അവസരവാദികൾ ചരിത്രത്തിന്റെ ചെളിക്കുണ്ടിൽ വീഴും; ജി. സുധാകരനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
Alapuzha , 01 ഏപ്രില് (H.S.) ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അമ്പലപ്പുഴയിൽ നടന്ന പൊതുസമ്മേളനത്തിൽ ജി. സുധാകരനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പുന്നപ്രയുടെ വിപ്ലവ ചരിത്രം ഓർമ്മിപ്പിച്ച മുഖ്യമന്ത്രി, വഞ്ചക
അവസരവാദികൾ ചരിത്രത്തിന്റെ ചെളിക്കുണ്ടിൽ വീഴും; ജി. സുധാകരനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി


Alapuzha , 01 ഏപ്രില് (H.S.)

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അമ്പലപ്പുഴയിൽ നടന്ന പൊതുസമ്മേളനത്തിൽ ജി. സുധാകരനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പുന്നപ്രയുടെ വിപ്ലവ ചരിത്രം ഓർമ്മിപ്പിച്ച മുഖ്യമന്ത്രി, വഞ്ചകരെ അമ്പലപ്പുഴ ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും അവസരവാദികൾ ചരിത്രത്തിന്റെ ചെളിക്കുണ്ടിൽ വീഴുമെന്നും മുന്നറിയിപ്പ് നൽകി.

സുധാകരൻ 'സംയുക്ത സ്ഥാനാർത്ഥി'

രാവിലെ നടന്ന വാർത്താസമ്മേളനത്തിലും ജി. സുധാകരനെതിരെ മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. സുധാകരൻ ഇപ്പോൾ എൽഡിഎഫിന് എതിരായ 'സംയുക്ത സ്ഥാനാർത്ഥി'യാണെന്നും ബിജെപി വോട്ടുകൾ കൂടി ലക്ഷ്യം വെച്ചാണ് അദ്ദേഹം സ്വതന്ത്രനായി മത്സരിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. യുഡിഎഫിന്റെയും ബിജെപിയുടെയും രാഷ്ട്രീയമായ ഗതികേടാണ് ഈ നീക്കത്തിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സുധാകരനെ രാഷ്ട്രീയമായി വളർത്തിയത് പാർട്ടിയാണെന്ന് ഓർമ്മിപ്പിച്ച പിണറായി വിജയൻ, സജി ചെറിയാൻ പാർട്ടിയിൽ വളർന്നുവരുന്നതിലുള്ള വൈമുഖ്യമാണ് സുധാകരന്റെ ഇപ്പോഴത്തെ നിലപാടിന് പിന്നിലെന്നും വിമർശിച്ചു.

മാരീച വേഷങ്ങളെ സൂക്ഷിക്കുക

സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ 'മാരീച വേഷം' കെട്ടിയവർ കേക്കുമായി അരമനകളിൽ വരെ എത്തിയേക്കാമെന്നും അത്തരക്കാരെ തിരിച്ചറിയുകയും സൂക്ഷിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. വഞ്ചിച്ചവർ ആ വഴിക്ക് പോകും, ബാക്കിയുള്ളവർ പ്രസ്ഥാനത്തിനൊപ്പം തുടരും. ജനങ്ങളെ ആരും കുറച്ചുകാണരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവരുന്ന സർവേ ഫലങ്ങളിൽ പാർട്ടിക്ക് യാതൊരു ആശങ്കയുമില്ലെന്നും ജനങ്ങളാണ് അന്തിമമായി തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ സഹായ നിയന്ത്രണ നിയമ ഭേദഗതി പിൻവലിക്കണമെന്നും തിടുക്കപ്പെട്ട് ഇത്തരം നിയമങ്ങൾ നടപ്പാക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും മുഖ്യമന്ത്രി തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

---------------

Hindusthan Samachar / Roshith K


Latest News