Enter your Email Address to subscribe to our newsletters

Kochi , 01 ഏപ്രില് (H.S.)
പശ്ചിമേഷ്യൻ സംഘർഷം നടക്കുന്ന സമയത്ത് മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള് കൂട്ടത്തോടെ കൊച്ചിയിലെത്തിച്ചു. സംഘർഷത്തെ തുടർന്ന് കുവൈറ്റിൽ കുടുങ്ങി കിടന്ന 20 പ്രവാസികളുടെ മൃതദേഹങ്ങളാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
ഇന്നലെ (മാർച്ച് 31) രാത്രി 11 മണിക്കാണ് മൃതദേഹങ്ങള് കൂട്ടത്തോടെ കൊച്ചിയിലെത്തിയത്. വിവിധ കാരണങ്ങളാൽ കുവൈറ്റിൽ ഈയടുത്ത് മരണപ്പെട്ടവരുടെ മൃതദേഹങ്ങളാണവ. കുവൈത്തിലെ ജല ശുദ്ധീകരണ ശാലയ്ക്കു നേരേ നടന്ന ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട തമിഴ്നാട് രാമനാഥപുരം മുത്തുകുളത്തൂർ സ്വദേശി സന്താനസെൽവം കൃഷ്ണൻ്റെ അടക്കം 15 മൃതദേഹങ്ങൾ തമിഴ്നാട് സ്വദേശികളുടേതാണ്. കോഴിക്കോട്, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്നുള്ള അഞ്ച് മലയാളികളുടെ മൃതദേങ്ങളും അവയിൽ ഉൾപ്പെടുന്നു.
പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് കുവൈറ്റിൽ നിന്നുള്ള വിമാന സർവീസുകളിൽ ഉണ്ടായ തടസത്തെത്തുടർന്ന് വിദേശത്ത് കുടുങ്ങിക്കിടന്ന മൃതദേഹങ്ങളാണ് പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ചത്. കൊച്ചിയിലെത്തിയ മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം രാത്രി വൈകി ബന്ധുക്കൾക്ക് വിട്ടുനൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടയിൽ വിവിധ കാരണങ്ങളാൽ മരണപ്പെട്ടവരുടെ ഭൗതികദേഹങ്ങളാണ് വിമാന സർവീസുകളുടെ ലഭ്യതക്കുറവ് മൂലം അയക്കാൻ സാധിക്കാതെ വിദേശത്ത് കുടുങ്ങി കിടന്നത്.
കുവൈറ്റ് എയർവേയ്സിൻ്റെ KU 5632 വിമാനത്തിലാണ് ഭൗതികദേഹങ്ങൾ കൊണ്ടുവന്നത്. കുവൈറ്റിൽ നിന്ന് കൊളംബോ വഴി കൊച്ചിയിലേക്കാണ് (KWI/CMB/COK) ഈ വിമാനം എത്തിയത്. 20 ഭൗതികദേഹങ്ങളും ഒരേ വിമാനത്തിൽ തന്നെ എത്തിച്ചത് ഈ ദൗത്യത്തിൻ്റെ മറ്റൊരു പ്രത്യേകതയാണ്. തുടർന്ന് വിവിധ ജില്ലകളിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോവുകയും ചെയ്തു. മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ഉടൻ തന്നെ ആംബുലൻസുകളിൽ അതത് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നുവെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
രാത്രി വൈകിയാണെങ്കിലും ഭൗതികദേഹങ്ങൾ വീടുകളിലെത്തിക്കാനുള്ള നടപടികൾ സിയാൽ പൂർത്തിയാക്കിയിരുന്നു. മൃതദേഹങ്ങൾ എത്തിച്ച കുവൈറ്റ് എയർവേയ്സ് വിമാനം ഇന്ന് രാവിലെ 10:55-ന് കൊച്ചിയിൽ നിന്ന് തിരികെ കുവൈറ്റിലേക്ക് പുറപ്പെട്ടു. മടക്കയാത്രയിൽ യാത്രക്കാർ ആരും തന്നെ ഉണ്ടാവില്ലെന്ന് സിയാൽ അറിയിച്ചു. മാസങ്ങളോളം നീണ്ട കാത്തിരിപ്പിനും സാങ്കേതിക തടസങ്ങൾക്കും ഒടുവിലാണ് പ്രവാസികളുടെ മൃതദേഹങ്ങൾ ഒന്നിച്ച് ജന്മനാട്ടിലേക്ക് എത്തിച്ചത് എന്നത് ശ്രദ്ധേയമാണ്. ഇതിനായി എംബസി തലത്തിലും വിമാന കമ്പനികളുമായും ഉന്നതതല ചർച്ചകൾ നടന്നിരുന്നു. തുടർന്നാണ് മൃതദേഹങ്ങൾ ഒന്നിച്ചെത്തിക്കാൻ തീരുമാനമായത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR