Enter your Email Address to subscribe to our newsletters

Kochi , 01 ഏപ്രില് (H.S.)
85 വയസ്സ് പിന്നിട്ട മുതിർന്ന പൗരന്മാർക്കും 40 ശതമാനത്തിലധികം വൈകല്യമുള്ള ഭിന്നശേഷിക്കാർക്കും വേണ്ടി 'വോട്ട് ഫ്രം ഹോം' സംവിധാനം ഏർപ്പെടുത്തിയതിന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പ് പൂർണ്ണമായും ഭിന്നശേഷി സൗഹൃദമാക്കാൻ അത്യാധുനിക സാങ്കേതിക വിദ്യയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ.
ഭിന്നശേഷിയുള്ള വോട്ടർമാർക്ക് വോട്ടിങ് പ്രക്രിയ ലളിതമാക്കുന്നതിനായി 'സാക്ഷം' (Saksham) എന്ന മൊബൈല് ആപ്ലിക്കേഷൻ ആണ് അവതരിപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയില് ഭിന്നശേഷിക്കാർക്ക് കൂടുതല് പരിഗണനയും സൗകര്യങ്ങളും ഉറപ്പാക്കുന്ന 'സാക്ഷം' ആപ്പ് ഇപ്പോള് ഗൂഗിള് പ്ലേ സ്റ്റോറിലും ആപ്പിള് ആപ്പ് സ്റ്റോറിലും സൗജന്യമായി ലഭ്യമാണ്. വോട്ടർ പട്ടികയില് പേര് ചേർക്കുന്നത് മുതല് വോട്ടെടുപ്പ് ദിവസം വീല്ചെയർ ബുക്ക് ചെയ്യുന്നത് വരെയുള്ള എല്ലാ സേവനങ്ങളും ഇത് വിരല്ത്തുമ്പില് ലഭ്യമാക്കും.
ഭിന്നശേഷിയുള്ള വോട്ടർമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നല്കുന്ന വിവിധ സേവനങ്ങള് ഏകജാലക സംവിധാനത്തിലൂടെ ലഭ്യമാക്കുക എന്നതാണ് ഈ ആപ്പിന്റെ ലക്ഷ്യം. ലളിതമായ ഇന്റർഫേസ് ആണ് ആപ്പിന്റെ എറ്റവും വലിയ പ്രത്യേകത. കാഴ്ച പരിമിതിയുള്ളവർക്കും കേള്വി പരിമിതിയുള്ളവർക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന തരത്തില് വോയ്സ് അസിസ്റ്റൻസ്, ഹൈ-കോണ്ട്രാസ്റ്റ് ഡിസൈൻ തുടങ്ങിയ സംവിധാനങ്ങള് ഇതില് സജ്ജമാക്കിയിട്ടുണ്ട്. പുതിയ വോട്ടർമാരായി രജിസ്റ്റർ ചെയ്യാനും വോട്ടർ കാർഡിലെ തിരുത്തലുകള് വരുത്താനും ആപ്പ് വഴി സാധിക്കും. കൂടാതെ, തെരഞ്ഞെടുപ്പ് ദിവസം പ്രത്യേക മുൻഗണനയും സഹായങ്ങളും ബൂത്തുകളില് ലഭ്യമാക്കാൻ കമ്മീഷന് സാധിക്കുന്നതിനായി തങ്ങളെ വോട്ടർ പട്ടികയില് 'പിഡബ്ല്യുഡി' എന്ന് രേഖപ്പെടുത്താനും ഭിന്നശേഷി വിഭാഗത്തില്പ്പെട്ട വോട്ടർമാർക്ക് സാധിക്കും.
വോട്ടിങ് ദിവസം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ യാത്രാസൗകര്യവും ബൂത്തിലെ പ്രവേശനവും സാക്ഷം ആപ്പിലൂടെ പരിഹരിക്കപ്പെടും. വോട്ടർമാർക്ക് തങ്ങളുടെ പോളിങ് സ്റ്റേഷൻ എവിടെയാണെന്ന് കണ്ടെത്താനും ആവശ്യമെങ്കില് മുൻകൂട്ടി വീല്ചെയർ ബുക്ക് ചെയ്യാനും ആപ്പില് സൗകര്യമുണ്ട്. വോട്ട് ചെയ്യാൻ പ്രത്യേക സഹായം ആവശ്യമുള്ളവർക്ക് ആപ്പിലൂടെ അഭ്യർഥന നല്കിയാല് വളണ്ടിയർമാരുടെ സേവനവും ഉറപ്പാക്കാം.
സാങ്കേതിക വിദ്യയെ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിലൂടെ തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല് സുതാര്യവും ജനകീയവുമാക്കാനാണ് കമ്മീഷൻ ശ്രമിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ജനാധിപത്യത്തിന്റെ ഈ വലിയ ഉത്സവത്തില് ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് എല്ലാവരും പങ്കാളികളാകുന്നു എന്ന് ഉറപ്പാക്കാൻ ആണ് ഈ സംവിധാനങ്ങള് ഒരുക്കുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR