ആവേശത്തിരയുയർത്തി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം
Thiruvananthapuram , 01 ഏപ്രില് (H.S.) ''നീ പോ മോനേ.. ദിനേശാ..'' തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പച്ച മലയാളത്തിലുള്ള മോഹൻലാലിൻ്റെ സിനിമാ ഡയലോഗ്. പൊള്ളുന്ന വെയിൽ വകവയ്ക്കാതെ തടിച്ചുകൂടിയ കോൺഗ്രസ് പ്രവർത്തകർ നിർത്താതെയുള്ള കൈയ്യടിയോടെ ആവേ
Revanth Reddy


Thiruvananthapuram , 01 ഏപ്രില് (H.S.)

'നീ പോ മോനേ.. ദിനേശാ..' തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പച്ച മലയാളത്തിലുള്ള മോഹൻലാലിൻ്റെ സിനിമാ ഡയലോഗ്. പൊള്ളുന്ന വെയിൽ വകവയ്ക്കാതെ തടിച്ചുകൂടിയ കോൺഗ്രസ് പ്രവർത്തകർ നിർത്താതെയുള്ള കൈയ്യടിയോടെ ആവേശത്തിലായി.ഉടൻ വന്നു, അടുത്ത മാസ് ഡയലോഗ്. 'നീ പോ മോനേ വിജയാ.. യുവർ ടൈം ഈസ് ഓവർ...'. തീരദേശ മേഖലയിൽ ആവേശത്തിര ഉയർത്തിയാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ കോൺഗ്രസ് പ്രചാരണം നടന്നത്. നേമത്ത് യുഡിഎഫ് സ്ഥാനാർഥിയായ കെഎസ് ശബരീനാഥന് വേണ്ടിയാണ് രേവന്ത് റെഡ്ഡി പൂന്തുറയിൽ റോഡ് ഷോ നടത്തിയത്.

രാവിലെ പൂന്തുറ പുത്തൻപള്ളിക്കു മുന്നിൽ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. ബിജെപിയെയും ആർഎസ്എസിനെയും കേരളത്തിൽ പ്രവേശിപ്പിക്കാതെ ലക്ഷ്മണരേഖ വരച്ചിരിക്കുന്നത് യുഡിഎഫാണ് എന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. നിരവധി അടിസ്ഥാന സൗകര്യ വികസനങ്ങൾ മുടങ്ങിക്കിടക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം പാലിക്കുകയാണ്. എൽഡിഎഫും ബിജെപിയും തമ്മിൽ ഒത്തുകളിക്കുകയാണ്. എൽഡിഎഫിന് വോട്ട് നൽകിയാൽ അത് ബിജെപിക്കാണ് പോകുന്നത്. എൽഡിഎഫിനെയും ബിജെപിയെയും കേരള ജനത പാഠം പഠിപ്പിക്കണം. കേരള സമൂഹത്തിൻ്റെ ഭാവി കവർന്നെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത്.

കേരളത്തിൻ്റെ സമഗ്ര വികസനമാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. വിദേശത്ത് ജോലി തേടിപ്പോയ മലയാളികൾ നാട്ടിലേക്ക് തിരിച്ചുവരാനാണ് ശ്രമിക്കുന്നത്. എന്നാൽ, കേരളത്തിൽ വേണ്ടത്ര തൊഴിലവസരങ്ങളില്ല. വ്യവസായ സംരംഭങ്ങളില്ല. അതിനൊരു മാറ്റം കൊണ്ടുവരേണ്ടതുണ്ട്. അത്തരത്തിലുള്ള സമഗ്ര വികസനമാണ് യുഡിഎഫ് ആസൂത്രണം ചെയ്യുന്നത്. അതിന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേതൃത്വം നൽകും. സോണിയാ ഗാന്ധി ദത്തെടുത്ത തെലങ്കാന സമഗ്ര വികസനത്തിൻ്റെ പാതയിലാണ്. രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കേരളം ദത്തെടുത്തു.

അവർ ഇപ്പോൾ കേരളത്തിലെ കുടുംബാംഗങ്ങളാണ്. അതുകൊണ്ട് തന്നെ കേരളം രാജ്യത്തിന് ഏറെ പ്രിയപ്പെട്ട ഇടമാണെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. പ്രസംഗം അവസാനിപ്പിക്കുന്നതിന് മുൻപ് മോഹൻലാലിൻ്റെ സിനിമാ ഡയലോഗ് രേവന്ത് റെഡ്ഡി മലയാളത്തിൽ പറഞ്ഞത് പ്രവർത്തകരെ ആവേശത്തിലാക്കി. 'നീ പോ മോനേ ദിനേശാ, വിജയ..' എന്നായിരുന്നു വാക്കുകൾ. പിണറായി വിജയൻ്റെ സമയം കഴിഞ്ഞു. കാലാവധി കഴിഞ്ഞതോടെ ഇനി യുഡിഎഫിൻ്റെ സമയമാണ് വരാൻ പോകുന്നത്.

കേരളത്തിൻ്റെ വികസനം ലക്ഷ്യമാക്കി യുഡിഎഫ് കടന്നുവരുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. തുറന്ന ജീപ്പിൽ രേവന്ത് റെഡ്ഡിക്കൊപ്പം എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും യുഡിഎഫ് സ്ഥാനാർഥി കെഎസ് ശബരീനാഥനും ഉണ്ടായിരുന്നു. പൊരിവെയിൽ വകവയ്ക്കാതെ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരും റോഡ് ഷോയെ അനുഗമിച്ചു. രേവന്ത് റെഡ്ഡി 2023 ഡിസംബർ ഏഴു മുതൽ തെലങ്കാന മുഖ്യമന്ത്രിയായി തുടരുകയാണ്. നാലുതവണ നിയമസഭാംഗമായ രേവന്ത് റെഡ്ഡി തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻ്റ് കൂടിയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News