച്ചാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകുമെന്ന പ്രസ്താവനയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെ ധാർമികത പഠിപ്പിക്കാൻ പോയ വ്യക്തിയാണ് കുര്യൻ. രാഹുൽ എന്തോ ചെവിയിൽ പറഞ്ഞതോടെ പിജെ കുര്യൻ പത്തിമടക്കി. എന്തെങ്കിലും കലക്കമുണ്ടാക്കാനാണ് കാലം തികഞ്ഞ ഇത്രകാരുടെ പരിപാടി.
ഈ സമയത്ത് പണ്ട് ജവഹർലാൽ നെഹ്റു പറഞ്ഞ കാര്യമാണ് ഓർമ്മ വരുന്നത്. കോൺഗ്രസിന് മാത്രമേ കോൺഗ്രസിനെ തോൽപ്പിക്കാൻ കഴിയൂ എന്ന വാചകം. കെ സുധാകരനും പിജെ കുര്യനും നടത്തിയ പ്രസ്താവനകൾ അണികൾക്കിടയിലും നിഷ്പക്ഷ വോട്ടർമാർക്കിടയിലും അങ്കലാപ്പ് ഉണ്ടാക്കിയിരിക്കുകയാണെന്ന് കാരശ്ശേരി പറഞ്ഞു.
120 സീറ്റ് കിട്ടുമെന്നാണ് കർണാടകത്തിലെ ഒരു കോൺഗ്രസ് നേതാവ് വന്ന് പറഞ്ഞത്. അദ്ദേഹത്തിന് കേരളത്തിലെ മൊത്തം സീറ്റുകളെ കുറിച്ച് ധാരണ ഉണ്ടാവില്ല. 72ൻ്റെ ഭൂരിപക്ഷത്തിലാണ് ഉമ്മൻചാണ്ടി ഭരിച്ചത്. കേരളത്തിൽ ഭരണം 5 കൊല്ലം കൂടുന്ന സമയത്ത് മാറണം. അല്ലെങ്കിൽ അധികാരം തലയ്ക്ക് പിടിക്കും. ഇത് മന്ത്രിമാർക്കും എംഎൽഎമാർക്കും മാത്രമല്ല. താഴേക്കിടയിലുള്ള തദ്ദേശ പ്രസിഡൻ്റുമാർക്കും എസ്എഫ്ഐക്കാർക്കും തലയ്ക്ക് പിടിച്ചില്ലേ? തത്കാലം ഭരണം മാറണം. രണ്ടുപേരും മാറി മാറി ഭരിച്ചാലേ ബിജെപിയെ മാറ്റിനിർത്താൻ കഴിയൂ. ബിജെപി വന്ന് കഴിഞ്ഞാൽ പിന്നെ ഒരു രക്ഷയും ഉണ്ടാവില്ല. അത് പിന്നെ മാറുകയുമില്ല. കേരളത്തിൽ ഒരു തൂക്കു മന്ത്രിസഭയ്ക്ക് സാധ്യത കുറവാണ്. ഭരണം കിട്ടി തമ്മിലടി തുടങ്ങിയാൽ പിണറായി സർക്കാരാണ് നല്ലതെന്ന് ജനങ്ങൾ പറയുന്ന അവസ്ഥ വരാതെ നോക്കേണ്ടത് ഈ നേതാക്കളാണ്.
പിണറായി സർക്കാരിന് കാര്യപ്രാപ്തിയില്ല എന്നൊന്നും അഭിപ്രായമില്ല. കോൺഗ്രസിന് മുകളിലാണ് ഈ ഭരണം അതിലൊരു സംശയവുമില്ല. എന്നാൽ ഇവിടെ തുല്യതയില്ല, നീതിയില്ല, ഒരു ചോദ്യം ചോദിക്കാൻ പറ്റില്ല. മുഖ്യമന്ത്രിയോട് പത്രക്കാർക്ക് ചോദിക്കാൻ പറ്റില്ല വീട്ടിൽ പോയി ചോദിക്കൂ എന്ന് മറുപടി. വിമർശിക്കാൻ പാടില്ല, പ്രതിഷേധിക്കാനും പാടില്ല, 40 കാറുകളുടെ അകമ്പടിയോടെ എഴുന്നള്ളുന്നത് ഭരണം തലയ്ക്ക് പിടിച്ചിട്ടാണെന്നും കാരശ്ശേരി പറഞ്ഞു.
ഇതിന് മുമ്പും ഇവിടെ പല മുഖ്യമന്ത്രിമാർ ഉണ്ടായിട്ടുണ്ട്. നവ കേരള സദസ് നടത്തുന്നിടത്ത് പൗരപ്രമുഖന്മാരെ മാത്രമാണ് അദ്ദേഹം കാണുന്നത് സാധാരണക്കാരെ കാണുന്നില്ല. ഇങ്ങനെ ഒരു സദസ് നടത്താതെ പതിനായിരക്കണക്കിന് ആളുകളെ കണ്ട വ്യക്തിയാണ് ഉമ്മൻചാണ്ടി.
ആരോഗ്യ മേഖലയാണ് ഏറ്റവും കൂടുതലായി തകർന്ന് തരിപ്പണമായത്. അമേരിക്കയേക്കാൾ മെച്ചപ്പെട്ടതെന്ന് പറയുന്നു എന്നിട്ട് എല്ലാവരും ചികിത്സിക്കാൻ അമേരിക്കയിൽ പോകുന്നു. വികസനം എന്ന് പറഞ്ഞാൽ റോഡും പാലവും മാത്രമല്ല. അത് വേണം, എന്നാൽ അത് മാർഗമാണ് ലക്ഷ്യം നീതിയാണ്.
വിദ്യാഭ്യാസ മേഖലയ്ക്കും എന്താണ് സംഭവിച്ചത് നല്ല കെട്ടിടവും റോഡും മുറ്റത്ത് ഇൻ്റർലോക്കിടുന്നതും മാത്രമല്ല വികസനം. എ പ്ലസ് കിട്ടിയ വിദ്യാർഥികളിൽ മിക്കവർക്കും മലയാളം എഴുതാനും വായിക്കാനും അറിയില്ലെന്ന് പറഞ്ഞത് പൊതുവിദ്യാഭ്യാസ ഡയറക്ടർ ആണ്. മീറ്റിങ്ങിൽ നടന്ന കാര്യം എങ്ങനെ പുറത്ത് പോയി എന്നാണ് വിദ്യാഭ്യാസ മന്ത്രി അന്വേഷിച്ചത്. അല്ലാതെ 10 കുട്ടികളെ വിളിച്ച് കേട്ടെഴുത്ത് നടത്തുകയല്ല ചെയ്തത്. കുട്ടികൾക്ക് രാഷ്ട്രീയത്തിൽ താത്പര്യം ഇല്ലാത്തതിന്റെ പ്രധാന കാരണം അവർക്ക് ബഹുമാനം തോന്നുന്ന ഒരു നേതാവ് ഇവിടെ ഇല്ല എന്നതാണ്. പ്രകൃതി ദുരന്തങ്ങൾ വന്ന സമയത്ത് ഇവിടെ സർക്കാർ നന്നായി പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ പ്രകൃതി ദുരന്തം വരാതിരിക്കാനുള്ള ഒരു നയം ഇവിടെയുണ്ടോ?
രാഷ്ട്രീയത്തിൽ ആത്യന്തിക സത്യമില്ല. ബിജെപി വരാതിരിക്കാനും തുടർഭരണം കൊടുക്കാതിരിക്കാനും നല്ലത് യുഡിഎഫിന് ഭരണം കിട്ടുന്നതാണ്. ബിജെപി ഏതെങ്കിലും സീറ്റിൽ വിജയിക്കുമെന്ന് കരുതുന്നില്ല. എന്നാലും അവർ വോട്ട് വർധിപ്പിക്കും. അതിൻ്റെ പ്രധാന ഘടകം ശബരിമല വിഷയവും ഒപ്പം യുഡിഎഫിന്റെ കൊള്ളരുതായ്മകളും വാക്കുകളിലെ നിലവാര തകർച്ചയുമാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR