ലൈംഗികാതിക്രമക്കേസിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി
Ernakulam , 01 ഏപ്രില് (H.S.) ലൈംഗികാതിക്രമക്കേസിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പൊലീസിൻ്റെ വാദം കോടതി അംഗീകരിച്ചു. ഇനി പൊലീസ് കസ്റ്റഡിൽ വാങ്ങിയ ശേഷം പ്രതിയുമായി തെളിവെടുപ
Renjith


Ernakulam , 01 ഏപ്രില് (H.S.)

ലൈംഗികാതിക്രമക്കേസിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പൊലീസിൻ്റെ വാദം കോടതി അംഗീകരിച്ചു. ഇനി പൊലീസ് കസ്റ്റഡിൽ വാങ്ങിയ ശേഷം പ്രതിയുമായി തെളിവെടുപ്പ് പൂർത്തിയാക്കിയേക്കും.

അതിക്രമം നടന്ന കാരവാൻ കണ്ടെത്തേണ്ടതുണ്ട് എന്നതടക്കം വാദങ്ങളാണ് പൊലീസ് കോടതിയിൽ ഉന്നയിച്ചത്. ഇന്ന് തന്നെ കസ്റ്റഡി അപേക്ഷ പൊലീസ് നൽകുമെന്നും പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. നേരത്തെ വൈദ്യപരിശോധനയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് രഞ്ജിത്തിനെ കൊച്ചി ജനറൽ ആശുപത്രിയിൽ പ്രവേശിച്ചിരുന്നു.

രക്തസമ്മർദ്ദം ഉയർന്നതാണ് അസ്വസ്ഥതയ്ക്ക് കാരണമെന്ന് പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു. വിദഗ്ധ പരിശോധനയിൽ രഞ്ജിത്തിന് ഹൃദയസംബന്ധമായ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും രക്തസമ്മർദ്ദം സാധാരണ നിലയിലായെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇതോടെയാണ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. ശേഷം ഉച്ച ഭക്ഷണത്തിന് ശേഷം ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു. നിലവിൽ ഇയാളെ എറണാകുളം സബ് ജയിലിലേക്കാകും മാറ്റുക.

അതേസമയം രഞ്ജിത്തിനെതിരെ നടപടിയുമായി സിനിമാ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. രഞ്ജിത്തിനെ ഫെഫ്കയിൽനിന്ന് സസ്പെൻഡ് ചെയ്തു. കേസിൽ വിധി വരുന്നത് വരെ ഡയറക്ടേഴ്സ് യൂണിയനിൽ നിന്നും റൈറ്റേഴ്സ് യൂണിയനിൽ നിന്നും രഞ്ജിത്തിനെ മാറ്റിനിർത്തുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു.

സമാനമായ രീതിയിൽ ആരോപണവിധേയരായ സിനിമാ പ്രവർത്തകർക്കെതിരേ ഇത്തരത്തിലുള്ള നടപടി തന്നെയാണ് നേരത്തെയും സംഘടന എടുത്തിട്ടുള്ളതെന്നും ബി. ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകാശ് വർമ നായകനായെത്തുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് യുവനടിക്കെതിരേ അതിക്രമമുണ്ടായതെന്നാണ് പരാതി. ജനുവരി 30-നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

സര്ക്കാര് അതിജീവിതയ്ക്കൊപ്പം

സര്ക്കാര് അതിജീവിതയ്ക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാന്. സിനിമയിലെ സംഭാവന മുന് നിര്ത്തിയാണ് രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയര്മാന് ഉള്പ്പടെ ഉയര്ന്ന പദവികള് നല്കിയത്. ഇത്തരം പരാതികള് ആവര്ത്തിക്കുന്നത് ഗൗരവതതരമാണെന്നും ദുരനുഭവം ഉണ്ടായവര് മുന്നോട്ടുവരണമെന്നും സാംസ്കാരിക മന്ത്രി സജി ചെറിയാന് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ പരാതി കൃത്യമായി അറിയില്ലെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

ഇതിന് മുമ്പും രഞ്ജിത്തിനെതിരേ ലൈംഗികാരോപണങ്ങൾ വന്നിരുന്നു. ലൈംഗികാതിക്രമ പരാതിയുമായി ബംഗാളി നടി രംഗത്തുവന്നത് 2024-ലാണ്. 2009-ൽ കൊച്ചിയിലെ ഗസ്റ്റ് ഹൗസിൽ വച്ചാണ് പരാതിയ്ക്ക് ആസ്പദമായ സംഭവം നടന്നത്. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നായിരുന്നു നടിയുടെ ആരോപണം. എന്നാൽ പരാതി നൽകാൻ വൈകിയെന്ന് ചൂണ്ടിക്കാണിച്ചാണ് അന്ന് കോടതി കേസ് റദ്ദാക്കിയത്.

പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസ്

സംവിധായകൻ രഞ്ജിത്ത് അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. പരാതിക്കാരിയെ സ്വാധീനിക്കുന്നുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. പരാതിക്കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്തും. സാക്ഷികളുണ്ടോ എന്നകാര്യം അന്വേഷിക്കും.

കേസെടുത്തതിന് പിന്നാലെ പ്രതി രക്ഷപ്പെടാനുള്ള ശ്രമം നടന്നു. എന്നാൽ സമയോചിതമായ ഇടപെടലിലൂടെ പിടികൂടുകയായിരുന്നു. മുൻകൂർ ജാമ്യത്തെ എതിർത്തിട്ടുണ്ട്. അന്വേഷണം മുന്നോട്ട് പോവുകയാണ്. നിലവിൽ ലൈംഗികാതിക്രമക്കേസ് സംബന്ധിച്ച എല്ലാ വകുപ്പുകളും ചേർത്താണ് കേസ് ഫയൽ ചെയ്തിട്ടുള്ളതെന്നും ഡിസിപി അശ്വതി ജിജി പറഞ്ഞു.

അതേസമയം ഇയാള്ക്കെതിരെ തെളിവുകളുണ്ടെന്നും യുവതി കടന്ന് പോയത് കടുത്ത മാനസിക സമ്മർദത്തിലൂടെയാണെന്നും കൊച്ചി പൊലീസ് കമ്മിഷ്ണർ കാളിദാസ് മഹേശ്വർ പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News