മൂന്ന് മുന്നണികള് മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖര്
Thiruvananthapuram, 10 ഏപ്രില്‍ (H.S.) തിരുവനന്തപുരം: കേരളത്തില്‍ മൂന്ന് മുന്നണികള്‍ മത്സരിക്കുന്ന അവസാനത്തെ തെരഞ്ഞെടുപ്പാണ് പൂർത്തിയായതെന്നും ഇനി കേരളത്തിൽ രണ്ട് രാഷ്ട്രീയ സഖ്യങ്ങൾ മാത്രമേ ഉണ്ടാവൂ എന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ്‌ ചന്ദ്
Rajeev Chandrasekhar


Thiruvananthapuram, 10 ഏപ്രില്‍ (H.S.)

തിരുവനന്തപുരം: കേരളത്തില്‍ മൂന്ന് മുന്നണികള്‍ മത്സരിക്കുന്ന അവസാനത്തെ തെരഞ്ഞെടുപ്പാണ് പൂർത്തിയായതെന്നും ഇനി കേരളത്തിൽ രണ്ട് രാഷ്ട്രീയ സഖ്യങ്ങൾ മാത്രമേ ഉണ്ടാവൂ എന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ്‌ ചന്ദ്രശേഖർ. കേരള രാഷ്ട്രീയത്തിൽ ഒരുവശത്ത് സിപിഎം-കോണ്‍ഗ്രസ് സഖ്യവും മറുവശത്ത് എന്‍ഡിഎയുമായിരിക്കും ഇനി ഉണ്ടാവുക. ഇതൊരു ബൈ പോളര്‍ പൊളിറ്റിക്‌സ് ആയിട്ട് മാറും. അതിന്റെ ഒരു ധ്രുവം ബിജെപി- എന്‍ഡിഎ ആകുമെന്നതില്‍ ഒരു സംശയവുമില്ല. 27 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ഇപ്പോഴുള്ള കോണ്‍ഗ്രസ്- സിപിഎം ഇന്‍ഡി മുന്നണി 2031ലെ തെരഞ്ഞെടുപ്പില്‍ കേരളത്തിലും വരും. കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ഒരു വ്യത്യാസവുമില്ല. അവരുടെ രാഷ്ട്രീയം, അവരുടെ ഐഡിയോളജി, അവരുടെ ട്രാക്ക് റെക്കോര്‍ഡ് തുടങ്ങിയവ നോക്കിയാല്‍ ഒരു വ്യത്യാസവുമില്ല. ഇതിൽ നിന്നും ഒരു വലിയ മാറ്റം വരും.

നമ്മുടെയും നമ്മുടെ കുട്ടികളുടെയും ഭാവി തീരുമാനിക്കേണ്ട ഒരു തെരഞ്ഞെടുപ്പാണിത് എന്ന രീതിയില്‍ ഈ തെരഞ്ഞെടുപ്പിനെ ജനങ്ങള്‍ ഏറ്റെടുത്തുവെന്നും അതാണ് വോട്ടിങ് ശതമാനം കൂടാന്‍ പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഭരണം ആര് നിയന്ത്രിക്കണം എന്ന് തീരുമാനിക്കുന്ന ശക്തിയായിട്ട് ബിജെപി മാറുമോ എന്നത് ജനങ്ങള്‍ തീരുമാനിക്കും. ഞങ്ങള്‍ അങ്ങനെ അഹങ്കാരത്തോടെ പൂട്ടും താക്കോലും എടുത്ത് നടക്കുന്ന പാര്‍ട്ടിയോ മുന്നണിയോ ഒന്നുമല്ല. പക്ഷെ ഇത്തവണ ഒരു മാറ്റം വരും എന്നുറപ്പാണ്.

നേമത്ത് മുഴുവൻ ബിജെപി പ്രവർത്തകരും നന്നായി അധ്വാനിച്ചിട്ടുണ്ട്. ജനങ്ങളുടെ മുമ്പില്‍ ആത്മാര്‍ത്ഥമായി ഞങ്ങളുടെ കാഴ്ചപ്പാട് അറിയിച്ചിട്ടുണ്ട്. ഒരു അവസരം തന്നാല്‍ ഞങ്ങള്‍ എന്ത് ചെയ്യും എന്ന് പറഞ്ഞിട്ടുണ്ട്. ഇനിയിപ്പോ ഉറപ്പിക്കേണ്ടത് ജനങ്ങളാണ്, വോട്ടര്‍മാരാണ്. നല്ല പ്രതീക്ഷ തന്നെയാണുള്ളതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

പോളിംഗ് ശതമാനം കൂടിയത് സര്‍ക്കാരിനെതിരെയുള്ള ജന വികാരത്തിന്റെ ലക്ഷണം :

നിരവധി മണ്ഡലങ്ങലില്‍ ബിജെപി വിജയിക്കും: അഡ്വ.എസ്.സുരേഷ്

തിരുവനന്തപുരം: നേമം ഉള്‍പ്പടെ കേരളത്തിലെ നിരവധി മണ്ഡലങ്ങളില്‍ ബിജെപി വിജയിക്കുമെന്നും അത് രണ്ടക്ക സംഖ്യയ്ക്ക് മുകളിലെത്തുമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്.സുരേഷ്. നാലഞ്ച് ദിവസത്തിനകം വിശദമായ വിലയിരുത്തലുകളുണ്ടാവുമെന്നും അതിന് ശേഷം എതൊക്ക മണ്ഡലത്തില്‍ വിജയിക്കാന്‍ സാധിക്കുമെന്ന് പറയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കേരള സര്‍ക്കാരിനെ താഴെയിറക്കാനുള്ള ജനവികാരത്തിന്റെ പ്രതിഫലനമാണ് പോളിംഗ് ശതമാനം വര്‍ദ്ധിച്ചതിന് ഒരുകാരണം.ഇടത് പക്ഷവും വലത് പക്ഷവും എസ്‌ഐആറിനെതിരെ നടത്തിയ ആക്രമണത്തിനുള്ള മറുപടിയും കൂടിയാണ് പോളിംഗ് ശതമാനം വര്‍ദ്ധിച്ചതിലൂടെ കാണിക്കുന്നത്. ഇത് രണ്ടും ഒരര്‍ത്ഥത്തില്‍ ബിജെപി മുന്നോട്ട് വച്ച രാഷ്ട്രീയത്തിന് അനുകൂലമാണ്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ഇടതും വലതുമല്ലാത്ത മറ്റൊരു മുന്നണി കേരള രാഷ്ട്രീയത്തിന്റെ അജണ്ട നിശ്ചയിക്കുന്ന തെരഞ്ഞടുപ്പായി ഈ നിയമസഭാ തെരഞ്ഞെടുപ്പ് മാറിയത്. രാജീവ് ചന്ദ്രശേഖര്‍ മുന്നോട്ട് വച്ച വികസിത കേരളമെന്ന അജണ്ടയുടെ പുറകേ ആയിരുന്നു ഇടതും വലതും. 70 വര്‍ഷം കേരളം ഭരിച്ചവര്‍ക്ക് വികസനത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്ന ബിജെപിയുടെ ആഖ്യാനം ജനങ്ങള്‍ക്ക് മനസ്സിലായി. കഴിഞ്ഞ ഒരു വര്‍ഷമായി ബിജെപി ഉയര്‍ത്തിയ വികസിത കേരളമെന്നത് വെറുമൊരു മുദ്രാവാക്യമല്ലെന്നും കഴിഞ്ഞ 12 വര്‍ഷമായി നരേന്ദ്രമോദി നടപ്പാക്കിവരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണെന്നുമുള്ള തിരിച്ചറിവ് കേരളത്തില്‍ ബിജെപിക്കനുകൂലമായ വലിയൊരു അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്.

ദശാബ്ദങ്ങളായി ബിജെപിയുടെ അടിസ്ഥാന തലത്തിലുള്ള പ്രവര്‍ത്തകുടെ കഠിനാദ്ധ്വാനവും കഴിഞ്ഞ ഒരു വര്‍ഷമായി ഹാര്‍ഡ്‌വര്‍ക്കിനൊപ്പം നടത്തുന്ന സ്മാര്‍ട്ട് വര്‍ക്കും ബിജെപിക്ക് ഈ തെരഞ്ഞെടുപ്പില്‍ ശക്തമായി പ്രവര്‍ത്തനം കാഴ്ച വയ്ക്കാന്‍ സാധിച്ചു.

കേരളത്തില്‍ കഴിഞ്ഞ 70 വര്‍ഷമായി കണ്ട ഇടത് വലത് മുന്നണികള്‍ ഇല്ലാതാകും. ബിജപി കേന്ദ്രീകൃതമായ എന്‍ഡിഎ മുന്നണിയും മറ്റൊരു മുന്നണിയും മാത്രമുള്ള പുതിയ കേരളമായിരിക്കും ഇനിയുണ്ടാവുക. കേരളത്തില്‍ ബിജെപിയുടെ എംഎല്‍എമാരും, നിലപാടും, മാനിഫെസ്‌റ്റോയും കേരളഭരണത്തെ സ്വാധീനിക്കുന്ന ഒരു നിയമസഭയായിരിക്കും കേരളത്തിലുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.

എഫ്‌സിആര്‍എ അടിസ്ഥാനപരമായി ഏതെങ്കിലും ഒരു മതവുമായി ബന്ധപ്പെട്ട നിയമമല്ല. കേരളത്തിലെ സാമ്പത്തിക മേഖലയെ ശാക്തീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ടി നടത്തുന്ന വര്‍ഷങ്ങളായുള്ള പരിശ്രമത്തിന്റെ തുടര്‍ച്ചയാണ്. എഫ്‌സിആര്‍എ ദുരുപയോഗം ചെയ്യുന്നവര്‍ക്കാണ് അത് അപകടകരമായി മാറുന്നത്. ഇക്കാര്യങ്ങള്‍ ക്രിസ്ത്യന്‍ സമൂഹത്തെയും മതമേലധ്യക്ഷന്‍മാരെയും ബോധ്യപ്പെടുത്താന്‍ സാധിച്ചു. വിശദമായ ചര്‍ച്ചകള്‍ക്കു വേണ്ടി ബില്‍ മാറ്റി വച്ചിരിക്കുകയാണെന്നും അഡ്വ എസ്.സുരേഷ് പറഞ്ഞു.

Hindusthan Samachar / Sreejith S


Latest News