Enter your Email Address to subscribe to our newsletters

Kochi, 01 ഏപ്രില് (H.S.)
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവിതരീതിയെയും രാഷ്ട്രീയ നിലപാടുകളെയും കടുത്ത ഭാഷയിൽ വിമർശിച്ച് ട്വന്റി-ട്വന്റി അധ്യക്ഷനും കിറ്റക്സ് ഗ്രൂപ്പ് എംഡിയുമായ സാബു എം. ജേക്കബ്. മുഖ്യമന്ത്രി പിണറായി വിജയൻ അങ്ങേയറ്റം ആഡംബരപൂർണ്ണമായ ജീവിതമാണ് നയിക്കുന്നതെന്നും അദ്ദേഹത്തിന്റെ ഭരണത്തിന് കീഴിൽ കേരളത്തിന് ഒരു രക്ഷയുമില്ലെന്ന് തനിക്ക് ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ട്വന്റിഫോർ ന്യൂസ് ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായർക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
വിദേശയാത്രകളിലെ ആഡംബരം
മുഖ്യമന്ത്രി വിദേശത്ത് പോകുമ്പോൾ ലക്ഷങ്ങൾ വിലമതിക്കുന്ന ഭക്ഷണവും താമസവുമാണ് തിരഞ്ഞെടുക്കുന്നതെന്ന് സാബു എം. ജേക്കബ് ആരോപിച്ചു. ഒരു രാത്രി മാത്രം താമസിക്കാൻ 3 മുതൽ 4 ലക്ഷം രൂപ വരെ വാടകയുള്ള മുറികളാണ് അദ്ദേഹം എടുക്കാറുള്ളത്. ഒരിക്കൽ പാരീസിൽ അദ്ദേഹം ബുക്ക് ചെയ്ത മുറിയുടെ വില 7 ലക്ഷം രൂപയായിരുന്നു. അതേ ഹോട്ടലിൽ തന്നെ താമസിച്ചിരുന്ന എനിക്ക് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കി. ഇക്കാര്യം തുറന്നു പറഞ്ഞതോടെ അദ്ദേഹം ആ ഹോട്ടലിൽ നിന്ന് മാറുകയായിരുന്നു, സാബു എം. ജേക്കബ് വെളിപ്പെടുത്തി. ഈ വിമർശനം മുഖ്യമന്ത്രിക്ക് തന്നോട് നീരസമുണ്ടാകാൻ കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതീക്ഷകൾ തകർന്നു
പിണറായി വിജയൻ ആദ്യമായി മുഖ്യമന്ത്രിയായപ്പോൾ വലിയ പ്രതീക്ഷകളാണ് ഉണ്ടായിരുന്നതെന്ന് സാബു എം. ജേക്കബ് പറഞ്ഞു. കേരളത്തിന്റെ വികസനത്തിനായി തന്റെ മനസ്സിലുള്ള ആശയങ്ങൾ മുഖ്യമന്ത്രിയിലൂടെ നടപ്പിലാക്കാൻ കഴിയുമെന്ന് വിശ്വസിച്ചിരുന്നു. എന്നാൽ അദ്ദേഹത്തോട് കൂടുതൽ അടുത്തപ്പോൾ പ്രവർത്തനങ്ങളിൽ വലിയ ദുരൂഹത തോന്നിയെന്നും തന്റെ വീട്ടിൽ വന്ന് സംസാരിച്ച വ്യക്തിയല്ല യഥാർത്ഥ പിണറായി എന്ന് ബോധ്യമായെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും പിണറായി വിജയനിലൂടെ കേരളം രക്ഷപ്പെടില്ലെന്ന് പൂർണ്ണമായി മനസ്സിലാക്കിയപ്പോഴാണ് താൻ അദ്ദേഹത്തിൽ നിന്ന് അകന്നതെന്നും സാബു വ്യക്തമാക്കി.
എൻഡിഎ പ്രവേശനവും വികസന മാതൃകയും
ട്വന്റി-ട്വന്റി എൻഡിഎ മുന്നണിയുടെ ഭാഗമായതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ബിജെപി മറ്റ് സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയ വികസന മാതൃകകളും ട്വന്റി-ട്വന്റിയുടെ ജനക്ഷേമ പദ്ധതികളും ഒത്തുചേർന്നാൽ കേരളത്തിൽ വലിയ മാറ്റം കൊണ്ടുവരാൻ കഴിയുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. എൽഡിഎഫിനെയോ യുഡിഎഫിനെയോ വെറുതെ എതിർക്കുക എന്നതല്ല തന്റെ ലക്ഷ്യമെന്നും കേരളത്തെ രക്ഷിക്കുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി വർഗ്ഗീയത ഇളക്കുന്നുവെന്ന ആരോപണം തള്ളിക്കളഞ്ഞ അദ്ദേഹം, ബിജെപിക്ക് അത്തരമൊരു തൊട്ടു കൂടായ്മ ഉണ്ടെങ്കിൽ ഒരു ക്രിസ്ത്യാനിയായ തന്നെ എങ്ങനെ കൂടെ നിർത്തുമെന്ന് ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു മാതൃകാ നേതാവാണെന്നും നീതി വിട്ടുള്ള പെരുമാറ്റം അദ്ദേഹത്തിൽ നിന്ന് ഉണ്ടാകില്ലെന്നും സാബു എം. ജേക്കബ് പുകഴ്ത്തി.
മന്ത്രിസ്ഥാനം ലക്ഷ്യമല്ല
താൻ ഒരിക്കലും സ്ഥാനമാനങ്ങൾ ആഗ്രഹിച്ചിട്ടില്ലെന്നും മന്ത്രിയാകാൻ താൽപ്പര്യമുണ്ടായിരുന്നെങ്കിൽ പണ്ടേ അതിനുള്ള അവസരം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎയിൽ കേരളത്തിൽ ഏത് സീറ്റ് വേണമെങ്കിലും നൽകാമെന്ന് വാഗ്ദാനം ഉണ്ടായിരുന്നു. എന്നാൽ ഒരു മന്ത്രിയാകുന്നതിനേക്കാൾ ശക്തനായി സാധാരണക്കാരനായി നിന്ന് പ്രവർത്തിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വ്യവസായവും പൊതുപ്രവർത്തനവും ഒരുപോലെ കൊണ്ടുപോകാൻ തനിക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
---------------
Hindusthan Samachar / Roshith K