Enter your Email Address to subscribe to our newsletters

Ernakulam , 01 ഏപ്രില് (H.S.)
തൃശൂർ ലോക്സഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ നൽകിയ തെരഞ്ഞെടുപ്പ് ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി. ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി സുരേഷ് ഗോപി നൽകിയ ഉപഹർജി തള്ളി. ഇതോടെ കേസിൽ അദ്ദേഹം കോടതിയിൽ വിചാരണ നേരിടേണ്ടിവരും.
തുടർനടപടികൾ ഇങ്ങനെ
ലോക്സഭ തെരഞ്ഞെടുപ്പിലെ വിജയം ചോദ്യം ചെയ്തുള്ള ഹർജി പ്രാഥമിക ഘട്ടത്തിൽ തന്നെ തള്ളാനാകില്ലെന്ന് കോടതി വ്യക്തമാക്കി. എഐവൈഎഫ് തൃശൂർ ജില്ല പ്രസിഡൻ്റ് എഎസ് ബിനോയ് ആണ് ഹർജിക്കാരൻ. ഹർജി നിലനിൽക്കുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കേസിൽ വിപുലമായ തുടർനടപടികൾ ഉണ്ടാകും. സുരേഷ് ഗോപിയുടെയും ഹർജിക്കാരൻ്റെയും വാദങ്ങൾ ഹൈക്കോടതി വിശദമായി കേൾക്കും. ആരോപണങ്ങൾ തെളിയിക്കുന്നതിനായി ഇരുപക്ഷത്തിനും രേഖകളും മറ്റ് തെളിവുകളും സമർപ്പിക്കാം. വിശദമായ വാദം കേട്ട ശേഷമായിരിക്കും അന്തിമ വിധി പ്രസ്താവിക്കുക.
മേൽക്കോടതിയെ സമീപിക്കും
ഹൈക്കോടതി വിധി തിരിച്ചടിയായി കാണുന്നില്ലെന്നും മേൽക്കോടതിയെ സമീപിക്കുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ഇത് കോടതിയുടെ സ്വാഭാവിക നടപടി മാത്രമാണ്. ഹർജിക്കാരൻ്റെ പക്കൽ തെളിവുകൾ ഉണ്ടെങ്കിൽ അത് കോടതിയിൽ സമർപ്പിക്കട്ടെ. തങ്ങളുടെ പക്കലും ആവശ്യമായ തെളിവുകൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഹർജിയിലെ ആരോപണങ്ങൾ
തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മതചിഹ്നങ്ങൾ ഉപയോഗിച്ചും മതവികാരം ഇളക്കിവിട്ടും വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് പ്രധാന ആരോപണം. ഇത് വലിയ ക്രമക്കേടാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. ശ്രീരാമൻ്റെയും ശ്രീകൃഷ്ണൻ്റെയും ചിത്രങ്ങൾ പ്രചാരണ ബോർഡുകളിൽ വ്യാപകമായി ഉപയോഗിച്ചു. മതത്തിൻ്റെ പേരിൽ വോട്ട് അഭ്യർഥിച്ചു, വോട്ടർമാർക്ക് പണം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തു തുടങ്ങിയ ഗൗരവതരമായ കാര്യങ്ങളും സുരേഷ് ഗോപിയുടെ വിജയം ചോദ്യം ചെയ്തുള്ള ഹർജിയിലുണ്ട്. ജനപ്രാതിനിധ്യ നിയമത്തിൻ്റെ ലംഘനമാണ് മണ്ഡലത്തിൽ നടന്നതെന്നും തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നുമാണ് ആവശ്യം. ഈ ആരോപണങ്ങളിലായിരിക്കും വിചാരണ നടക്കുക.
തൃശൂരിലെ തെരഞ്ഞെടുപ്പ്
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്ന് 74,686 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് എൻഡിഎ സ്ഥാനാർഥിയായിരുന്ന സുരേഷ് ഗോപി വിജയിച്ചത്. കേരളത്തിൽ നിന്നുള്ള ബിജെപിയുടെ ആദ്യ ലോക്സഭ അംഗമായ അദ്ദേഹം പിന്നീട് കേന്ദ്രമന്ത്രിസഭയിലും എത്തി. എൽഡിഎഫ് സ്ഥാനാർഥി വിഎസ് സുനിൽകുമാറിനെയും യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരനെയുമാണ് പരാജയപ്പെടുത്തിയത്. സംസ്ഥാനത്ത് ഏറ്റവും ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തിൽ തുടക്കം മുതൽ ബിജെപി വലിയ പ്രചാരണം നടത്തിയിരുന്നു. ഇതിനിടെയാണ് വോട്ടർമാരെ സ്വാധീനിക്കാൻ മതചിഹ്നങ്ങൾ ഉപയോഗിച്ചെന്ന ആരോപണങ്ങൾ ഉയർന്നത്.
ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകൾ പ്രകാരം മതത്തിൻ്റെയോ സമുദായത്തിൻ്റെയോ പേരിൽ വോട്ട് ചോദിക്കുന്നത് അഴിമതിയായാണ് കണക്കാക്കുന്നത്. ഇത്തരത്തിൽ തെറ്റായ രീതികൾ ഉപയോഗിച്ചുവെന്ന് കോടതിയിൽ തെളിയിക്കപ്പെട്ടാൽ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ വരും ദിവസങ്ങളിൽ ഹൈക്കോടതിയിൽ നടക്കുന്ന വാദപ്രതിവാദങ്ങളെ രാഷ്ട്രീയ കേരളം വലിയ പ്രാധാന്യത്തോടെയാണ് ഉറ്റുനോക്കുന്നത്. കേന്ദ്രമന്ത്രി കൂടിയായതിനാൽ കേസിൻ്റെ അന്തിമ വിധി ദേശീയതലത്തിലും വലിയ ശ്രദ്ധ നേടും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR