Enter your Email Address to subscribe to our newsletters

Alappuzha , 10 ഏപ്രില് (H.S.)
കമ്മ്യൂണിസ്റ്റ് പാർട്ടിയെ കടന്നാക്രമിക്കുന്നത് തുടർന്നാല് ജി. സുധാകരന്റെ കാര്യങ്ങള് ഓരോന്നായി വെളിപ്പെടുത്തുമെന്ന ശക്തമായ താക്കീതുമായി മന്ത്രി സജി ചെറിയാൻ.
കോണ്ഗ്രസിലെ കരിമ്പിൻ ചണ്ടിയാണ് സുധാകരൻ. ഉപയോഗിച്ച് കഴിഞ്ഞ് കോണ്ഗ്രസുകാർ വലിച്ചെറിയും. സുധാകരൻ ചരിത്രത്തിന്റെ ചവിറ്റുകുട്ടയിലേക്ക് കൂപ്പുകുത്തുമെന്നും സജി ചെറിയാൻ പറഞ്ഞു.
സുധാകരനെ ചുമക്കുന്ന കെ.സി. വേണുഗോപാല് ആലപ്പുഴ കടലില് ചാടി ചാകുമെന്നും അദ്ദേഹം പറഞ്ഞു.'ആറു മാസം കൊണ്ട് കെ.സി. വേണുഗോപാല് ഇത് മനസിലാക്കും. ഇല്ലെങ്കില് എന്റെ പേര് മാറ്റിക്കോ. ഞങ്ങളിതൊക്കെ അനുഭവിച്ചവരാണ്. സുധാകരനെ ആറ് മാസത്തിനകം തള്ളി പറയേണ്ടിവരും. ആലപ്പുഴ കടപ്പുറത്ത് പൊളിക്കാത്ത പാലത്തില് കൂടി നടന്നു പോയി ചാടും. സുധാകരൻ ജയിച്ചാലും തോറ്റാലും വേണുഗോപാല് ചെയ്തതിനുള്ളതൊക്കെ അനുഭവിക്കും'- സജി ചെറിയാൻ പറഞ്ഞു.
കൃഷ്ണപിള്ള സ്മാരകം തകർത്തതില് തനിക്കെതിതെ സുധാകരൻ നടത്തിയ ആരോപണത്തിലും സജി ചെറിയാൻ പ്രതികരിച്ചു. 'തകർക്കാൻ പോയിട്ടുണ്ടെങ്കില് ഞങ്ങള് ഒരുമിച്ചേ പോകൂ. ഞാൻ സുധാകരന്റെയും സുധാകരന് എന്റെയും നിഴലായി നിന്ന കാലമാണത്. ഞാൻ പോയിട്ടുണ്ടെങ്കില് സുധാകരനും കാണും. മര്യാദകെട്ട വർത്തമാനമാണത്. ഞാനും തിരിച്ച് ആരോപണം ഉന്നയിച്ചാലോ, ജി. സുധാകരനാണ് സ്മാരകം കത്തിക്കാൻ പോയതെന്ന്? സുധാകരൻ ഞങ്ങളെ വിട്ടേക്ക്. പാർട്ടിയെ ആക്ഷേപിക്കാൻ വരരുത്. കെ.സി. വേണുഗോപാലിനും ചെന്നിത്തലക്കും വി.ഡി. സതീശനും ഇല്ലാത്ത ആവേശമാണ് സുധാകരന്'- സജി ചെറിയാൻ ആരോപിച്ചു.
സുധാകരൻ വ്യക്തിപരമായ അക്രമത്തിന്റെ പാരമ്യത്തില് എത്തി. പ്രസ്ഥാനം വിട്ടുപോയ പ്രമുഖരുടെയൊക്കെ ഉള്ളില് കമ്മ്യുണിസം ഉണ്ടായിരുന്നു. എന്നാല് ജി. സുധാകരൻ കമ്മ്യൂണിസ്റ്റ് വിരുദ്ധനാണ്. പാർട്ടിയെ തെരഞ്ഞെടുപ്പ് കാലത്ത് ചതിച്ചയാളാണ്. ഒന്നര വർഷം മുമ്പ് കെ.സി. വേണുഗോപാലുമായി കരാർ ഉണ്ടാക്കി. സീറ്റ് ഇല്ലെന്ന് അറിഞ്ഞപ്പോള് 24 മണിക്കൂർ കൊണ്ട് വലതു പക്ഷമാവുകയും ചെയ്തെന്ന് സജി ചെറിയാൻ പറഞ്ഞു. 'ഞാൻ മാഫിയ ആണെന്ന് സുധാകരൻ പറയുന്നു. എന്നാല് കേരളത്തില് ഒരാളും എന്നെ കുറിച്ച് അങ്ങനെ പറയില്ല. അഞ്ച് രൂപ കിട്ടിയാല് സുധാകരൻ അത് പോക്കറ്റില് ഇട്ടുകൊണ്ട് പോകും. എന്നാല് സജി ചെറിയാൻ അങ്ങനെയല്ല. ജി. സുധാകരൻ ഇപ്പോഴും എംഎല്എ പെൻഷൻ വാങ്ങുന്നുണ്ട്. അത് പാർട്ടിയില് നിന്ന് നേടിയെടുത്ത അനുകൂല്യമല്ലേ'- സജി ചെറിയാൻ ചോദിച്ചു.
രണ്ട് സിപിഎം എംഎല്എമാർ കോടീശ്വരൻമാർ ആണെന്ന് പറയുന്ന സുധാകരന്റെ ആസ്തിയുടെ 25ല് ഒന്ന് ഒരു എംഎല്എയ്ക്കുമില്ല. ലോണ് എടുത്താണ് എച്ച്. സലാം വീട് പണിതത്. ഒരുപാട് സംസാരിക്കാൻ വന്നാല് തിരിച്ചും പറയാൻ കുറെയുണ്ട്. ജില്ലാ സെക്രട്ടറിയുടെ പോലും ജാതി പറഞ്ഞാണ് സുധാകരൻ സംസാരിക്കുന്നത്. നാസർ ഈഴവൻ ആണെന്ന് പറയുന്നു. ഈഴവന് സീറ്റ് കൊടുത്തില്ല എന്ന ചർച്ച ഉയർത്താൻ ആണ് ഈ നാറിയ വർത്തമാനം പറഞ്ഞത്. സുധാകരൻ അനുഭവിക്കും. പ്രപഞ്ചത്തില് സത്യമുണ്ട്. ചെയ്തതിനും പറഞ്ഞതിനുമൊക്കെ അനുഭവിക്കും.ഒരിക്കലും ചെയ്യരുതാത്ത വഞ്ചനയും ചതിയും കാട്ടി. അതിനെല്ലാം അനുഭവിക്കാതെ ഈ ലോകത്തുനിന്ന് പോകില്ല. ഈ മനുഷ്യനെ സ്വന്തം കുടുംബാംഗങ്ങള് വിശ്വസിക്കുമോ എന്നും സജി ചെറിയാൻ ചോദിച്ചു.
കടുക് മണി സ്നേഹം പോലും പാർട്ടിയോടില്ല. സുജാതയെ അപമാനിച്ചതിനാല് സുധാകരന്റെ 5000 വോട്ട് പോകും. ഏറ്റവും വലിയ ഭൂരിപക്ഷം അമ്പലപ്പുഴയിലാവും പാർട്ടിക്ക് ഉണ്ടാവുക. യുഡിഎഫിന് നേതൃത്വമില്ല. യുഡിഎഫിലെ തമ്മിലടി തെരഞ്ഞെടുപ്പില് ദോഷം ചെയ്തു. മുസ്ലിം ലീഗ് വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്നു. ഇത് ജനങ്ങള് ഭയപ്പെടുന്നു. ബിജെപിയും വർഗീയ ചേരിതിരിവിന് ശ്രമിക്കുന്നുണ്ട്. എന്നാല് പിണറായി വിജയന്റെ നേതൃമികവ് ജനങ്ങള് അംഗീകരിച്ചു. പിണറായിക്ക് ബദലായി മറുഭാഗത്ത് ആരുമില്ല. ആലപ്പുഴയില് എല്ഡിഎഫ് മികച്ച വിജയം നേടും. എട്ട് മണ്ഡലങ്ങളും നിലനിർത്തും. ഹരിപ്പാട് ശക്തമായ മത്സരം കാഴ്ച വെച്ചു. ഹരിപ്പാട് അട്ടിമറി വിജയം പ്രതീക്ഷിക്കുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR