Enter your Email Address to subscribe to our newsletters

Newyork , 01 ഏപ്രില് (H.S.)
അമേരിക്കയിലെ മള്ട്ടിനാഷണല് ടെക്നോളജി കമ്പനിയായ ഒറാക്കിളില് കൂട്ടപ്പിരിച്ചുവിടല്. 30000 പേര്ക്ക് ജോലി നഷ്ടമായി എന്നാണ് റിപ്പോര്ട്ട്.
ഇതില് 12000 പേര് ഇന്ത്യയിലാണ്. അതിരാവിലെ കമ്പനി മെയില് കണ്ട് പലരും അന്തംവിട്ടു. എല്ലാവര്ക്കും രാവിലെ അഞ്ചിനും ആറിനും ഇടയിലാണ് ജോലിയില് നിന്ന് പുറത്താക്കി എന്ന ഇ-മെയില് വന്നത്.
എഐ കൂടുതലായി ഉപയോഗിക്കാന് തുടങ്ങിയതോടെയാണ് ജീവനക്കാരുടെ എണ്ണം കമ്പനി കുറയ്ക്കുന്നത് എന്നാണ് റിപ്പോര്ട്ടുകള്. കമ്പനി അധികൃതര് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 20 വര്ഷമായി ജോലി ചെയ്യുന്നവരും പുറത്താക്കിയവരില് പെടും. നാല് വര്ഷമായി ജോലി ചെയ്യുന്നവര്ക്കും തൊഴില് പോയി. വൈകാടെ അടുത്ത ലേഓഫ് ഉണ്ടാകുമെന്നാണ് ജീവനക്കാര് പ്രതീക്ഷിക്കുന്നത്.
30000 പേരെയാണ് കമ്പനി പുറത്താക്കിയിരിക്കുന്നത്. ഇത് മൊത്തം ജീവനക്കാരുടെ എണ്ണത്തിന്റെ 18 ശതമാനം വരും. ചില ടീമില് അംഗങ്ങളുടെ എണ്ണം പകുതിയായി കുറച്ചു എന്നാണ് ജീവനക്കാര് എക്സില് കുറിച്ചിരിക്കുന്നത്. നേരത്തെ നോട്ടീസ് നല്കുകയോ ചര്ച്ച നടത്തുകയോ ചെയ്യാതെയാണ് പിരിച്ചുവിട്ടത് എന്നും ജീവനക്കാര് പറയുന്നു.
ജോലിയില് നിന്ന് പുറത്താക്കി എന്ന മെയില് വന്ന പിന്നാലെ കമ്പനി മെയിലും മറ്റു ആക്സസും നഷ്ടമായി. കമ്പനിയുടെ ഉന്നത അധികാരികളില് നിന്നാണ് മെയില് ലഭിച്ചത്. കമ്പനിയില് ചില മാറ്റങ്ങള് വരുന്നുണ്ട്. അതിന്റെ ഭാഗമായുള്ള ക്രമീകരണമാണ് നടക്കുന്നത്. ഈ സാഹചര്യത്തില് താങ്കള് നിര്വഹിക്കുന്ന ചുമതല ഇനി മുതല് ഉണ്ടാകില്ല എന്ന വിവരമാണ് ലഭിച്ചത് എന്ന് ജീവനക്കാര് പറയുന്നു.
രാജിവയ്ക്കുന്നവര്ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്
സ്വമേധയാ രാജിവയ്ക്കുന്നവര്ക്ക് കമ്പനി ചില ഓഫര് വച്ചിരുന്നുവത്രെ. സര്വീസ് ചെയ്ത വര്ഷങ്ങള് കണക്കാക്കി ഓരോ വര്ഷത്തിനും 15 ദിവസത്തെ ശമ്പളം, ഒരു മാസം നോട്ടീസ് പിരീഡിലെ ശമ്പളം, അവധികള് സറണ്ടര് ചെയ്യാനുള്ള അവസരം, ഗ്രാറ്റുവിറ്റി, രണ്ട് മാസത്തെ സാലറി ടോപ്പ് അപ്പ് എന്നിവയെല്ലാമാണ് സ്വമേധയാ രാജിവയ്ക്കുന്നവര്ക്കുള്ള ഓഫര്.
ഒറാക്കിള് അടുത്തിടെ എഐ സാങ്കേതിക വിദ്യ കൂടുതലായി ഉപയോഗിക്കുന്നുണ്ട്. വലിയ നിക്ഷേപം എഐയില് നടത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില് വന്തോതിലുള്ള ചെലവ് ചുരുക്കല് നടത്തുമെന്ന റിപ്പോര്ട്ടുകള്ക്കിടെയാണ് കൂട്ടപിരിച്ചുവിടല് നടത്തിയിരിക്കുന്നത്. സമാനമായ നടപടികള് മറ്റു പല ടെക് കമ്പനികളും സ്വീകരിച്ചുവരികയാണ്.
കമ്പനിയില് അടുത്തിടെ ജോലി സമയം വര്ധിപ്പിച്ചിരുന്നു എന്ന് ചില ജീവനക്കാര് സൂചിപ്പിച്ചു. പുതിയ പിരിച്ചുവിടലില് ഇന്ത്യക്കാര്ക്കാണ് കൂടുതല് ജോലി നഷ്ടമായിരിക്കുന്നത്. അമേരിക്കയിലെ ടെക്സാസിലെ ഓസ്റ്റിന് കേന്ദ്രമായി പ്രവര്ത്തിക്കുന്ന കമ്പനിയാണ് ഒറാക്കിള്. ലോക വ്യാപകമായി ജീവനക്കാരും പ്രവര്ത്തനവുമുള്ള കമ്പനിയുടെ അപ്രതീക്ഷിത നടപടി ജീവനക്കാരെ ആശങ്കയിലാക്കിയിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR